കമ്യൂണിസ്റ്റ് വിപ്ലവത്തിന്‍റെ തലയിലെഴുത്ത്

1927-ൽചൈനയിൽ നടന്ന കമ്യൂണിസ്റ്റ് വിപ്ലവത്തിന്‍റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഫ്രഞ്ച് നോവലാണ് ആൻഡ്രെ മാൽറക്സിന്റെ ലാ കണ്ടിഷൻ ഹ്യുമെയ്ൻ. 1927 മാർച്ച് 21 മുതൽ ഏപ്രിൽ 11 വരെയുള്ള ഇരുപത്തിരണ്ടു ദിവസത്തെ സംഭവവികാസങ്ങളാണ് ഈ നോവലിൽ അവതരിപ്പിക്കുന്നത്. ഷാങ്ഹായിൽ നടന്ന രാഷ്ട്രീയ അട്ടമറിയുടെ പരാജയം എങ്ങനെയാണ് വിപ്ലവകാരികളുടെ ജീവിതത്തെ മാറ്റിമറിച്ചതെന്നതാണ് ഈ നോവലിന്‍റെ ഇതിവൃത്തം. ഷെൻ റ്റാ എർ, ക്യോഷി ഗിസർസ്, കട്ടോവ്, ബാരൺ ക്ലാപ്പിക് എന്നീ നാല് വിപ്ലവകാരികളുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വിപ്ലവത്തിലുണ്ടായ പരാജയം വിപ്ലവകാരികളുടെ ജീവിതത്തിൽ കൊണ്ടുവന്ന ദുരിത പൂർണ്ണമായ അനുഭവങ്ങളും അവർ അനുഭവിച്ച മാനസികസംഘർഷങ്ങളും ആവിഷ്ക്കരിക്കുകയാണ് ഈ നോവൽ.

ഷെൻ റ്റാ എർ അധികാരപദവിയിലുള്ള ഒരാളെ കൊല്ലാൻ നിയോഗിക്കപ്പെടുന്നവനാണ്. തന്‍റെ ആദ്യ ശ്രമത്തിലെ വിജയം അയാളെ മത്തുപിടിപ്പിക്കുന്നു. പിന്നീട് മരണമെന്നത് ഒരാസക്തിയായി മാറുകയാണ് ഷെനിന്. ഇതിനെതുടർന്ന് മാനസിക സംഘർഷത്തിനടിമപ്പെടുന്ന ഷെൻ തന്‍റെ ദുരിതങ്ങളവസാനിപ്പിക്കാൻ മരിക്കാൻ ആഗ്രഹിക്കുന്നു. ചിയാങ് കൈഷെക്കിനെ വധിക്കാനുള്ള ശ്രമത്തിൽ പരാജിതനായി കൊല്ലപ്പെടുന്ന ഷെൻ ദുരിതത്തിൽനിന്ന് മുക്തി നേടുന്നു.
രണ്ടാമത്തെ കേന്ദ്രകഥാപാത്രമായ ക്യോഷി ഗിസർസ് വിപ്ലവ മേധാവികളിലൊരാളാണ്. മനുഷ്യൻ ജീവിക്കുന്നത് തന്‍റെ ഇച്ഛകൾക്കനുസൃതമാവണം എന്നാണ് ക്യോഷിയുടെ നയം. തൊഴിലാളി വർഗ്ഗത്തിനു അധികാരം ലഭിക്കാനായി പോരാടുകയും അത് പരാജപ്പെട്ടു പിടിക്കപ്പെടുമെന്നാവുമ്പോൾ സൈനെഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയുമാണ് ക്യോഷി. റഷ്യയിലെ ആഭ്യന്തരയുദ്ധകാലത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും അവസാന നിമിഷം അതിൽനിന്ന് രക്ഷപെടുകയും ചെയ്യുന്ന ആളാണ് കട്ടോവ്. ഈ രക്ഷപെടലിലൂടെ തനിക്ക് മരണത്തെ ചെറുക്കാൻ കഴിവുണ്ടെന്ന് അയാൾ വിശ്വസിക്കുന്നു. പക്ഷേ വിപ്ലവത്തിന്‍റെ പരാജയവും കട്ടോവിന്‍റെ മരണവും അയാളെ നിസ്സംഗനാക്കുന്നു. പിടിക്കപ്പെടുമ്പോൾ സഹവിപ്ലവകാരികൾക്ക് സൈനെഡ് നൽകി സ്വയം തീവ്രമായ മരണം എറ്റുവാങ്ങുകയാണ് കട്ടോവ്.
ഫ്രഞ്ച് വ്യപാരിയും കള്ളക്കടത്തുകാരനുമായ ബാരൺ ക്ലാപ്പിക്കാണ് ഈ നോവലിലെ നാലാമത്തെ കേന്ദ്രകഥാപാത്രം. മറ്റുള്ളവരെ പോലെ മരണത്തിനു കീഴടങ്ങേണ്ടി വരുന്നില്ലെങ്കിലും തന്റെ ജീവിതാവസാനംവരെ അയാൾ മാനസിക സംഘർഷത്തിനടിമപ്പെടുന്നു. ക്യോ കൊല്ലപ്പെടുമെന്നറിഞ്ഞു ആ വിവരം അറിയിക്കാൻ പുറപ്പെടുന്നെങ്കിലും ചൂതുകളിയിൽ ഏർപ്പെടുന്ന ക്ലാപ്പിക്കിനു ഈ വിവരം കൈമാറാനാകുന്നില്ല. താൻ കാരണമാണ് ക്യോഷിക്ക് രക്ഷപെടാനാവാഞ്ഞത് എന്ന ചിന്ത അയാളെ ജീവിതാവസാനം വരെ വേട്ടയാടുന്നു. ചൈനീസ് വിപ്ലവകാരികളുടെ ജീവിതാവിഷ്ക്കാരത്തിലൂടെ വിപ്ലവങ്ങളുടെ പൊതുസ്വഭാവം, പരസ്പരവൈരുധ്യങ്ങളാകുന്ന ചിന്താഗതികളിൽപ്പെട്ടുലയുന്ന മനുഷ്യർ, ചതി, വഞ്ചന, ത്യാഗം എന്നിവയും എഴുത്തുകാരൻ അനാവരണം ചെയ്യുന്നു.

വിപ്ലവകാരികളിൽ മൂന്ന് പേർ പിടിക്കപ്പെട്ടു മരണം വരിക്കുന്നു. അവരുടെ ജീവിതത്തിലെ ദുരിതങ്ങൾ അതോടെ അവസാനിക്കുന്നു. എന്നാൽ മരണത്തിൽനിന്ന് രക്ഷപ്പെടുന്ന ബാരൺ ക്ലാപ്പിക്കിന് അയാളുടെ ജീവിതാവസാനം വരെ മാനസികവ്യഥ അനുഭവിക്കേണ്ടി വരുന്നു. ക്യോഷിയുടെ മരണത്തിന്‍റെ കുറ്റബോധം അയാളെ വിട്ടകലുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.