ഞാന്‍ റൈറ്റിങ് ആക്ടിവിസത്തില്‍ വിശ്വസിക്കുന്നില്ല..

പുതിയ നോവലായ ഇദ്രിസിന് എങ്ങനെയുള്ള പ്രതികരണമാണ് ലഭിക്കുന്നത്? ഇദ്രിസ് നോവല്‍ത്രയത്തിന്‍്റെ ആദ്യഭാഗം മാത്രമാണ് എന്ന് പറഞ്ഞിരുന്നവല്ലോ. മറ്റു രണ്ട് ഭാഗങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമോ?

മൂന്ന് ഭാഗങ്ങളുള്ള നോവലിന്‍്റെ ആദ്യഭാഗം മാത്രമാണ് ഇദ്രിസ്. മറ്റു ഭാഗങ്ങള്‍ എന്നാണ് പ്രസിദ്ധീകരിക്കുക എന്നു ചോദിച്ച പലരും എന്നെ വിളിക്കാറുണ്ട്. കാത്തിരിക്കാന്‍ വയ്യ എന്നൊക്കെ പറഞ്ഞാണ് പലരും വിളിക്കുന്നത്. അത് ഒരു നേട്ടമായി ഞാന്‍ വിലയിരുത്തുന്നു. കണ്ടവര്‍ എന്ന കുട്ടിയുടെജീവിതമാണ് അടുത്ത രണ്ടുഭാഗങ്ങളില്‍ വരിക. ഈ കുട്ടി എന്തുകൊണ്ടാണ് ഒരു പ്രത്യേക തരത്തില്‍പെട്ട മനുഷ്യനായിത്തീര്‍ന്നു എന്ന് വിശദീകരിക്കുന്നതാണ് ആദ്യഭാഗം. അടുത്ത ഭാഗത്തില്‍ 22 വയസുവരെയുള്ള കുട്ടിയുടെ ജീവിതമായിരിക്കും ഉണ്ടായിരിക്കുക.

മാമാങ്കവും  നിളയും ഇദ്രിസിന് പ്രേരണയായതെങ്ങനെയാണ്?

മാമാങ്കത്തെക്കുറിച്ച് ആദ്യം എനിക്കൊന്നും അറിയുമായിരുന്നില്ല. കൂടുതലറിഞ്ഞപ്പോള്‍ ചാവേര്‍പ്പടയെക്കുറിച്ചാണ് കൗതുകം തോന്നിയത്. പണ്ടുണ്ടായിരുന്ന ഒരു കുടപ്പകയുടെ പേരില്‍ 12 വര്‍ഷം കൂടുമ്പോള്‍ സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കുക എന്നു പറയുന്നതിന് ഒരു ലോജിക് ഇല്ല. എന്തുകൊണ്ടാണിത് എന്നു ഞാന്‍ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ഭീകരവാദ ആക്രമണങ്ങള്‍ കൂടുന്ന കാലത്ത് ഇതിനൊരു സമകാലിക പ്രാധാന്യം ഉണ്ട്.  ജിഹാദി ആയാലും ചാവേര്‍പ്പട ആയാലും അടിസ്ഥാന പരമായി ഇവരുടെ ചിന്തകള്‍ എന്താണെന്ന് അറിയാന്‍ താല്‍പര്യം തോന്നിയിട്ടുണ്ട്. ആത്മഹത്യ ബോംബ് സ്ക്വാഡകള്‍ക്കറിയാം. തങ്ങള്‍ മരിക്കാന്‍ പോകുകയാണെന്ന്. ലക്ഷ്യം വിജയത്തിലത്തെിയാലും അവരൊടുങ്ങുമെന്നും അവര്‍ക്കറിയാം. എന്നിട്ടും അത് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്ത് എന്നായിരുന്നു എന്‍െറ അന്വേഷണം. അതുകൊണ്ടാണ് ഇത് മൂന്ന് പുസ്തകങ്ങളായി മാറിയത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്, അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അയാളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്? ഇതെല്ലാം നോവലില്‍ വരുന്നുണ്ട്.

