പുതുവർഷപ്പുലരിയിൽ ശബരീശ ദർശനത്തിന് വൻ ഭക്തജന തിരക്ക്

ശബരിമല: പുതുവർഷപ്പുലരിയിൽ ശബരീശ ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്. മകരവിളക്ക് ദിവസങ്ങളിലേതിന് സമാനമായ തിരക്കാണ് ഞായറാഴ്ച പുലർച്ചെ മുതൽ പമ്പയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. പുലർച്ചെ മൂന്നിന് നടതുറന്നപ്പോൾ ദർശനം കാത്തുള്ള തീർഥാടകരുടെ നിര ശരംകുത്തി വരെ എത്തിയിരുന്നു. രാവിലെ ഏഴിന് ഉഷ പൂജയ്ക്കായി നടയടച്ചതോടെ തീർഥാടരുടെ നിര മരക്കൂട്ടം വരെ എത്തി. 31ന് രാത്രി നടയടച്ചതോടെ താഴെ തിരുമുറ്റം മുഴുവൻ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. നടന്ന് നീങ്ങാൻ കഴിയാത്ത വിധം തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടത്.

വലിയ കാണിക്കയുടെ മുൻ വശത്തും സ്റ്റാഫ് ഗേറ്റിന് മുൻഭാഗവും ഭക്തരെ കൊണ്ട് നിറഞ്ഞു. മാളികപ്പുറം ഭാഗത്ത് നിന്നും വലിയ നടപ്പന്തലിലേക്ക് നടന്ന് പോകാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. താഴെ തിരുമുറ്റത്ത് സ്ഥലം ഇല്ലാതായതോടെ തീർഥാടകർ വലിയ നടപ്പന്തലിലും വിരി വെച്ചു. അപ്പം, അരവണ കൗണ്ടറുകൾക്ക് മുന്നിൽ മണിക്കൂറുകൾ നീണ്ട ക്യൂ രൂപപ്പെട്ടു. സിവിൽ ദർശനത്തിനായി എത്തിയവരുടെ തിരക്കു കൂടിയായപ്പോൾ വടക്കേനടയും തിങ്ങിനിറഞ്ഞു.

വിരിപ്പുരകളും വിശ്രമപ്പന്തലും തീർഥാടകരെ കൊണ്ട് നിറഞ്ഞു. മരക്കട്ടത്ത് നിന്ന് ശരം കുത്തി വഴി തീർഥാടകരെ പൊലീസ് നിയന്ത്രിച്ച് കടത്തിവിട്ടതോടെ എല്ലാവർക്കും നിശ്ചിത സമയത്തിനുള്ളിൽ ദർശനം സാധ്യമായി. ഒരു ലക്ഷത്തോടെ അടുത്ത തീർത്ഥാടകരാണ് തീർത്ഥാടകരാണ് ഞായറാഴ്ച ദർശനം നടത്തിയത്. ഏഴാം തീയതി വരെയുള്ള ദിവസങ്ങളിലെല്ലാം തന്നെ വെർച്വൽ ക്യൂ ബുക്കിങ്ങ് തൊണ്ണൂറായിരത്തിന് അടുത്താണ്. ഓൺലൈൻ ബുക്കിങ് ഇല്ലാതെ എത്തുന്ന ഇതര സംസ്ഥാന തീർഥാടകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെല്ലാം തന്നെ ലക്ഷത്തോട് അടുത്ത തീർഥാടകർ ദർശനത്തിനായി എത്തും എന്നാണ് ദേവസ്വം ബോർഡ് പോലീസും കണക്കുകൂട്ടുന്നത്.

Tags:    
News Summary - There is a huge crowd of devotees for sabarimala at New Year Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.