ശ്രീ​നി​വാ​സ​ൻ ക​ളം​ വരക്കുന്നു

കളം നിറയുന്ന വർണ്ണങ്ങൾ

കേരള സാംസ്കാരിക വകുപ്പിന്റെ അംഗീകാരമുള്ള 27 അനുഷ്ഠാനകലകളിൽ ഒരുപേക്ഷ ഏറ്റവും പുരാതനമായതാണ് കളമെഴുത്ത്. കളം വരച്ചതിനുശേഷം സ്തോത്രങ്ങൾ ചൊല്ലുന്നതിനാൽ, ഈ കലയുടെ ഔപചാരിക നാമം 'കളമെഴുത്തും പാട്ടു'മെന്നാണ്. കളംപാട്ടിനെ ക്ഷേത്ര മതിൽക്കെട്ടിനു പുറത്തുകൊണ്ടുവന്ന് സാധാരണക്കാർക്ക് പരിചയപ്പെടുത്തുന്നു എന്നതാണ് മങ്കട സ്വദേശിയായ കടന്നമണ്ണ ശ്രീനിവാസനെ വിഭിന്നനായൊരു കലാകാരനാക്കുന്നത്. ക്ലാസിക് പരിവേഷമുള്ളൊരു ഗ്രാമീണ കലയുടെ കാൽനൂറ്റാണ്ടു കാലത്തെ ജനകീയവത്കരണം പരിഗണിച്ചാണ് കേരള ഫോക്‌ലോർ അക്കാദമി ശ്രീനിവാസനെ യുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചത്. സംഘകാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളിൽ തുടങ്ങിയ ആചാരകലയാണ് കളമെഴുത്ത്. എന്നാൽ, ശതാബ്ദങ്ങൾ കഴിഞ്ഞപ്പോൾ ഈ ക്ഷേത്രാനുഷ്ഠാനം കലാപരതയുള്ളൊരു നാടൻകലയായി പരിണമിച്ചു.

ഗ്രാമീണ ആവിഷ്കാരം

കേരളത്തിൽ പൊതുവെ കണ്ടുവരുന്ന ആചാര കലാരൂപമാണെങ്കിലും പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന വള്ളുവനാട്ടിലാണ് കളംപാട്ടിന് കൂടുതൽ പ്രചാരമുള്ളത്. വേലകളും താലപ്പൊലികളും അരങ്ങേറുന്ന മണ്ണിൽ അലിഞ്ഞുചേർന്നതാണ് ഈ ആവിഷ്കാരം. പാലക്കാടു മുതൽ പൊന്നാനിവരെ പരന്നുകിടക്കുന്ന പ്രദേശത്തെ ഒട്ടുമിക്ക അമ്പലങ്ങളിലും ഉത്സവങ്ങൾക്കു മുന്നോടിയായി കളമെഴുതി പാട്ടുപാടുന്നു. പ്രകൃത്യാ ഉള്ള അഞ്ചു വർണപ്പൊടികൾ ഉപയോഗിച്ച് ദേവീദേവന്മാരെ ചിത്രീകരിക്കുന്നതാണ് കളമെഴുത്ത്. ക്ഷേത്രത്തിനു പുറത്താണ് കളമിടുന്നതെങ്കിൽ ചാണകം മെഴുകിയ തറയിൽ ഉമിക്കരിയാണ് എഴുത്തിന്റെ പ്രഥമ ലേപനം. പൊടികൾ അൽപാൽപമായി ശ്രദ്ധാപൂർവം ഇട്ട് രൂപങ്ങൾ രചിക്കുന്നത് വിരലുകൾകൊണ്ടാണ്. ബ്രഷ്, പാലെറ്റ് മുതലായ ചിത്രകല സഹായ സാമഗ്രികളൊന്നും കളമെഴുത്തിന് ഉപയോഗിക്കുന്നില്ല. വാതിൽപുറ കളമെഴുത്തിന് കുരുത്തോലപ്പന്തൽ പതിവുണ്ട്. ഉത്സവ ചടങ്ങുകളുടെ ഭാഗമായി കളമിടുന്നത് ക്ഷേത്ര അകത്തളത്തിലാണെങ്കിലും, സൗകര്യമുള്ള പക്ഷം അവിടെയും കുരുത്തോല കെട്ടി അലങ്കരിക്കാറുണ്ട്.

