പ്രകൃതിയെ സംരക്ഷിക്കാനായി ഒരു കാട്ടുപന്നി

കുഞ്ച് രാൻ എന്ന കാട്ടുപന്നിയുടേയും അവൻ സംരക്ഷിച്ചുപോന്ന കുഞ്ച്രാമ്പള്ളം എന്ന വനത്തിന്‍റയും കഥ പറയുന്ന പരിസ്ഥിതി നോവലാണ് കുഞ്ച് രാമ്പള്ളം. കള്ളത്തടി വെട്ടുകാരുടേയും വനംകൊള്ളക്കാരുടേയും കൈയിൽ നിന്ന് വനത്തെ സംരക്ഷിക്കാൻ ആദിവാസികളുടെ സഹായത്തോടെ ഒരുകൂട്ടം പരിസ്ഥിതി പ്രവർത്തകർ നടത്തുന്ന പോരാട്ടത്തിന്‍റ കഥയാണിത്. അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാർഥ ചിത്രം പുറത്തു കൊണ്ടുവരുന്നതോടൊപ്പം  ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളേയും വെളിച്ചത്ത് കൊണ്ടുവരാൻ അട്ടപ്പാടിയിലെ പരിസ്ഥിതി പ്രവർത്തകരായ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേർന്നെഴുതിയ ഈ നോവൽ ശ്രമിക്കുന്നു.

അട്ടപ്പാടിയിലാണ് കുഞ്ച് രാമ്പള്ളമെന്ന വനം. കാടുമായി ബന്ധ പ്പെട്ട് ജീവിച്ചിരിക്കുന്ന നിഷ്കളങ്കരായ ഒരു കൂട്ടം ആദിവാസികളുടെ ഇടയിലേക്ക് നാഗരിക മനുഷ്യർ കടന്നു കയറിയതിന്‍റെ ദുരനുഭവങ്ങളാണ് നോവൽ ചർച്ച ചെയ്യുന്നത്. അതോടൊപ്പം അട്ടപ്പാടിയുടെ തകർച്ചയുടെ കാരണങ്ങളും പറയുന്നു. സ്വർഗീയമായിരുന്ന ഒരു പ്രദേശം എപ്രകാരമാണ് മരുപ്രദേശമായി മാറിയതെന്ന് വായനക്കാരന് അനുഭവിച്ചറിയാൻ സാധിക്കുന്നു. പച്ചപ്പിനാൽ നിറഞ്ഞ ഒരു പ്രദേശത്തെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേത്യത്വവും കള്ളത്തടി മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയും കുഞ്ച് രാമ്പള്ളം തുറന്നു കാട്ടുന്നു.

അട്ടപ്പാടിയെ ബാധിച്ചിരിക്കുന്ന വൻവരൾച്ചയുടെ ചിത്രമാണ് നോവൽതുടങ്ങുമ്പോള് ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും അവതരിപ്പിക്കുന്നത്. ഒരുകാലത്ത് ജലസമ്പത്താൽ അനുഗൃഹീതമായിരുന്ന പ്രദേശത്തിന്‍റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.  ഇതിനിടയിലാണ് ഒരു പന്നിയുടെ രംഗപ്രവേശം. പായറത്തോടിനു ചേർന്നുള്ള വിശാലമായ കാടിന്‍റെ കാവലാളായി മാറുന്നു കുഞ്ച് രാൻ എന്ന കാട്ടുപന്നി. ഇവനെ കണ്ടിട്ടുള്ളവർ ആരും തന്നെയില്ല, എന്നാൽ വരവരിയുന്നവര്‍ ധാരാളം. കുഞ്ച് രാനില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്നവര്‍ പോലും ഇവന്‍റെ പേരു കേള്‍ക്കുന്നതു പേടിയോടെയാണ്. അതുകൊണ്ടു തന്നെ ഇവന്‍റെ സഞ്ചാരപഥങ്ങളില്‍ മറ്റാരുമില്ല. വനസംരക്ഷണത്തിനു വേണ്ടി യുള്ള ഈ പോരാട്ടത്തെ ആവേശജനകമായ തരത്തില്‍ അവതരിപ്പിക്കുന്നതില്‍ എഴുത്തുകാര്‍ വിജയിച്ചിട്ടുണ്ട്.

ഭൗതികജീവിതത്തോടും സുഖസൗകര്യങ്ങളോടുമുള്ള മനുഷ്യന്‍റെ അത്യാര്‍ത്തി അവനെ പ്രകൃതിവിരുദ്ധനും ചൂഷകനുമാക്കി തീര്‍ത്തിരിക്കുകയാണ്.ഇത്തരത്തില്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് ഭൂമിയെ തള്ളിവിട്ടതിന്റെ പരിണിതഫല ങ്ങള്‍ ആധുനിക മനുഷ്യന്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കേരളം ഇന്ന് അതിഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങിയിരിക്കുകയാണ്. നിസ്സംഗഭാവത്തോടെയാണെങ്കിലും നാമത് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കുഞ്ച് രാമ്പള്ളമെന്ന ഈ നോവല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.