ചെറുകഥകള്‍, നോവലുകള്‍, ബാലസാഹിത്യം, തിരക്കഥാരചന, നാടകം, കവിത, മിത്തോളജി, യാത്രാവിവരണം, ലേഖനങ്ങള്‍... അങ്ങനെ സാഹിത്യരംഗത്ത് താങ്കള്‍ കൈവെക്കാത്ത മേഖലകളില്ല. എളുപ്പം വഴങ്ങുന്നത് ഏതാണ്?

ഞാന്‍ ഓരോന്ന് ഓരോ സമയത്താണ് എഴുതുന്നത്. ഇന്ന് ലേഖനമെഴുതണം, നാളെ കവിതയെഴുതണം എന്നൊന്നും വിചാരിക്കാറില്ല. എഴുതാനുള്ള പ്രചോദനം ഉണ്ടാവുമ്പോള്‍ മാത്രമാണ് ഓരോന്നും  എഴുതുന്നത്. ഇതിലെ ഏതു മേഖലയും എനിക്ക് എളുപ്പം വഴങ്ങുന്നതാണ്. പക്ഷേ, എനിക്കേറ്റവും ഇഷ്ടം നോവലെഴുതാനാണ്. കാരണം, നോവലിന്‍െറ കാന്‍വാസ് വളരെ വലുതാണ്. ഓരോ കഥാപാത്രങ്ങളെയും വികസിപ്പിക്കാനും അവരുടെ ജീവിതവും പ്രയാണവും വിശദീകരിക്കാനുമുള്ള സമയം നോവലില്‍ കിട്ടും.

 ‘മിസ്ട്രസ്’ എന്ന നോവലിന്‍െറ പശ്ചാത്തലം പൂര്‍ണമായും കഥകളിയാണല്ലോ. കലാമണ്ഡലത്തില്‍ കഥകളി കോഴ്സിന് ചേര്‍ന്നപ്പോള്‍  ‘മിസ്ട്രസ്’ മനസ്സിലുണ്ടായിരുന്നോ?

കഥകളിയെക്കുറിച്ച് എഴുതണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഇതെന്താണെന്ന് മനസ്സിലാക്കാന്‍ വേണ്ടിത്തന്നെ കലാമണ്ഡലത്തില്‍ ഷോര്‍ട്-ടേം വിദ്യാര്‍ഥിനിയായി ഞാന്‍ ചേര്‍ന്നു. കെ. ഗോപാലകൃഷ്ണന്‍ എന്ന വളരെ നല്ല ഒരു ആശാനെയാണ് എനിക്ക് കിട്ടിയത്. വളരെ നല്ല കലാകാരനായിട്ടും അദ്ദേഹത്തിന് ലഭിക്കേണ്ട സ്വീകാര്യതയും അംഗീകാരവും ലഭിക്കാത്തതുകൊണ്ടുതന്നെ അദ്ദേഹം നല്ല മദ്യപനായി മാറിയിട്ടുണ്ടായിരുന്നു. അതൊഴിച്ചാല്‍ ശരിക്കും ഒന്നാന്തരം ഗുരുവായിരുന്നു അദ്ദേഹം. മൂന്നു മാസംകൊണ്ട് അദ്ദേഹം കഥകളിയെക്കുറിച്ചു തന്ന ആമുഖം. തീര്‍ച്ചയായും എനിക്കെഴുതാന്‍ അതു മതിയായിരുന്നു, പ്രശസ്തനായ ഒരു കഥകളിനടനെ കിട്ടുന്നതിനെക്കാള്‍ ഭാഗ്യവതിയായിരുന്നു ഞാന്‍. ആ സമയത്ത് ഞാന്‍ ശരിക്കും ഒരു വിദ്യാര്‍ഥിനിയായി മാറി.

