അഗ്നിസാക്ഷി

സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ സാമൂഹികമാറ്റത്തിനുവേണ്ടി ശക്തമായി തൂലിക ചലിപ്പിച്ച മലയാള ചെറുകഥാകൃത്തുക്കളില്‍ പ്രമുഖയാണ് ലളിതാംബിക അന്തര്‍ജനം. കവിതയിലൂടെയായിരുന്നു അവരുടെ സാഹിത്യ പ്രവേശനം. നമ്പൂതിരി സമുദായത്തിലെ മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവും ആയ ആചാരങ്ങള്‍ക്കും  കീഴ്വഴക്കങ്ങള്‍ക്കും എതിരായുള്ള പ്രക്ഷോഭത്തിന് കഥകളിലൂടെ ആവേശം പകര്‍ന്ന അവരുടെ ഏക നോവലാണ് അഗ്നിസാക്ഷി (1976). 

ജീവിതസായാഹ്നത്തില്‍ രചിച്ച ആ കൃതിയിലെ പ്രതിപാദ്യം 20ാം നൂറ്റാണ്ടിന്‍െറ മധ്യദശകങ്ങളിലെ കേരളീയ നവോത്ഥാന ചരിത്രത്തിന്‍െറ വികാസപരിണാമങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട ഒരു നമ്പൂതിരി വനിതയുടെ ജീവിതമാണ്. അഗ്നിസാക്ഷി എന്ന പദത്തിന് ഭാര്യ എന്ന്  അര്‍ഥം. അഗ്നിയെ സാക്ഷിനിര്‍ത്തി പരിണയിച്ചവള്‍ എന്ന് താല്‍പര്യം. നമ്പൂതിരി സമുദായത്തില്‍ വിപ്ളവം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പി.കെ.പി. നമ്പൂതിരി എന്ന പുരോഗമനാശയക്കാരന്‍െറ സഹോദരിയായി സ്വാതന്ത്ര്യത്തിന്‍െറ കാറ്റേറ്റ്, വായനയുടെയും സ്വതന്ത്രചിന്തയുടെയും ലോകത്ത് വളര്‍ന്ന ദേവകിക്ക്, മാനമ്പിള്ളി ഇല്ലത്തെ ഉണ്ണിനമ്പൂതിരിയുമായുള്ള വിവാഹത്തിലൂടെ ആ ഭൂതകാലജീവിതത്തോട് വിടപറയേണ്ടിവരുന്നു. ദുഷ്ടനോ സ്നേഹശൂന്യനോ ഭീരുവോ ആയ ഭര്‍ത്താവായിരുന്നില്ല  ഉണ്ണിനമ്പൂതിരി. അപ്ഫന്‍െറ മകളായ തങ്കത്തിന്‍െറയും അനുജന്‍ നമ്പൂതിരിയുടെയും വിദ്യാഭ്യാസത്തിന്‍െറ കാര്യത്തിലും മറ്റും സ്വതന്ത്രനിലപാട് എടുക്കുന്നതിനുള്ള ധീരത അദ്ദേഹം കാണിക്കുന്നുമുണ്ട്. എന്നാല്‍, സ്വന്തം വ്യക്തിജീവിതത്തില്‍ ആചാരങ്ങളില്‍നിന്ന് അണുവിടമാറാന്‍ അദ്ദേഹം തയാറായില്ല. പൂജയും മന്ത്രവും സ്വന്തം ജീവിതചര്യയായി സ്വീകരിച്ച് സ്വയംപീഡനം നടത്താന്‍ തയാറായപ്പോള്‍, പത്നിയും ആ പീഡനത്തിനിരയാകുന്നത് കര്‍മഫലം എന്ന് ന്യായീകരിക്കാനാണ് അദ്ദേഹം തുനിഞ്ഞത്. 

