അർബുദത്തോടുള്ള പോരാട്ടത്തിന്‍റെ അദ്ഭുത കഥ

‘‘ആശുപത്രിയില്‍നിന്ന് ഫയലുകളുമായി കാറില്‍ കയറി. ഡ്രൈവറോട് മസ്കറ്റ് ഹോട്ടലിലേക്ക് ചെല്ലാന്‍ നിര്‍ദേശിച്ചു. എവിടെയെങ്കിലും കുറച്ചുനേരം ഒറ്റക്ക് ശാന്തനായി ഇരിക്കണം. ഒരു പദ്ധതി തയാറാക്കണം. സമയം 12 മണി. കോഫി ഷോപ്പിലിരുന്ന് ഞാന്‍ ഒരു ശീതളപാനീയം നുണഞ്ഞു. ഒരു കടലാസെടുത്ത് തീരുമാനങ്ങള്‍ കുറിച്ചു. രോഗത്തോട് തോല്‍വി സമ്മതിക്കരുത്. മറ്റു ചികിത്സാമാര്‍ഗങ്ങള്‍ അന്വേഷിക്കണം. തല്‍ക്കാലം വീട്ടില്‍ പറയേണ്ട. കുറേശ്ശ ഭാര്യയെയും മക്കളെയും അതിന് പാകപ്പെടുത്തിയശേഷം അറിയിക്കാം. എന്തായാലും ഓഫിസില്‍ അത്യാവശ്യക്കാരോട് മാത്രം വിവരം പറയാം. മറ്റുപ്രശ്നങ്ങള്‍ തോന്നുന്നതുവരെ സാധാരണ ജീവിതം തുടരാം...’’ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍നിന്ന് തന്‍െറ രോഗം കരളിലെ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചശേഷമുണ്ടായ മാനസികാവസ്ഥ പ്രശസ്ത പത്രപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്‍െറ ചീഫ് എഡിറ്ററും ‘കണ്ണാടി’ എന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടിയുടെ അവതാരകനുമായ ടി.എന്‍. ഗോപകുമാര്‍ ഇങ്ങനെ കുറിച്ചിടുന്നു. മരണശേഷം പുറത്തിറങ്ങിയ ‘ഒരു അര്‍ബുദ കഥ’ എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം തന്‍െറ രോഗാനുഭവങ്ങള്‍ നിസ്സംഗതയും നിര്‍ഭയത്വവും കൂടിച്ചേര്‍ന്ന വാക്കുകളിലൂടെ വായനക്കാര്‍ക്ക് വിവരിച്ചുതരുന്നത്. ഈ ഒരു ഖണ്ഡികയിലൂടെ രോഗത്തോടുള്ള ലേഖകന്‍െറ മനോഭാവവും  കുറിപ്പുകളായി എഴുതിയ ചെറുപുസ്തകത്തിന്‍െറ സ്വഭാവവും വായനക്കാര്‍ക്ക് മനസ്സിലാക്കാനാകും.

