ഏറനാടന്‍ നാട്ടുഭാഷയുടെ കഥാസൗന്ദര്യം

ഏത് നാടിന്‍റെയും ചരിത്രമെഴുതിയാല്‍ അത് ആ പ്രദേശത്തിന്റെ കഥകളായി രൂപപ്പെടുമെന്ന് പറയാനാവില്ല. എന്നാല്‍ ദേശത്തിന്‍റെ ജീവിതരീതികള്‍ ഭാവനകൊണ്ടും തനതായ ഭാഷകൊണ്ടും സർഗാത്മകമായി അടയാളപ്പെടുത്തുന്ന രചനകള്‍ ആ പ്രദേശത്തിന്റെ കഥകളായി സാഹിത്യ ഭൂമികയില്‍ ഇടംപിടിക്കും. അബു ഇരിങ്ങാട്ടിരിയുടെ പുതിയ കഥാസമാഹാരമായ “ഇരിങ്ങാട്ടിരിയും ചിലചെറിയ കഥകളും” പശ്ചിമഘട്ടത്തിന്‍റെ ഏറനാടൻ താഴ് വരയായ ചേറുമ്പുദേശത്തെ മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.  സവിശേഷമായ ഏറനാടൻ ഭാഷയും മിത്തുകളും ലോഭമായി ഉപയോഗിച്ചുട്ടുമുണ്ട് ഈ കഥകളിൽ.  

സ്വപ്നങ്ങളും യാത്രകളുമാണ് എന്റൊ രചനകൾക്ക്  ആധാരം എന്ന് കസാൻദ്സാക്കിസ്‌ പലപ്പോഴും പറഞ്ഞിരുന്നതായി വായിച്ചതോർക്കുന്നു. അബുവിന്‍റെ ഈ സമാഹാരത്തിലെ മിക്കകഥകളും സ്വപ്നങ്ങളുടെ മായികലോകം തീർക്കുന്നു. ഒപ്പം കാമം എന്നവികാരത്തെ അതിതീക്ഷ്ണമായി അവതരിപ്പിക്കുക വഴി കപട സദാചാരവാദത്തെ കീറിമുറിക്കുന്നു . ഈ സമാഹാരത്തിലെതന്നെ മികച്ച കഥയായി കരുതാവുന്ന “തത്തക്കൂട്‌” ഇതിന് അടിവരയിടുന്നു. പ്രതീകാത്മകമായ സൂചകങ്ങൾ കൊണ്ട് കഥയെ ആറ്റിക്കുറുക്കി സർഗാത്മകമാക്കുന്ന രീതി ഈ കഥക്കുണ്ട്. ഇവിടെ തത്ത സദാചാരത്തിന്റെ  കാവലാളാണെങ്കില്‍ കാടംപൂച്ച പതുങ്ങിയെത്തുന്ന ജാരനെ പ്രതിനിധീകരിക്കുന്നു.