ഞാന്‍ രാവിലെ ലഞ്ച്ബോക്സായിട്ടാണു പോവുക. രാവിലെ ക്ളാസ് തുടങ്ങിയാല്‍ 12 മണിക്ക് അവസാനിക്കും. പിന്നെ കുട്ടികളുടെ കുളിയൊക്കെ കഴിഞ്ഞ് മൂന്നു മണിക്ക് തിയറി ക്ളാസിന് വീണ്ടും തിരിച്ചുവരും. എനിക്കാണെങ്കില്‍ 12 മുതല്‍ മൂന്നു വരെ ഒന്നുമില്ല ചെയ്യാന്‍. ഞാന്‍ ഏതെങ്കിലും  കളരിയില്‍ ഒരു പത്രം വിരിച്ച് കിടക്കും. ആ സമയത്ത് ഞാന്‍ എന്നോടുതന്നെ ചോദിക്കാറുണ്ട്, എന്തിനാണ് ഞാന്‍ ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന്. ഏകദേശം 2001 മുതല്‍ 2005വരെ ഞാന്‍ ‘മിസ്ട്രസി’നു പിന്നാലത്തെന്നെയായിരുന്നു. കഥകളിപഠനം, വായന, റിസര്‍ച് എല്ലാമായി.

‘ലേഡീസ് കൂപെ’യില്‍ പുരുഷാധിപത്യസമൂഹത്തില്‍ സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെല്ലാം വരച്ചിടുന്നുണ്ട്. ആറു ശക്തരായ സ്ത്രീകഥാപാത്രങ്ങളാണതില്‍. പക്ഷേ, പിന്നീടുവന്ന ‘മിസ്ട്രസി’ലെ രാധ, ‘ലെസന്‍സ് ഇന്‍ ഫൊര്‍ഗറ്റിങ്ങി’ലെ മീര എന്നിവരെല്ലാം സ്വന്തം ജീവിതത്തോട് കോംപ്രമൈസ് ചെയ്യുന്നവരാണ്.

‘ലേഡീസ് കൂപെ’യില്‍ ഓരോ കഥാപാത്രത്തിന്‍െറയും സംഭാഷണത്തിലൂടെയാണ് അവരുടെ ജീവിതം വരച്ചുകാണിക്കപ്പെടുന്നത്. തീര്‍ച്ചയായും അതൊരു വിമന്‍ ഓറിയന്‍റഡ് പുസ്തകമാണ്. വളരെ ശക്തമായി ഫെമിനിസ്റ്റ് ആശയങ്ങള്‍ പങ്കുവെക്കപ്പെടുന്ന ഒരു പുസ്തകം. ഒരു ഫെമിനിസ്റ്റ് നോവല്‍ എഴുതാന്‍വേണ്ടി എഴുതിയതൊന്നുമല്ല. പക്ഷേ, ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ടായിരുന്നു.
നമ്മുടെ റെയില്‍വേസ്റ്റേഷനുകളില്‍ പണ്ടൊരു ക്യൂ ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും വികലാംഗര്‍ക്കുമായി ഒരു പ്രത്യേക ക്യൂ. ഇപ്പോഴതില്ല. അതുകാണുമ്പോഴൊക്കെയും എനിക്ക് ദേഷ്യവും സങ്കടവും വരും. വൃദ്ധര്‍ക്കും വികലാംഗര്‍ക്കും ആരോഗ്യസ്ഥിതി അനുവദിക്കാത്തതുകൊണ്ട് അധികസമയം വരിയില്‍ നില്‍ക്കാന്‍ കഴിയില്ല. സ്ത്രീകളെ അതില്‍ ഉള്‍പ്പെടുത്തുന്നതെന്താണ്? സ്ത്രീകള്‍ക്ക് പ്രത്യേകമായി ഒരു വരി വേണമെങ്കില്‍ അതവര്‍ക്കുമാത്രമായി കൊടുക്കണം, എന്തിനാണ് വികലാംഗരുടെയും വൃദ്ധരുടെയും കൂടെ കൊടുക്കുന്നത്? എന്നിട്ട് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്താണ്? സ്ത്രീകളുടെകൂടെ വന്ന അച്ഛനായാലും മകനായാലും ഭര്‍ത്താവായാലും സ്ത്രീകളെ ഈ വരിയില്‍ നിര്‍ത്തിക്കും. അവിടെയും ഇതിന്‍െറ ആനുകൂല്യം പറ്റുന്നത് പുരുഷന്മാരാണ്.