കരളിലെ അര്‍ബുദത്തിന് പുറമെ ‘പോര്‍ട്ടല്‍ വെയിനില്‍ ത്രോംബസ്’ എന്ന പ്രശ്നംകൂടിയായപ്പോള്‍ ശസ്ത്രക്രിയയും കരള്‍മാറ്റിവെക്കലും റേഡിയേഷനും കീമോതെറപ്പിയുമൊന്നും സാധ്യമല്ലാത്ത അവസ്ഥയില്‍, ചികിത്സയുടെ വാതിലുകള്‍ ഒന്നൊന്നായി അടയുന്നു എന്ന വിവരം ഡോക്ടര്‍ അറിയിച്ചതിന് തൊട്ടുപിറകെയുണ്ടായ തന്‍െറ മാനസികാവസ്ഥയും രോഗത്തോടുള്ള പോരാട്ട അനുഭവങ്ങളും ടി.എന്‍. ഗോപകുമാര്‍ എ ന്ന പ്രിയപ്പെട്ടവരുടെ ടി.എന്‍.ജി തന്‍െറ രോഗക്കിടക്കയിലിരുന്ന് പലപ്പോഴായി എഴുതുകയായിരുന്നു. കുറിപ്പുകളെഴുതുന്ന വിവരം അറിഞ്ഞിരുന്നുവെങ്കിലും മരണശേഷമാണ് കുടുംബാംഗങ്ങള്‍ കൃത്യമായി അടുക്കിവെച്ചരൂപത്തില്‍ അവ കണ്ടെടുത്തത്. ഡോക്ടര്‍മാര്‍ക്കിടയില്‍പ്പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കിയ ചികിത്സാക്രമങ്ങളുമായി തിരുവനന്തപുരം, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ പ്രശസ്ത ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വിധിച്ച ചികിത്സാമാര്‍ഗങ്ങളിലൂടെയുള്ള യാത്രയില്‍ തന്‍െറ ശരീരവും മനസ്സും അനുഭവിച്ച വേദനകളും അത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കാതിരിക്കാന്‍ നടത്തിയ കഠിനശ്രമങ്ങളുമാണ് ടി.എന്‍.ജി തന്‍െറ സ്വത$സിദ്ധമായ ഭാഷയില്‍ വരച്ചിടുന്നത്. രോഗിയുടെ ലോകവും രോഗമില്ലാത്തവരുടെ ലോകവും പൂര്‍ണമായും വ്യത്യസ്തമാണ് എന്ന് പറയുന്ന ലേഖകന്‍ ജീവന് ഭീഷണിനേരിടുന്നവരുടെ ലോകം മറ്റുള്ളവര്‍ക്ക് മനസ്സിലാവുകയില്ല എന്നും അതിനായുള്ള ശ്രമം അപൂര്‍ണമായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് തന്‍െറ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നത്. ബംഗളൂരുവിലെ ‘ഹെല്‍ത്ത് കെയര്‍ ഗ്ളോബല്‍’ എന്ന കാന്‍സര്‍ ചികിത്സാകേന്ദ്രത്തില്‍ നടത്തിയ സൈബര്‍ സെല്‍ റേഡിയേഷന്‍ എന്ന നൂതന ചികിത്സക്ക് വിധേയനാവുന്ന കുറിപ്പുകാരന്‍െറ ശാരീരികവും മാനസികവുമായ അനുഭവങ്ങള്‍ അതിന്‍െറ ചൂടും ചൂരും ഒട്ടും നഷ്ടമാകാതെ ഈ പുസ്തകത്തിലൂടെ നമുക്ക് വായിക്കാം.

നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണലിന്‍െറ തലേദിവസം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലേഖകനിലെ പത്രപ്രവര്‍ത്തകന്‍െറ വേദനയും നിരാശയും ഈ പുസ്തകം പങ്കുവെക്കുന്നുണ്ട്. മള്‍ട്ടിപ്പിള്‍ ഡിസിപ്ളിനറി ഐ.സി.യുവിനുള്ളിലും രാവിലെ പത്രം അന്വേഷിക്കുന്ന ടി.എന്‍.ജി മോദി അധികാരത്തിലേക്ക് എന്ന വാര്‍ത്ത വായിച്ച് താന്‍ ഈ അവസരത്തില്‍ ഓഫിസില്‍ ഇല്ലാതായിപ്പോയതിന്‍െറ നിരാശ ഹൃദയസ്പര്‍ശിയായി കുറിച്ചിട്ടിട്ടുണ്ട്. ഐ.സി.യുവിലെ ദീര്‍ഘകാലത്തെ ഏകാന്തജീവിതത്തിനുശേഷം ആശുപത്രിയിലെ മുറിയിലേക്ക് മാറ്റുന്ന സന്ദര്‍ഭത്തെ അദ്ദേഹം വരച്ചിടുന്നത് ഇങ്ങനെയാണ്... ‘‘സ്കൂള്‍ അവധിയില്‍ പ്രവേശിക്കുന്ന ഒരു കുട്ടിയെപ്പോലെ എന്‍െറ മനസ്സ് തുള്ളിച്ചാടി. പിന്നീടുള്ള ഓരോ മിനിറ്റും ഞാന്‍ അക്ഷമനായി കാത്തിരുന്നു. മുറി റെഡിയായിട്ടില്ല എന്ന് ഇടക്കറിഞ്ഞു. പിന്നെയും വൈകി വൈകുന്നേരത്തോടെ സ്ട്രെച്ചറില്‍ റൂമിലേക്ക്...’’
ഇതിനിടെ തന്‍െറ ഭാര്യയുടെ ശരിയായ പേര് എന്താണെന്ന് ഒരു പത്രമാപ്പീസില്‍നിന്ന് അന്വേഷിച്ച വിവരം അറിഞ്ഞ ലേഖകന്‍ ചിരിച്ചുപോകുന്നു. ചരമക്കുറിപ്പ് തയാറാക്കാനാണ് ഈ ‘അന്വേഷണം’ എന്ന് മനസ്സിലാക്കാന്‍ ഒരു പത്രപ്രവര്‍ത്തകനായ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താനും മരണാസന്നരായവരുടെ ചരമക്കുറിപ്പുകള്‍ തയാറാക്കിയിട്ടുണ്ടെന്നും അതെല്ലാം തൊഴിലിന്‍െറ ഭാഗമാണെന്നും അദ്ദേഹം തമാശയോടെ ഓര്‍ക്കുന്നുണ്ട്.

