കുതിരയില്ല, ആഡംബര കാറുമില്ല; വിവാഹത്തിനെത്തിയത് സൈക്കിളിൽ, വേറിട്ട സന്ദേശവുമായി വരനും സംഘവും!
മുംബൈ: വിവാഹത്തിന് കുതിരപ്പുറത്തും ആഡംബര കാറിലും വരൻ എത്താറുണ്ട്. എന്നാൽ സൈക്കിളിൽ വിവാഹ ഘോഷയാത്ര നടത്തിയാലോ? മഹാരാഷ്ട്രയിലാണ് കൗതുകമുണർത്തുന്ന ഈ സംഭവം അരങ്ങേറിയത്. അകോലയിലെ ഡോ. വിരാജാണ് തന്റെ വിവാഹഘോഷയാത്രയിൽ സൈക്കിളിലെത്തിയത്. വരനൊപ്പം നൂറോളം പേരും സൈക്കിളിൽ അണിനിരന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ഈ വേറിട്ട വിവാഹാഘോഷം. 'റൈഡ് ഫോർ ലവ്' എന്നായിരുന്നു ചടങ്ങിന്റെ പേര്. നവംബർ 21ന് നടന്ന വിവാഹത്തിന് മുന്നോടിയായി അകോല നഗരത്തിലെ പ്രധാന റോഡുകളിലൂടെയായിരുന്നു സൈക്കിൾ ഘോഷയാത്ര സംഘടിപ്പിച്ചത്.
പൂക്കൾകൊണ്ട് അലങ്കരിച്ച സൈക്കിളിലായിരുന്നു വരന്റെ യാത്ര. കുടുംബാംഗങ്ങൾക്കൊപ്പം പരിസ്ഥിതി പ്രവർത്തകർ, സൈക്കിൾ പ്രേമികൾ, വിവിധ സൈക്ലിങ് ക്ലബ്ബുകളിലെ അംഗങ്ങൾ എന്നിവരും ഘോഷയാത്രയിൽ പങ്കെടുത്തു. 'റൈഡ് ഫോർ ലവ്' എന്ന സന്ദേശം പതിച്ച ടി-ഷർട്ടുകൾ ധരിച്ചായിരുന്നു പലരും എത്തിയത്. ഏകദേശം നൂറോളം പേർ സൈക്കിളുകളിൽ വരനെ അനുഗമിച്ചു.
ഘോഷയാത്ര കടന്നുപോയ വഴികളിൽ നിരവധി പേർ കൗതുകത്തോടെ ഇത് വീക്ഷിച്ചു. ചിലർ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സാധാരണ വിവാഹങ്ങളിൽ കാണുന്ന ആർഭാടങ്ങൾക്കു പകരം സൈക്കിളിനെ ആഘോഷത്തിന്റെ ഭാഗമാക്കിയതാണ് പരിപാടിയെ ശ്രദ്ധേയമാക്കിയത്.
വരന്റെ പിതാവ് ഡോ. രാജേന്ദ്ര കുമാർ സോനോനെയുടെ തീരുമാനമാണ് ഇത്തരമൊരു ആശയത്തിന് പ്രചോദനമായത്. വിവാഹം കുടുംബത്തിന്റെ ആഘോഷം മാത്രമല്ല, മറിച്ച് സമൂഹത്തിന് നല്ലൊരു സന്ദേശം കൈമാറാനുള്ള അവസരം കൂടിയാണെന്ന ചിന്തയിലാണ് കുടുംബം സൈക്കിൾ ഘോഷയാത്ര സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.