പഞ്ചവർണപ്പൊടികൾ

പ്രകൃതിദത്തമായ അഞ്ചു വർണപ്പൊടികളാണ് കളമെഴുതാൻ ഉപയോഗിക്കുന്നത്. ഉണങ്ങലരി പൊടിച്ച് വെള്ളപ്പൊടിയും മഞ്ഞൾ പൊടിച്ച് മഞ്ഞപ്പൊടിയും ഉമി കരിച്ച് കറുത്ത പൊടിയും മഞ്ചാടിയില പൊടിച്ച് പച്ചപ്പൊടിയും മഞ്ഞളും ചുണ്ണാമ്പും തിരുമ്മിച്ചേർത്ത് ചുവന്ന പൊടിയും നിർമിക്കുന്നു. ഈ പഞ്ചവർണങ്ങൾ യഥാക്രമം പഞ്ചലോഹങ്ങളായ വെള്ളി, സ്വർണം, ഇരുമ്പ്, പിച്ചള, ചെമ്പ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. കല്ലാറ്റ് കുറുപ്പെന്ന് സ്ഥാനനാമമുള്ള കലാകാരനാണ് കളം ചിത്രകാരനും ഗായകനും. അസ്തമയത്തിനു മുമ്പേ കുറുപ്പ് ദേവരൂപം വരച്ചുതീർക്കും. തുടർന്ന്, തന്ത്രിവാദ്യമായ നന്തുണിയുടെ അകമ്പടിയോടെ, കുറുപ്പ് കളംപാട്ട് ആരംഭിക്കും. കുറുപ്പിന്റെ ആലാപനത്തിനൊപ്പം മാരാരുടെ ചെണ്ട കൊട്ടും നമ്പൂതിരിയുടെ പൂജയും കൂടിയാകുമ്പോൾ കളമെഴുത്തും പാട്ടും ഏറെ കമനീയമായിത്തീരുന്നു! കളബലിയാണ് (തിരി ഉഴിച്ചിൽ) അവസാനത്തെ ചടങ്ങ്. താമസിയാതെ, വെളിച്ചപ്പാടോ കുറുപ്പോ കളം മായ്ക്കുന്നു. കളപ്പൊടി ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യുന്നതോടെ കാര്യക്രമത്തിന് സമാപ്തിയാകും.

ക​ളം​പാ​ട്ട് ശി​ൽ​പ​ശാ​ല​യിൽ കുട്ടികളോടു സംവദിക്കുന്നു

കളംപാട്ട് എന്ന പാരമ്പര്യം

'മലയാള ഭാഷയുടെ അടിസ്ഥാന രൂപവത്കരണമാണ് സംഘകാലത്തെ ഏറ്റവും വലിയ നേട്ടമായി നാം കരുതുന്നതെങ്കിലും, ഈ കാലയളവിൽതന്നെ പിറവികൊണ്ട സാംസ്കാരിക മികവുകളിലൊന്നാണ് കളത്തിൽ ആവിഷ്കരിക്കുന്ന വർണനകൾ. യഥാർഥത്തിൽ, ഭാരതീയ ചുമർചിത്രകലയുടെ പിതാവാണ് കളമെഴുത്ത്' -ശ്രീനിവാസൻ പറയുന്നു..

'ഞാൻ ജനിച്ചുവളർന്നത് ഒരു കളംപാട്ടുകലാ കുടുംബത്തിലാണ്. കളംപാട്ടിനുള്ള 2004ലെ കേരള ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവായ കടന്നമണ്ണ നാരായണ കുറുപ്പാണ് മുത്തച്ഛൻ. അച്ഛൻ കടന്നമണ്ണ നാരായണൻകുട്ടി കുറുപ്പും കളംപാട്ടു കലാകാരനാണ്. കളംപാട്ടിനെക്കുറിച്ചുള്ള അവഗാഹം ഇവരിൽനിന്നാണ് ലഭിച്ചത്. അടുപ്പിലെ ചാരം ഉപയോഗിച്ചായിരുന്നു കളമെഴുത്ത് പരിശീലനം. ആറു വയസ്സു മുതൽ വീട്ടുമുറ്റത്ത് കുറേശ്ശയായി വരച്ചുപഠിക്കാൻ തുടങ്ങി. ഏറ്റവുമാദ്യം ഒരു ക്ഷേത്രത്തിൽ കളമെഴുതിയത്, പാട്ട് അരങ്ങേറ്റം നടത്തിയ കീഴാറ്റൂർ മുതുകുർശ്ശിക്കാവ് ക്ഷേത്രത്തിൽ തന്നെയായിരുന്നു. ഈ ആവിഷ്കാരത്തിന്റെ ആലാപനശൈലി ചെറുപ്പംമുതൽ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അതിനാൽ കളംരചന പഠിക്കുംമുമ്പേതന്നെ ആലാപനം അഭ്യസിച്ചുതുടങ്ങി. മലയാളത്തിലും, ചെന്തമിഴിലുമുള്ള സോപാന സംഗീതത്തിന്റെയും, നാടൻ പാട്ടിന്റെയും മിശ്രണമാണ് സ്തുതിയുടെ വരികൾ. ശങ്കരാഭരണം, നാട്ട, കാനഡ, സാരംഗം, അഠാണ, മധ്യമാവതി തുടങ്ങിയ രാഗങ്ങളിൽ ഇപ്പോൾ പാടിക്കൊണ്ടിരിക്കുന്നു.'

