മൂന്നു ദശകത്തിന് ശേഷം കശ്മീർ പട്ടിന്‍റെ പറുദീസയാകുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റവും പഴക്കം ചെന്ന സിൽക് ഫാക്ടറി മുപ്പത് വർഷത്തിന് ശേഷം പ്രവർത്തനം പുനരാരംഭിക്കുന്നു. ശ്രീനഗർ നഗരത്തിലെ സോലിന രാംബാഗിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. 1897ൽ സിൽക് അസോസിയേഷൻ ഒാഫ് ഗ്രേറ്റ് ബ്രിട്ടൺ പ്രസിഡന്‍റ് സർ. തോമസ് വാർലെയാണ് ഈ ഫാക്ടറി സ്ഥാപിച്ചത്.

ലോട്ടസ്, ഐറിസ്, തുലിപ്, നീൽ എന്നീ വ്യത്യസ്ത തരത്തിലുള്ള പട്ടുകളാണ് കശ്മീരിൽ ഉൽപാദിപ്പിക്കുന്നത്. 35 കോടി രൂപയുടെ ലോകബാങ്ക് സഹായം ഫാക്ടറിക്ക് ലഭിച്ചിട്ടുണ്ട്. ന്യൂ ജമ്മു വിമാനത്താവളത്തിലും ബനിഹാൾ റെയിൽവേ സ്റ്റേഷനിലും സിൽക് ഉൽപന്നങ്ങളുടെ വിൽക്കാനുള്ള ഒൗട്ട്ലെറ്റുകൾ അധികൃതർ തുറക്കും. 

മേഖലയിലെ സിൽക് വ്യവസായം തിരിച്ചു കൊണ്ടു വരുന്നതിനും ജനങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ പദ്ധതിയിട്ടത്. ജമ്മു കശ്മീരിന്‍റെ കലയും സംസ്കാരവും തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഫാക്ടറി തുറക്കാൻ തീരുമാനിച്ചതെന്ന് ടെക്സ്റ്റൈൽ കമീഷണർ ഡോ. കവിത ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. 


ഫാക്ടറിയുടെ പ്രവർത്തനം പുർവസ്ഥിതിയിൽ ആകുന്നതോടെ ചൈനയിൽ നിന്നുള്ള സിൽക് ഉൽപന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറക്കാൻ സാധിക്കുമെന്ന് തൊഴിലാളിയായ ബാഷിർ അഹ്മദ് വ്യക്തമാക്കി. ചൈനയേക്കാൾ ഗുണമേന്മയുള്ള സിൽക് ഉൽപന്നങ്ങൾ നിർമിക്കാൻ കശ്മീരിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താഴ് വരയിലെ 70 ശതമാനം യുവജനങ്ങളും തൊഴിൽ രഹിതരാണ്. ഫാക്ടറി തുറന്നതോടെ ഇതിന് പരിഹാരം കാണാനാവുമെന്നും മറ്റൊരു തൊഴിലാളിയായ അബ്ദുൽ റാഷിദ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.