തക്കിജ്ജ: അഴികള്‍ക്കപ്പുറത്തെ ആകാശക്കീറ്

ഒരു തെറ്റും ചെയ്യാത്ത കൈകള്‍ക്കുമേല്‍ വന്നു വീണ വിലങ്ങുകള്‍ പോലെ അസ്വസ്ഥതയുടെയും നീറ്റലിന്‍്റെയും ഒരു വിലങ്ങ് വായനക്കുശേഷവും മനസ്സിനുമേല്‍ ചുറ്റിപ്പിണഞ്ഞ് വലിഞ്ഞു മുറുക്കുന്ന അനുഭവമാണ് ജയചന്ദ്രന്‍ മൊകേരിയുടെ 'തക്കിജ്ജ' നല്‍കുന്നത്. എട്ടു മാസം എന്നത് അത്ര ദീര്‍ഘിച്ച കാലമല്ളെങ്കിലും നിരപരാധിത്വത്തിന്‍റെ ഭാരവും പേറി കൊടും കുറ്റവാളികള്‍ക്കൊപ്പമുള്ള അനിശ്ചിത്വത്തിന്‍്റെ തടവറയില്‍ ഏതൊരാള്‍ക്കും എട്ടു പതിറ്റാണ്ടുകള്‍ തന്നെയായിരിക്കും അത്.

പതിഞ്ഞ താളത്തില്‍ സ്വച്ഛമായി ഒഴുകിയിരുന്ന ഒരു ജീവിതം എത്ര പെട്ടെന്നാണ് അടിമേല്‍ മറിഞ്ഞത്? ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താത്ത, മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാതെ, സ്നേഹശാസനകളോടെ കുട്ടികളെ പഠിപ്പിച്ചിരുന്ന അധ്യാപകന്‍ എങ്ങനെയാണ് 15 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ബാല പീഡന കേസുമായി പൊടുന്നനെ ഒരു ദിനം മാലെ ദ്വീപിലെ ജയിലുകളിലേക്ക് എടുത്തെറിയപ്പെട്ടത്? ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തന്നെ ചിലരുടെ ചതിപ്രയോഗത്തിന്‍റെയും വഞ്ചനയുടെയും ബാക്കി പത്രമായിരുന്നു അയാള്‍ക്കു മേല്‍ വന്നു പതിച്ച തടവറ ദിനങ്ങള്‍. മാലെ ദ്വീപിന്‍റെ നമുക്കറിയാത്ത ലോകത്തിലേക്ക് തുറക്കുന്ന വാതില്‍ കൂടിയാണ് 'തക്കിജ്ജ'. വിദ്യാര്‍ത്ഥികളുടെ നേരംപോക്കിനും പരിഹാസത്തിനും വേണ്ടിയുള്ള കേവലം വസ്തുക്കള്‍ ആയിരുന്നു അവിടെ അധ്യാപകര്‍. ലഹരിയുടെയും ലൈംഗികതയുടെയും അതിപ്രസരത്താല്‍ കുട്ടികള്‍പോലും കുറ്റകൃത്യങ്ങളിലേക്ക് എളുപ്പം ചെന്നു ചാടുന്ന  മാഫിയാ ലോകം.

കോടതിയില്‍ ഓരോ തവണയും നിരപരാധിത്വം തെളിയുമെന്നും മോചിപ്പിക്കപ്പെടുമെന്നുമുള്ള ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്പോഴും തൊട്ടടുത്ത നിമിഷം ഒരു കാരണവുമില്ലാതെ ന്യായാധിപന്‍ നീട്ടിയിടുന്ന തടവുദിനങ്ങള്‍ ആ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ നോക്കി ഊറിച്ചിരിക്കുന്നത് കാണാം. കുറ്റവാളി, നിരപരാധി,നിയമ വ്യവസ്ഥ, ജയിലുകള്‍ എന്നിവ നിരര്‍ത്ഥകമായ പദാവലികള്‍ ആയി മാറുന്ന കഠിനമായ വൈരുധ്യങ്ങളിലേക്ക് ഈ തടവറ ജീവിതം വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുന്നു. 'അമേരിക്കനൈസഷേന്‍' ആഴത്തില്‍ സ്വാധീനിച്ച മാലെ ദ്വീപ് പൗരന്‍മാര്‍ക്കിടയില്‍ ഇന്ത്യ എന്ന വാക്കിനോടു പോലും ഒരുതരം പുച്ഛഭാവമാണത്രെ. (ഇന്ത്യയില്‍ നിന്നുള്ള സഹായം ഇരു കൈകള്‍ നീട്ടി വാങ്ങുമ്പോള്‍പോലും!). ഇന്ത്യക്കാരനായ അധ്യാപകന്‍ എന്നത് ജയചന്ദ്രന്‍റെ തടവ് ജീവിതത്തെ കുറച്ചു കൂടി ദെര്‍ഘ്യമുള്ളതാക്കി എന്നു തോന്നിയെങ്കില്‍ അത് അതിവായനയാവില്ല. 