സദാചാരത്തിന്‍റെ വാർപ്പുമാതൃകളിലൂടെ മാത്രം തളച്ചിടപ്പെടേണ്ടതല്ല മനുഷ്യകാമനകള്‍ എന്നും രതിചിന്തകളുടെ സഞ്ചാരത്തിന് നിയതമായ വഴികളല്ല ചിലപ്പോഴെങ്കിലും മനസ്സിന്റെ വിചിത്രതയാണ് അതിലെ പ്രധാനഘടകമെന്നുമുള്ള ഒരു സൈക്കോളജിക്കൽ സന്ദേശം അബുവിന്‍റെ കഥാപാത്രങ്ങൾ നൽകുന്നുണ്ട്. ലോലിതയുടെമോഹങ്ങള്‍, മൂന്നംയാമം,ഒളിച്ചോട്ടം തുടങ്ങിയ കഥകള്‍ ഈ ഗണത്തിൽ പെടുന്നവയാണ്. പ്രവാസത്തിന്റെു യഥാർഥ ഇരകള്‍ പ്രവാസി നാട്ടിൽ തനിച്ചാക്കിപോവുന്ന ഭാര്യമാരല്ലേ എന്ന പ്രസക്തമായ ചോദ്യം ഓരോ പ്രവാസി കുടുംബത്തിലേക്കും തൊടുത്തുവിടുന്നുണ്ട് ചില്ലകള്‍ എന്ന കഥ.
ഒരുകുന്നത്തങ്ങാടികഥ പ്രവാസികളുടെ കുടുംബപശ്ചാത്തലത്തില്‍ പലപ്പോഴും ഉരുണ്ടുകൂടിയേക്കാവുന്ന താളപ്പിഴകളുടെ അപ്രിയ സത്യങ്ങളിലെക്ക് വിരൽ ചൂണ്ടുന്നു. ഉറങ്ങുന്നവൻ കിനാകാണും. എന്നാല്‍ ഉണർന്നിരിക്കുന്നവൻ കാ‍ണുന്ന കിനാവാണ് കവിത എന്ന് ആറ്റൂര്‍ കവിതയെ വിശേഷിപ്പിച്ചതോർക്കുന്നു. അബുവിന്‍റെ പല കഥകളിലും പലയിടത്തും ആവർത്തിക്കുന്ന നടത്തത്തിലും ഇരിപ്പിലും ഒക്കെയുള്ള കിനാവുകൽ ജീവിതത്തിന്റെട ആകുലതകളും വിഹ്വലതകളുമായി മാറുന്നു. ഈ തരത്തില്‍ മികച്ച കഥയാണ്ഭൂമിയുടെമനസ്സ്.  മനസ്സിനെ കുത്തിനോവിക്കുന്ന അടങ്ങാത്ത  അഭിനിവേശങ്ങളെല്ലാം സ്വപ്നത്തിന്‌ വിട്ടുകൊടുക്കുന്ന കഥാരീതി ഇപ്പുവെന്ന കഥാപാത്രത്തിലൂടെ പരീക്ഷിക്കപ്പെടുമ്പോള്‍ ഇവിടെ കഥ ഏറനാടന്‍ സംസ്കൃതിയുടെ പരിച്ഛേദമായി മാറുന്നു. ഇവന്‍ ഒരു തുള്ളി നന്മക്ക് ഒരു തുള്ളി തിന്മയും ചെയ്തു. അതിനാല്‍ ഇവനു ഞാൻ പൊറുത്തുകൊടുത്തു. ഒരുതുള്ളിനന്മ, തിന്മയും എന്ന കഥയിലെ കഥാപാത്രം ഇങ്ങനെ പറയുമ്പോള്‍ പരമ്പരാഗത ദൈവീക സങ്കൽപത്തിലെ ശിക്ഷാവിധിയില്‍ വലിയ തിരുത്ത്  ആവശ്യപ്പെടാൻ തക്ക കരുത്തുറ്റ ഒരാശയം ഈ കഥയില്‍ രൂപപ്പെടുന്നുണ്ട്.

ഏറനാടന്‍  നാട്ടുഭാഷയുടെ സൂചകങ്ങളാല്‍ സമ്പന്നമാണിതിലെ കഥകളെല്ലാം. മക്കാനി, പറങ്കൂച്ചി, തീപ്പെട്ടിക്കോല്‍, പാൽചേമ്പ്, തന്തപ്പിലാവ്, തന്തയും തള്ളയും കിഴക്കന്‍  ഏറനാട്ടിൽമാത്രം പ്രചാരത്തിലുള്ള നാട്ടുഭാഷയെ മലയാളസാഹിത്യത്തിലേക്ക് കുടിയിരുത്തുന്നു. അബു ഇരിങ്ങട്ടിരിയെ കഥ എഴുത്തിന്റെ ലോകത്ത് മൗലികപ്രതിഭയുള്ള എഴുത്തുകാരനായി നിലനിറുത്തുന്നതില്‍ ഏറനാടും  ചേറുമ്പ്ദേശവും അവിടത്തെ സവിശേഷമായ  ജീവിതരീതികളും പ്രകൃതിയും പ്രധാന പങ്കുവഹിച്ചു എന്നതിന് ഈ കഥാ സമാഹാരവും സാക്ഷിയാവുന്നു എന്ന് കരുതാം.

Tags:    
News Summary - eranadan kathakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.