‘ഐ.സി.യുവില്‍ പകലും രാത്രിയും വന്നുപോയിക്കൊണ്ടിരുന്നു. ശബ്ദസന്ദര്‍ഭങ്ങളും നിശ്ശബ്ദവേളകളും മാറിക്കൊണ്ടിരുന്നു. എന്‍െറ അച്ഛന്‍ 93 വയസ്സുവരെ ജീവിച്ചിരുന്ന വ്യക്തിയാണ്. ഞാന്‍ എന്‍െറ ശരീരത്തോട് കാണിച്ച തെറ്റുകള്‍ക്കുവേണ്ടി കുറെ വര്‍ഷങ്ങള്‍ കുറക്കാം. എന്നാലും 57ാം വയസ്സില്‍ മരിക്കാനൊന്നും എന്നെക്കിട്ടില്ല എന്ന് ഒരിടത്ത് എഴുതുന്ന ലേഖകന്‍ മറ്റൊരിടത്ത് പറയുന്നതിങ്ങനെയാണ്: ‘‘പുനര്‍ജന്മമെന്നോ ആത്മാവെന്നോപോലുള്ള മിഥ്യകള്‍ക്കതീതമായി മനസ്സ് പണ്ടേ വളര്‍ന്നുകഴിഞ്ഞിരുന്നു. മരണഭയം എനിക്ക് തീര്‍ത്തുമില്ല. ജീവിക്കാനുള്ള മോഹം അതിശക്തമാണുതാനും. മനോഹരമായ ഈ ജീവിതം ജീവിച്ച് മതിയായിട്ടില്ല.’’ മരണത്തെയും രോഗത്തെയും വൈദ്യശാസ്ത്രത്തിന്‍െറയും തന്‍െറ മനക്കരുത്തിന്‍െറയും ബലത്തില്‍ എതിര്‍ത്തുതോല്‍പിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം തുളുമ്പുന്ന ഇത്തരം വരികള്‍ പുസ്തകത്തില്‍ പലയിടത്തും അദ്ദേഹം കുറിച്ചിടുന്നുണ്ട്.

കുടുംബത്തോടുള്ള സ്നേഹവും രോഗാവസ്ഥയില്‍ കുടുംബത്തിന്‍െറ പ്രത്യേകിച്ച് ഭാര്യ ഹെദര്‍, പേരക്കിടാവ് ഷോണ്‍ എന്നിവരുടെ സാന്നിധ്യം തനിക്ക് പകരുന്ന ആശ്വാസത്തെക്കുറിച്ച് എഴുതുന്ന ഭാഗങ്ങളില്‍ അതുവരെയുണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമായി സ്നേഹനിധിയായ ഒരു ഭര്‍ത്താവിനെയും പിതാവിനെയും മുത്തച്ഛനെയുമെല്ലാം നമുക്ക് കാണാനാകും.രോഗത്തെ തോല്‍പിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തോടെ അവസാന നിമിഷംവരെ എഴുതിയ ഈ കുറിപ്പുകള്‍ വായനയുടെ ലോകത്ത് വേറിട്ടൊരു സാന്നിധ്യംതന്നെയാണ്.

 

Tags:    
News Summary - T N Gopakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.