ഇന്ത്യയിലെ സ്ത്രീകള്‍ എത്രമാത്രം മനോധൈര്യമുള്ളവരാണ് എന്ന് പറയുകയായിരുന്നു എന്‍െറ ലക്ഷ്യം. ആറു സ്ത്രീകഥാപാത്രങ്ങളുമായി വരുമ്പോള്‍ ഇതൊരു ഫെമിനിസ്റ്റ് നോവലാണെന്നു കരുതുന്നതിനുള്ള ന്യായങ്ങളുണ്ട്. ‘ലെസന്‍സ് ഇന്‍ ഫൊര്‍ഗറ്റിങ്ങി’ലും ‘മിസ്ട്രസി’ലും രാധ, മീര, സാദിയ, എയ്ഞ്ചല എന്ന മദാമ്മ എന്നിവരെല്ലാം ഇതേ രീതിയിലുള്ള ചോദ്യങ്ങള്‍തന്നെയാണ് ചോദിക്കുന്നത്. ഈ നോവലുകളില്‍ കുറെ കഥാപാത്രങ്ങളും കുറെ സംഭവങ്ങളുംകൂടി ഉള്‍പ്പെടുന്നതിനാല്‍ മറ്റു പ്രശ്നങ്ങള്‍ നേര്‍ത്തതായി തോന്നാം.

ഞാനൊരു ഫെമിനിസ്റ്റല്ല എന്ന് അനിതാനായര്‍ പലേടത്തും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, എഴുത്തുകാരികള്‍ ഫെമിനിസ്റ്റുകളോ ആക്ടിവിസ്റ്റുകളോ ആകേണ്ട കാര്യമില്ളെന്നും താങ്കള്‍ പറയാറുണ്ട്?

അതെ. ഞാന്‍ എല്ലായ്പോഴും പറയാറുണ്ട്. I dont believe in accepted theories of feminism. സ്ത്രീകള്‍ ആണുങ്ങളുടെപോലെയാകണം എന്ന് പറയുന്നതെന്തിനാണ്? സ്ത്രീകള്‍ സ്ത്രീകളായിത്തന്നെയാണ് നില്‍ക്കേണ്ടത്. ശക്തരായ സ്ത്രീകള്‍. സമത്വത്തിനുവേണ്ടി നമ്മള്‍ സമരം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. സമൂഹമെന്തു പറയും, മറ്റുള്ളവരെന്തു പറയും എന്ന് കരുതിയാണ് പല സ്ത്രീകളും പല തീരുമാനങ്ങളും മാറ്റിവെക്കുന്നത്. പെണ്‍മയെ നാം ആഘോഷിക്കുകയും ആസ്വദിക്കുകയുമാണ് വേണ്ടത്. ഫെമിനിസ്റ്റുകള്‍ അവരുടെ ജീവിതത്തെ ചില കള്ളികളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നു. അതാണ് എനിക്ക് താല്‍പര്യമില്ലാത്തത്. അതുകൊണ്ടാണ് ഒരു ഫെമിനിസ്റ്റ് എഴുത്തുകാരിയല്ലെന്ന് ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതും. ഏതെങ്കിലും രീതിയില്‍ മുദ്രകുത്തപ്പെടുന്നതിനോട് എനിക്ക് താല്‍പര്യമില്ല.