തക്കിജ്ജയുടെ പ്രകാശനച്ചടങ്ങ്
 

അധ്യാപകനെതിരെ നല്‍കിയ വ്യാജ പരാതി വിദ്യാര്‍ത്ഥി പിന്‍വലിച്ചിട്ടും അനിശ്ചിതത്ത്വത്തിന്‍റെ നൂറു നൂറു ദിനങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ നീണ്ടു നിവര്‍ന്നു കിടന്നു. ഒരിക്കല്‍ ജയില്‍ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയപ്പോള്‍ വന്ന ഒരു ഓര്‍മയെ ജയചന്ദ്രന്‍ ഇങ്ങനെ വിവരിക്കുന്നുണ്ട്. ''ക്ളിനിക്കിന്‍റെ ചുവരില്‍ പല ചാര്‍ട്ടുകളിലുമുള്ള വിശദാംശങ്ങള്‍ ഇതിനകം രണ്ടോ മൂന്നോ തവണ വായിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് ചുവരിനു മീതെ ഒരു കുപ്പിയില്‍ വളപ്പൊട്ടുകള്‍ കണ്ടത്. അതു മുഴുവന്‍ എണ്ണുമ്പോള്‍ കുറേ നേരം പിന്നിടും എന്നയാള്‍ കരുതി. വളപ്പൊട്ടുകള്‍ എടുക്കുമ്പോള്‍ താഴേക്ക് ഒരു കുറിപ്പ് പറന്നു വീണു. അത് ഒരജ്ഞാതന്‍റെ കുറിപ്പാണ്. ''പ്രിയ സുഹൃത്തെ, ഈ വളപ്പൊട്ടുകള്‍ ഞാന്‍ കൃത്യമായി എണ്ണിവെച്ചിട്ടുണ്ട്. കൃത്യം എണ്ണൂറ്റി എഴുപത്തിയേഴ്''. ആ കുറിപ്പ് കണ്ടപ്പോള്‍ അത് എണ്ണാനുള്ള ആവേശം അയാള്‍ക്ക് നഷ്ടമായി. ഈ അസ്വസ്ഥത നേരിട്ട മുന്‍ഗാമി പിറകേ വന്നവന് ഒന്നും ബാക്കിവെച്ചില്ല.''

മരണശിക്ഷക്ക് വിധിക്കപ്പെട്ടവനെപോലെ ഏകാന്ത സെല്ലില്‍ മുന്നിലെ ഉയര്‍ന്ന ചുമരിനപ്പുറത്ത് കാണുന്ന ആകാശക്കീറ് മാത്രമായിരുന്നു ജയചന്ദ്രന്‍റെ മുന്നിലെ സ്വാതന്ത്ര്യത്തിന്‍റെ ലോകം. ജയിലഴികള്‍ പിടിച്ച് പുറത്തേക്ക് നോക്കി എല്ലാം നഷ്ടപ്പെട്ട് അദ്ദേഹം നിന്നു. സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിച്ച് ജീവിക്കുന്ന മനുഷ്യര്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത മറ്റൊരു ലോകമായിരുന്നു അത്. വിചിത്രമായ സ്വഭാവങ്ങള്‍ ഉള്ള, കേട്ടാല്‍ അറയ്ക്കുന്ന, വിറച്ചുപോവുന്ന കൊടും ക്രിമിനലുകള്‍ക്കിടയില്‍ നിസ്സഹായനായ ഒരു മനുഷ്യന്‍. തടവറയുടെ മനം പിരട്ടുന്ന മണം, അസഹ്യമായ ഇടുക്കം, പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും വെള്ളം കിട്ടാതായിപ്പോയ ദിനങ്ങള്‍, മയക്കു മരുന്നു കടത്തുന്നുണ്ടോ എന്നറിയാന്‍ സ്വകാര്യ ഭാഗങ്ങളില്‍ പോലുമുള്ള പരിശോധന, ജീവന്‍ പോലും അപായപ്പെടുത്തിയേക്കാവുന്ന കുറ്റവാളികള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും ഉറങ്ങാനാവാതെയും ഉള്ള രാപകലുകള്‍. 