ക​ട​ന്ന​മ​ണ്ണ ശ്രീ​നി​വാ​സ​ൻ

കളംപാട്ട്ശിൽപശാലകൾ

അതിപുരാതന അനുഷ്ഠാനമായ കളമെഴുത്തുപാട്ടിനെ എല്ലാവരിലേക്കും എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശ്രീനിവാസൻ കളംപാട്ട് ശില്പശാല ആരംഭിച്ചത്. സ്കൂളുകളിലും കോളജുകളിലും െവച്ചു നടത്തുന്ന പരിപാടികളിൽ ഈ ആവിഷ്കാരത്തിെന്റ ഐതിഹ്യവും ചരിത്രവും കളമെഴുതാൻ ഉപയോഗിക്കുന്ന പൊടികൾ ഉണ്ടാക്കുന്ന രീതിയും വിദ്യാർഥികൾക്ക് വിവരിച്ചുകൊടുക്കും. തുടർന്ന് കളം വരച്ച്, നന്തുണി വായിച്ചുകൊണ്ട് പാട്ടും പാടുന്നു. ജാതിമത ഭേദമെന്യേ താൽപര്യമുള്ളവർക്കെല്ലാം ഈ കലാരൂപത്തെക്കുറിച്ച് അറിയാൻ ഇതിലൂടെ അവസരം ലഭിക്കും. പഠിച്ച മങ്കട സർക്കാർ ഹൈസ്കൂളിലാണ് 2015ൽ പ്രഥമ കളംപാട്ട് ശിൽപശാല അരങ്ങേറിയത്. അതിനുശേഷം 64 സ്കൂളുകളിലും 22 കോളജുകളിലും ഇതുവരെ കളംപാട്ട് ശിൽപശാലകൾ സംഘടിപ്പിച്ചു. കൂടാതെ, 56 ഫേസ്ബുക്ക് ലൈവ് കളംപാട്ട് ശിൽപശാലകളിലായി രണ്ടു ലക്ഷത്തിനുമേൽ വ്യൂവർഷിപ്പും ലഭിച്ചിട്ടുണ്ട്.

വിമർശനങ്ങളും ജീവിതവും

സമൂഹത്തിൽനിന്നും, കുടുംബത്തിൽ നിന്നും താഴ്‌ത്തിക്കെട്ടലുകളും പരിഹാസങ്ങളും എന്നും ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് ശ്രീനിവാസൻ പറയുന്നു. കളംപാട്ടിന് ചെലവാക്കുന്ന സമയംകൊണ്ട് എന്തെങ്കിലും ഒരു കൈത്തൊഴിൽ പഠിക്കുന്നത് എത്ര നന്നെന്നും പുതിയ ലോകത്ത് കളംപാട്ടിന് പ്രസക്തിയൊന്നുമില്ലെന്നുമാണ് പലരുടെയും വിമർശനം. പ്രോത്സാഹിപ്പിച്ചില്ലെങ്കിലും, മനസ്സിനിണങ്ങുന്നൊരു കലാരൂപം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നെങ്കിലും അവർക്ക് ചിന്തിച്ചുകൂടേ എന്നും അദ്ദേഹം ചോദിക്കുന്നു.

ഒരു കളത്തിന് ദക്ഷിണയായി ലഭിക്കുന്നത് ആയിരം രൂപയാണ്. പേക്ഷ, വർഷത്തിൽ ആറു മാസം മാത്രമാണ് കളംപാട്ടിന്റെ കാലം. ബാക്കിയുള്ള ആറുമാസത്തിൽ കളം കലാകാരന്റെ അടുപ്പിൽ തീ പുകയേണ്ടേ? അവശ കലാകാരന്മാർക്കു നൽകിവരുന്നതുപോലെ യുവ കലാകാരന്മാർക്കും അർഹിക്കുന്ന സാമ്പത്തിക സഹായം സർക്കാറിൽ നിന്നും ബന്ധപ്പെട്ട അക്കാദമികളിൽ നിന്നും ലഭിക്കണമെന്നാണ് ശ്രീനിവാസന്റെ അപേക്ഷ.

Tags:    
News Summary - Story about kalamezhuthu pattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.