മുഗള്‍ ചരിത്രമുറങ്ങുന്ന ബീര്‍ബല്‍ കഥകള്‍

ഇന്ത്യയുടെ ചരിത്രത്തിലെ മഹാനായ ചക്രവര്‍ത്തിയാണ് മിര്‍സാ ജലാലുദ്ദീന്‍ അക്ബര്‍. സതി, ശൈശവവിവാഹം, ശിശുബലി എന്നിവ ഇല്ലാതാക്കുന്നതിന് നേതൃത്വം നല്‍കിയ, വിധവാവിവാഹത്തിനു പ്രോത്സാഹനം നല്‍കിയ മനുഷ്യസ്‌നേഹിയായ ഭരണാധികാരി. സാമൂഹ്യപരിഷ്‌കരണം, മതേതരത്വം, മാനവീയ സാഹോദര്യം, സ്വയംഭരണാവകാശം എന്നീ ആധുനിക സങ്കല്പങ്ങളെ മധ്യകാലഘട്ടത്തില്‍തന്നെ ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിച്ച ദീര്‍ഘദര്‍ശി.
 
പക്ഷേ, ആധുനിക ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അക്ബര്‍   തുടക്കമിട്ട മാതൃകകളെക്കാള്‍ അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ബീര്‍ബല്‍ കഥകളെന്ന പേരില്‍ പ്രചാരം നേടിയ തമാശക്കഥകളിലൂടെയാണ്. പേര്‍ഷ്യന്‍, അറബിക്, തുര്‍ക്കി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ഈ കഥകള്‍ ഇന്ന് ലോകത്തിലെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ഈ കഥകളിലെ രസനീയമായ യുക്തികളെ പല ദേശങ്ങളും തങ്ങളുടെ കഥകളിലേക്ക് സ്വീകരിച്ച് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് എല്ലാ ഇന്ത്യന്‍ഭാഷകളിലുമുണ്ട് അക്ബര്‍-ബീര്‍ബല്‍ കഥകള്‍.

മുഗള്‍ കാലഘട്ടത്തിന്‍റെ സാമൂഹ്യചരിത്രത്തിനുമേല്‍ അക്ബര്‍-ബീര്‍ബല്‍ തമാശക്കഥകള്‍ അധീശത്വം നേടിയത് യാദൃശ്ചികം മാത്രമോ? ആ കഥകളിലൂടെ അജ്ഞാതനായ  കഥാകാരന്മാര്‍  ചരിത്രകാരന്‍റെ ദൗത്യംകൂടി നിര്‍വ്വഹിക്കുന്നുണ്ടായിരുന്നോ? അധ്യാപികയായ കണ്ടത്തില്‍ പാത്തുമ്മക്കുട്ടി സമാഹരിച്ച് പുനരാഖ്യാനം ചെയ്ത് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ബീര്‍ബല്‍ കഥകള്‍ എന്ന പുസ്തകത്തില്‍കൂടി സഞ്ചരിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ ഉള്ളില്‍ പ്രബലമാവും.
 
ടെലിവിഷന്‍ പരമ്പരകളിലൂടെയും ബാലസാഹിത്യ രചനകളായും പരിചയിച്ച ബീര്‍ബല്‍ കഥകളില്‍ നിന്നും  ഏറെ വ്യത്യസ്തമാണ് ഇവ. ഇതില്‍ പലതും നമ്മള്‍ കേട്ടിരിക്കാമെങ്കിലും അതെല്ലാം ബീര്‍ബലിന്‍റെ യുക്തിവൈഭവത്തില്‍ മാത്രമാണ് ശ്രദ്ധപതിപ്പിച്ചത്. എന്നാല്‍ ഈ പുസ്തകത്തില്‍ കഥകളെ കഥകളായും അതോടൊപ്പം അക്ബറിന്‍റെ ഭരണചരിത്രമായും പുനരാഖ്യാനം ചെയ്യാനാണ് കണ്ടത്തില്‍ പാത്തുമ്മക്കുട്ടി ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബാലസാഹിത്യത്തെക്കാളുപരിയായ സ്ഥാനത്താണ് ബീര്‍ബല്‍ കഥകളുടെ സ്ഥാനം.
 

മുഗള്‍ഭരണകാലത്ത് ചക്രവര്‍ത്തിമാര്‍ക്ക് തങ്ങളുടെ ദിവാന്‍മാര്‍,വസീര്‍മാര്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി രാജ്യകാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാനുള്ള വേദിയായിരുന്നു ദിവാന്‍ ഇ ഖാസ്. പൊതുജനങ്ങള്‍ക്ക് ചക്രവര്‍ത്തിയെ കാണാനും പരാതികള്‍ ബോധിപ്പിക്കാനുമുള്ള വേദിയായിരുന്നു ദിവാന്‍ ഇ ആം. ഇത്തരത്തിലുള്ള ചരിത്രപശ്ചാത്തലത്തോടെയാണ് ഓരോ കഥകളും പാത്തുമ്മക്കുട്ടി പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്നത്. കഥകളുടെ ആധികാരികതയെ ഈ ആഖ്യാനം ബലപ്പെടുത്തുന്നുണ്ട്.
 
അക്ബറിന്‍റെ രാജ്യസ്‌നേഹം, മതേതരത്വം, സഹാനുഭൂതി, ദയ, സഹൃദയത്വം തുടങ്ങിയ സവിശേഷതകളെ പ്രദര്‍ശിപ്പക്കലാണ് ബീര്‍ബല്‍ കഥകളും പൊതുഭാവം. കലാകാരന്മാരോടും ഭരണകര്‍ത്താക്കളോടും ജനങ്ങളോടും അദ്ദേഹം പുലര്‍ത്തിയ സമീപനങ്ങളാണ് ഓരോ കഥകളുടെയും അടിയൊഴുക്ക്. അതുകൊണ്ടുതന്നെ കഥകളായി ആസ്വദിക്കാന്‍ കഴിയുമ്പോഴും അബോധത്തില്‍ മുഗള്‍കാലഘട്ടത്തിന്‍റെ മുഖ്യധാരാ ചരിത്രത്തില്‍ നിന്നു മാറി മറ്റൊരു ചരിത്രം കൂടി  ഈ കഥകള്‍ വരച്ചിടുന്നു.
 
ഹിന്ദി, ഉറുദു പുസ്തകങ്ങള്‍ക്കു പുറമെ അലിഗഡ്, ലക്‌നൗ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വാമൊഴിയായി പ്രചരിക്കുന്ന കഥകള്‍കൂടി ഈ പുസ്തകത്തിനുവേണ്ടി പാത്തുമ്മക്കുട്ടി ആശ്രയിച്ചിട്ടുണ്ട്. ഇതുവരെ മലയാളത്തില്‍ പുനരാഖ്യം ചെയ്ത ബീര്‍ബല്‍ കഥകള്‍ പരിശോധിച്ചാല്‍ ആകെ നൂറെണ്ണമേ വരൂ. അവയുടെ വ്യത്യസ്തങ്ങായ പാഠഭേദങ്ങളാണ് ബാക്കിയെല്ലാം. മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടില്ലാത്ത ഇരുനൂറോളം കഥകളാണ് സമാഹരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളത്തിലെ ബീര്‍ബല്‍ കഥകളുടെ ഏറ്റവും വലിയ സമാഹാരം എന്ന വിശേഷണം ഈ പുസ്തകത്തിന് എന്തുകൊണ്ടും യോജിക്കുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.