ജയില്‍മോചിതനായി മാലെ ദ്വീപില്‍ നിന്ന് നാട്ടിലത്തെിയ ജയചന്ദ്രന്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം
 

മറുനാടുകളില്‍ തൊഴില്‍തേടുന്നവരെ സ്വന്തം നാട്ടിലെ ഭരണകൂട പ്രതിനിധികള്‍ അവഗണിക്കുകയും അപഹസിക്കുകയും ചെയ്യുന്നതിന്‍റെ ഗതികെട്ട ചിത്രം കൂടി ജയചന്ദ്രന്‍ ഇതില്‍ പകര്‍ത്തിവെക്കുന്നു. എല്ലാതരം അവഹേളനങ്ങളെയും അദ്ദേഹം അതിജീവിച്ചത് ആ ജയിലുകളിലൊന്നില്‍  കണ്ട റുബീനയെന്ന സ്ത്രീയോട് പറയുന്ന വാക്കുകളില്‍ നിന്ന് വായിച്ചടെുക്കാം.  ''തകര്‍ന്നുപോവരുത്. പിടിച്ചു നില്‍ക്കുക. ഈ ലോകത്ത് ഇനിയും നന്മകള്‍ ബാക്കിയുണ്ട്'' എന്നായിരുന്നു അത്. മോചനത്തിനൊടുവില്‍ അവിടെ നിന്ന് രക്ഷപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ തന്നെപ്പോലെ നിരപരാധികള്‍ ആയിട്ടും നീതിന്യായ വ്യവസ്ഥയുടെ തുണയില്ലാത്ത, ജയിലില്‍ തുടരുന്ന റുബീനയുടെയും രാജേഷിന്‍റെയും മോചനമായിരുന്നു.

നീതി, നിയമം,സൗഹൃദം, കുടുംബം, മനുഷ്യാവസ്ഥകളുടെ ആഗന്തുക സ്വാഭവം ഇവയെക്കുറിച്ചെല്ലാമുള്ള വിചാരങ്ങളിലേക്ക് നമ്മെ നയിക്കാന്‍ തക്കിജ്ജക്ക് കഴിയുമെന്ന് സച്ചിദാനന്ദന്‍ ഈ പുസ്തകത്തെ കുറിച്ച് പറയുന്നു. ദ്വീപില്‍ നിന്ന് ദ്വീപിലേക്കും ജയിലില്‍ നിന്ന് ജയിലിലേക്കും ഒരു നിരപരാധിയുടെ  സഹനയാത്രയുടെ സത്യകഥ. തടവറ എത്ര മാരകമായ അപമാനവീകരണമെന്ന്, നിന്ദ്യയെന്ന്, സഹനമെന്ന്, മറുപടിയില്ലാത്ത സംഭാഷണത്തിന്‍റെ ഏകാന്തതയെന്ന് നമ്മുടെ തൊട്ടടുത്തിരുന്ന് പറയുകയാണ് ജയചന്ദ്രന്‍ എന്ന് കെ.ജി ശങ്കരപ്പിള്ളയും പറയുന്നു.
അതിഭാവുകത്വത്തിന്‍റെ മേമ്പൊടികള്‍ ഇല്ലാതെ തെളിഞ്ഞ ഭാഷയില്‍ എഴുതിയ ഈ പുസ്തകം തന്നെയാണ് തടവു ജീവിതത്തിലൂടെ അദ്ദേഹം മലയാളത്തിന് നല്‍കിയ വിലപ്പെട്ട സംഭാവന. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.