അനിതാനായർ ഭർത്താവിനൊപ്പം
 

പക്ഷേ, താങ്കള്‍ എഴുതിയതെല്ലാം വ്യക്തിത്വമുള്ള, സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ള സ്ത്രീകളെക്കുറിച്ചാണ്. മാത്രമല്ല സ്വദേശത്തും വിദേശത്തും ഒറ്റക്ക് യാത്രചെയ്യുന്ന, ശരിയെന്നു തോന്നുന്ന തീരുമാനങ്ങള്‍ ഉറക്കെ വിളിച്ചുപറയാന്‍ മടിയില്ലാത്ത സ്ത്രീയാണ് താങ്കള്‍. സമൂഹം നിശ്ചയിക്കുന്ന ചട്ടക്കൂടില്‍നിന്ന് മാറിച്ചിന്തിക്കാനും ജീവിക്കാനും ചങ്കൂറ്റം കാണിക്കുന്നവരാണ് ഫെമിനിസ്റ്റുകള്‍ എങ്കില്‍ താങ്കള്‍ തന്നെയല്ലേ ഫെമിനിസ്റ്റ്?

അങ്ങനെ പറയുകയാണെങ്കില്‍ അതെ. സ്ത്രീകള്‍ വിമോചിക്കപ്പെടുകതന്നെവേണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. പക്ഷേ, ലഭിച്ച ഈ സ്വാതന്ത്ര്യം എടുത്ത് എന്തുചെയ്യണമെന്നറിയാത്തവരാണ് ഭൂരിഭാഗം സ്ത്രീകളും. എല്ലാവര്‍ക്കും പേടിയാണ്. സമൂഹം നിശ്ചയിക്കുന്ന നിയമങ്ങളില്‍നിന്ന്  മാറിനടക്കുന്നവരെ വിലക്കുന്ന സമൂഹമാണിത്. സമൂഹത്തില്‍നിന്ന്  ഭ്രഷ്ട് ഏറ്റുവാങ്ങിക്കൊണ്ട് ജീവിക്കുക എളുപ്പമല്ല. ഇതിനോടൊക്കെ പോരാടി ജീവിക്കാനുള്ള മോറല്‍ കറേജ് പ്രകടിപ്പിക്കുന്നവര്‍ വളരെ കുറച്ചുപേരെയുള്ളൂ. അതുകൊണ്ടുതന്നെ, സമൂഹം നിര്‍ണയിക്കുന്ന മൂല്യങ്ങള്‍ക്കകത്ത് ജീവിക്കുകയാണ് പലരും. വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ത്രീയാണ് ഞാന്‍. അതാണ് ഫെമിനിസമെങ്കില്‍ ശരിയാണ്. ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. മിലിറ്റന്‍റ് ഫെമിനിസത്തില്‍ എനിക്കു വിശ്വാസമില്ല. ഫെമിനിസ്റ്റായി ജീവിച്ചുകാണിക്കണം. അതിനുവേണ്ടി പ്രകടനം നടത്തിയിട്ടു കാര്യമില്ല.
അതായത്, രാത്രി പന്ത്രണ്ടുമണിക്ക് സാധാരണ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കാറില്ല. പക്ഷേ, എനിക്ക് ആ സമയത്ത് പുറത്തിറങ്ങി നടക്കാനാണ് തോന്നുന്നതെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യും. മാത്രമല്ല, അതു ചോദ്യംചെയ്യുന്നവരോട് എന്‍െറ കാര്യം നോക്കാന്‍ എനിക്കറിയാമെന്ന് മറുപടി പറയുകയും ചെയ്യും. രാവിലെ പത്തു മുതല്‍ വൈകുന്നേരംവരെ സ്വാതന്ത്ര്യത്തെക്കുറിച്ചു പ്രസംഗിക്കുകയും ഇരുട്ടാവുമ്പോള്‍ വീട്ടില്‍പോയി ഒരു പരമ്പരാഗത വീട്ടമ്മയായി ജീവിതം നയിക്കുകയും ചെയ്യുന്നവരെ എനിക്കംഗീകരിക്കാന്‍ കഴിയില്ല.