നീണ്ട നിബിഡമായ കണ്‍പീലികളുള്ള, മാന്തളിര്‍ നിറമുള്ള, ചുരുണ്ട മുടിയുള്ള യുവതിയായി ഇല്ലത്തേക്ക് കയറിവന്ന ദേവകിയുടെ ജീവിതവും സ്വപ്നങ്ങളും തകര്‍ക്കപ്പെടുന്നതുകണ്ട് അസ്വസ്ഥയായി മാറിയ തങ്കത്തിന് ഏട്ടത്തിയോട്്  തോന്നിയ സ്നേഹവും അനുകമ്പയും ആരാധനയായി മാറുന്നു. ഏട്ടത്തിക്ക് ഒരിറ്റ് പരിഗണനയും സ്നേഹവും നല്‍കാന്‍ അവള്‍ ഉണ്ണിയേട്ടനോട് യാചിച്ചു.  സഹികെട്ടപ്പോള്‍ ദേവകി ദാമ്പത്യമുദ്രയായ ചെറുതാലിയും മണിയും മടക്കിക്കൊടുത്ത്  ഇല്ലം വിട്ടിറങ്ങി. ചേട്ടന്‍െറ മാതൃക സ്വീകരിച്ച് സാമുദായിക പരിഷ്കരണശ്രമങ്ങളില്‍ ഏര്‍പ്പെട്ട അവര്‍ ഗാന്ധിശിഷ്യയായി ദേശീയപ്രസ്ഥാനത്തില്‍ എത്തിപ്പെട്ടു. ദേവിബഹന്‍ എന്ന പേരില്‍ ഉത്തരേന്ത്യയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയായി മാറി. എന്നാല്‍, ഒരിടത്തും അനീതിയോട് രാജിയാകാനോ പൊരുത്തപ്പെടാനോ അവര്‍ തയാറായില്ല. ഗാന്ധിയുടെ മരണാനന്തരം ആശ്രമത്തിന്‍െറ നടത്തിപ്പിലുണ്ടായ മൂല്യച്യുതി അവിടംവിടാന്‍ അവര്‍ക്ക് പ്രേരണയായി. തുടര്‍ന്ന് ആത്മീയമാര്‍ഗത്തിലക്കുതിരിഞ്ഞ അവര്‍ സ്വാമി ശുദ്ധാനന്ദജിയുടെ ശിഷ്യത്വം സ്വീകരിച്ച് സുമിത്രാനന്ദ എന്ന പേരില്‍ സന്യാസിനിയായി മാറി. 

വര്‍ഷങ്ങള്‍ക്കുശേഷം തങ്കം ഗംഗാതീരത്ത് വെച്ച അവരെ കാണുന്നിടത്താണ് നോവല്‍ ആരംഭിക്കുന്നത്. അതിനകം ഉണ്ണിയേട്ടന്‍ മരിച്ചിരുന്നു. പൗത്രി ദേവുവിനെക്കൊണ്ട് ഉദകക്രിയ ചെയ്യിക്കുന്നതോടൊപ്പം, ഏട്ടത്തിയെ കാണുകയാണെങ്കില്‍ ചേട്ടന്‍ തന്നിരുന്ന താലിയും ചരടും അവരെ ഏല്‍പിക്കണമെന്ന മോഹവും  തങ്കത്തിനുണ്ടായിരുന്നു. ചേട്ടത്തിയെ കാണാനും അത് ഏല്‍പിക്കാനുമുള്ള ഭാഗ്യം തങ്കത്തിനുണ്ടായി. ചേട്ടത്തിയാകട്ടെ ആ സ്വര്‍ണത്താലി മുന്നില്‍ എരിഞ്ഞുകൊണ്ടിരുന്ന അഗ്നികുണ്ഡത്തിലേക്ക് ഇടുകയാണ് ചെയ്തത്. മാലിന്യം പോയി ശുദ്ധീകരിച്ച ആ സ്വര്‍ണത്തരി ഉരുക്കിയിടിച്ച് പുതിയതെന്തെങ്കിലും പണിയൂ എന്ന നിര്‍ദേശത്തോടെ അവര്‍ ദേവുവിന്‍െറ കൈയില്‍ വെക്കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. പൊതുജീവിതത്തില്‍ സാക്ഷ്യംവഹിക്കേണ്ടിവന്ന യഥാര്‍ഥ സംഭവങ്ങള്‍ ഭാവനയുടെ നിറക്കൂട്ടില്‍ ചിത്രീകരിച്ചാണ് അന്തര്‍ജനം ഈ നോവലിന് ജന്മംനല്‍കിയത്. വയലാര്‍ അവാര്‍ഡ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഈ കൃതി നേടി. 

പ്രശസ്ത ചലച്ചിത്രകാരനായ ശ്യാമപ്രസാദ് അഗ്നിസാക്ഷിക്ക് ചലച്ചിത്രാവിഷ്കാരം നല്‍കിയപ്പോള്‍ (1999) ദേശീയ ബഹുമതിയും എട്ട് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചുവെന്നതും സ്മരണീയമാണ്.

Tags:    
News Summary - Agnisakshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.