ശബരിമല പൂങ്കാവനത്തിന്‍റെ മടിത്തട്ടിലൂടെ കയറ്റിറക്കങ്ങൾ താണ്ടി അയ്യപ്പ ദർശനത്തിനെത്തുന്നത് ആയിരക്കണക്കിന് ഭക്തർ. പെരിയാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്ര അനുഭൂതിദായകമാണെന്ന് ഇതുവഴിയെത്തുന്നവർ പറയുന്നു. ദിവസവും ആയിരത്തിലധികം പേർ ഇപ്പോൾ കാനനപാതയിലൂടെ ശബരിമലയിലെത്തുന്നുണ്ട്.
വണ്ടിപ്പെരിയാർ സത്രത്തു നിന്ന് കാൽനടയാത്ര ആരംഭിക്കും. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള പാതയിലൂടെ നടന്ന് സന്നിധാനത്തെത്താൻ പലരും അഞ്ചു മണിക്കൂറിലധികമെടുക്കും. ഉപ്പുപാറ, പുല്ലുമേട് വഴിയുള്ള യാത്ര പ്രകൃതിയുടെ വന്യത ആസ്വദിച്ചുള്ളതായതിനാൽ ഒട്ടും മടുപ്പു തോന്നാറില്ലെന്ന് പതിവായി ഇതുവഴി ശബരിമലയിലെത്തുന്ന ഭക്തർ പറയുന്നു.
ഭക്തരുടെ സുരക്ഷക്കുള്ള നടപടികൾ വനം വകുപ്പും പൊലീസും സ്വീകരിച്ചിട്ടുണ്ട്. രാവിലെ ഏഴു മണിയോടെ വനപാലകർ വനപാതയിലൂടെ സഞ്ചരിച്ച് വന്യമൃഗ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്. 13 കിലോമീറ്റർ ദൂരമുള്ള പാതയിൽ വൈദ്യുത വിളക്കുകളും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സത്രത്ത് നിന്ന് ഓരോ സംഘത്തിനും ആളുകളുടെ എണ്ണം രേഖപ്പെടുത്തിയ ടോക്കൺ നൽകിയാണ് കടത്തിവിടുന്നത്. സന്നിധാനത്തിനു സമീപം പാണ്ടിത്താവളത്തുള്ള അവസാന ചെക്ക്പോസ്റ്റിലെത്തുന്നതുവരെ ഓരോ ചെക്കുപോസ്റ്റും കടക്കുമ്പോൾ ഈ ടോക്കൺ നോക്കി എല്ലാവരും സുരക്ഷിതരായി കടന്നുപോയെന്നുറപ്പാക്കും.
ഉച്ചക്ക് ഒരു മണി വരെ മാത്രമേ സത്രത്തു നിന്ന് ഭക്തരെ കടത്തിവിടൂ. അവസാന ആളും പോന്നു കഴിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിന്നാലെ സഞ്ചരിച്ച് ഭക്തർ സുരക്ഷിതമായി കടന്നുപോയെന്ന് ഉറപ്പാക്കും. സന്നിധാനത്തു നിന്ന് സത്രം ഭാഗത്തേക്ക് രാവിലെ 11 വരെ ഭക്തരെ കടത്തിവിടും.
ഇടക്കെവിടെയെങ്കിലും വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായാൽ എൻ.ഡി.ആർ.എഫ് സംഘമെത്തി അവരെ ആശുപത്രിയിലേക്ക് മറ്റുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യും. ഉപ്പുപാറയിൽ ആംബുലൻസ് സൗകര്യമടക്കം മെഡിക്കൽ സംഘവും സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.