ഇതോടൊപ്പം ചോദിച്ചോട്ടെ, എഴുത്തുകാരി എന്ന സങ്കല്‍പത്തിന് ഒട്ടും യോജിക്കാത്ത അപ്പിയറന്‍സ് ആണ് താങ്കളുടേത്. എഴുത്തുകാരിയെക്കാള്‍ ഒരു സിനിമാനടിയെ ഓര്‍മപ്പെടുത്തുന്നു താങ്കള്‍?

ഇതാണ് ഞാന്‍. ഒരു എഴുത്തുകാരിയായി വേഷം കെട്ടാം എന്നുവെച്ചാല്‍ത്തന്നെ അത് ഞാനാവില്ലല്ളോ. വേഷംകെട്ടലല്ളേ ആവൂ. ഞാന്‍ വളരെ സുതാര്യയായ, സത്യസന്ധയായ ഒരാളാണ്. കേരളത്തില്‍ പോകുമ്പോഴാണ് എനിക്ക് തോന്നുക, അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു സാഹിത്യകാരിയായി പ്രത്യക്ഷപ്പെടാന്‍ കഴിയുന്നില്ലല്ളോ എന്ന്. നന്നായി വേഷം ധരിക്കാന്‍, ഭംഗിയായി പ്രത്യക്ഷപ്പെടാന്‍ എനിക്കിഷ്ടമാണ്. ലോകത്തെ സന്തോഷിപ്പിക്കാനായി സാഹിത്യകാരി ഇമേജുമായി നടക്കാന്‍ എനിക്കാവില്ല. അതിന്‍െറ പ്രശ്നങ്ങളും ഞാന്‍ നേരിടാറുണ്ട്.

ഏതു തരത്തിലുള്ള പ്രശ്നങ്ങള്‍?

പലരും എന്നെ ഗൗരവമായിട്ടെടുക്കാറില്ല. എന്‍െറ ഫോട്ടോ കണ്ടിട്ടാവണം, ഞാന്‍ എഴുതിത്തുടങ്ങുന്നകാലത്ത് ഞാനൊരു പൈങ്കിളി എഴുത്തുകാരിയാണെന്ന് തെറ്റിദ്ധരിച്ചവര്‍ ഏറെയുണ്ട്. ഒരിക്കല്‍ തിരുവനന്തപുരത്ത് കവിസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോയതായിരുന്നു ഞാന്‍. സമ്മേളനത്തിനിടക്ക് ഒരാള്‍ (പ്രശസ്തനായ ആളായതുകൊണ്ട് പേരു ഞാന്‍ പറയുന്നില്ല) പ്രസംഗിക്കുമ്പോള്‍ കവിതയെക്കുറിച്ച് പറഞ്ഞതിനുശേഷം  പറഞ്ഞു, ‘‘അനിതാനായരെ നോക്കൂ, എത്ര ഗ്ളാമറസ് ആണ് അവര്‍. നമ്മളും അങ്ങനെയാവാന്‍ പഠിക്കണം.’’ അങ്ങനെയൊരു സാഹചര്യത്തില്‍ പൂര്‍ണമായും അനാവശ്യമായ ആ അഭിപ്രായപ്രകടനം കേട്ട് സത്യമായും എനിക്ക് ദേഷ്യമാണ് വന്നത്. എന്‍െറ എഴുത്തിനെക്കുറിച്ച് യോജിച്ചോ വിയോജിച്ചോ അഭിപ്രായം പറയുന്നത് കേള്‍ക്കുന്നതില്‍ ഒരു വിഷമവും തോന്നിയിട്ടില്ല. പക്ഷേ, വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ എനിക്ക് അലോസരമുണ്ടാക്കും. ഒരാള്‍ കാണാനെങ്ങനെയിരിക്കുന്നു എന്നുള്ളത് അവരുടെ തെറ്റല്ല, എന്നു മാത്രമല്ല, അത് മറ്റാരെയും ബാധിക്കുന്ന കാര്യവുമല്ല.

 

എഴുത്തുകാര്‍ ആക്ടിവിസ്റ്റുകളാവേണ്ടതില്ല എന്നു പറയുന്ന ഒരാളാണ് താങ്കള്‍. അരുന്ധതി റോയിയെപോലുള്ളവര്‍ എഴുത്തും ആക്ടിവിസവും ഒരുമിച്ചുകൊണ്ടുപോകുന്നവരാണ്. എന്തുകൊണ്ടാണ് താങ്കള്‍ അങ്ങനെ കരുതുന്നത്?

അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’ വായിച്ചിട്ടുണ്ട്. റൈറ്റിങ് ആക്ടിവിസത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. മഹാശ്വേതാദേവിയില്‍ ഞാന്‍ വിശ്വസിക്കുന്നു. അവര്‍ എഴുതുന്നതും ചെയ്യുന്നതും തമ്മില്‍ വേര്‍തിരിവുകളില്ല. ആദിവാസികളെക്കുറിച്ചെഴുതുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അവരെക്കുറിച്ചറിയാന്‍ എനിക്ക് താല്‍പര്യം തോന്നാറുണ്ട്. മറ്റുള്ളവരെക്കുറിച്ച് മനസ്സിലാക്കാന്‍ ഞാന്‍ അധികം സമയം ചെലവഴിക്കാറില്ല.

മാധവിക്കുട്ടിയെ വായിക്കാറില്ലേ?

അവര്‍ പൂര്‍ണമായും ഒരു എഴുത്തുകാരിയാണ്. ഞാന്‍ എല്ലാവരെയും അറിയാന്‍ ശ്രമിക്കുന്നത് അവരുടെ സാഹിത്യത്തിലൂടെയാണ്. She is a fine and complete writer. അവര്‍ക്ക് അവരുടേതുമാത്രമായ ഒരു സ്റ്റൈല്‍ ഉണ്ടായിരുന്നു. അവരെഴുതിയതില്‍ വെച്ച് എനിക്കിഷ്ടമല്ലാത്തത് എന്‍െറ കഥ മാത്രമാണ്. സെല്‍ഫ് ഇന്‍ഡള്‍ജന്‍റ് റൈറ്റിങ് എനിക്കുതീരെ ഇഷ്ടമല്ല. ഞാന്‍, എന്‍െറ പ്രവൃത്തികള്‍, ഇതിനെയെല്ലാം ന്യായീകരിക്കുന്നത്,  സാഹിത്യത്തിലായാലും മറ്റേതൊരു കലാരൂപത്തിലായാലും എനിക്കിഷ്ടമല്ല. ജീവിതത്തില്‍ പല സമയത്തായി നമുക്കെടുക്കേണ്ട തീരുമാനങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ മാത്രമായിരുന്നു ശരിയെന്ന് മറ്റുള്ളവരോട് പറയുന്നത് വായിക്കുമ്പോള്‍ എനിക്കുണ്ടാകുക ഒരുതരം ജാള്യമാണ്. കഥ പറയുമ്പോള്‍ കഥ പറഞ്ഞാല്‍ മതി, അല്ലാതെ നന്മയുടെ പ്രതിരൂപങ്ങളായി നമ്മത്തെന്നെ അവതരിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മുടെ കഥപറയാന്‍ നമുക്ക് അധികാരമുണ്ട്. തീരുമാനമെടുക്കേണ്ടത് വായനക്കാരന്‍/വായനക്കാരിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.