ശബരിമല: അയ്യപ്പ ഭക്തരുടെ മഹാപ്രവാഹത്തിന് തുടക്കമിട്ട് ഇന്ന് ശബരിമല നട തുറക്കുന്നു. ശബരീശ ഗിരിയിൽ ഇനി ശരണമന്ത്രങ്ങൾ മുഴങ്ങും കാലം. 65 ദിവസം നീളുന്ന മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ഞായറാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കും.
തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും കൈമാറും. ഇതിനുശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷം തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പതിനെട്ടാംപടി കയറുന്നത്. വൈകിട്ട് ആറോടെ ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി. പ്രസാദ് (47) ശബരിമലയിലും കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി. മനു നമ്പൂതിരി(47) മാളികപ്പുറത്തും പുതിയ മേൽശാന്തിമാരാകുന്ന ചടങ്ങുകൾ ആരംഭിക്കും.
വൃശ്ചികം ഒന്നായ തിങ്കളാഴ്ച മുതലാണ് പൂജകൾ തുടങ്ങുക. തിങ്കളാഴ്ച പുലർച്ച മൂന്നിന് ശബരിമല, മാളികപ്പുറം നടകൾ തുറക്കും. ദിവസവും പുലർച്ച മൂന്ന് മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് മൂന്ന് മുതൽ രാത്രി 11വരെയുമായിരിക്കും ദർശനം. ഡിസംബർ 27നാണ് മണ്ഡലപൂജ. തുടർന്ന് രാത്രി 10ന് നട അടക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടക്കും.
പത്തനംതിട്ട: ശബരിമല മണ്ഡല-മകര വിളക്ക് സീസണിൽ ആദ്യഘട്ടത്തിൽ സുരക്ഷക്കായി 3,500 പൊലീസുകാർ. സന്നിധാനത്തും നിലയ്ക്കലും പമ്പയിലും സ്പെഷൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ആറ് ഘട്ടമായിട്ടാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ഇതിനൊപ്പം സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ താൽക്കാലിക പൊലീസ് സ്റ്റേഷനുകളും പ്രവർത്തനം തുടങ്ങി. പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകളും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പത്തനംതിട്ട ജില്ല പോലീസ് മേധാവിയുടെ സമുച്ചയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുറന്നു.
പമ്പയിലും സന്നിധാനത്തും നിലയ്ക്കലുമായി സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 100 സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പത്തനംതിട്ട- പമ്പ റൂട്ടിൽ പ്ലാപ്പള്ളി മുതൽ പെരുനാട് വരെയും പെരുനാട് മുതൽ മണ്ണാകുളഞ്ഞി വരെയും 24 മണിക്കൂറും മൊബൈൽ പട്രോളിങും നടത്തും. ഗതാഗത നിയന്ത്രണത്തിനായി 320 സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സ്ഥിരം അപകടമേഖലയായ വിളക്കുവഞ്ചിയിൽ ഉൾപ്പെടെ 10ഓളം പൊലീസ് എയ്ഡ് പോസ്റ്റും ക്രമീകരിച്ചു.
ദർശനത്തിനെത്തുന്ന കട്ടികൾ വഴിതെറ്റിയാൽ വേഗത്തിൽ കണ്ടെത്താനായി പമ്പയിൽ ഫോറസ്റ്റ് എയ്ഡ് പോസ്റ്റിന് മുന്നിലായി റിസ്റ്റ് ബാൻഡ് ധരിപ്പിക്കാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തി. 15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനമുണ്ടെങ്കിലും ഭക്തരെ ഇറക്കിയശേഷം ഇവ മടങ്ങിയെത്തി നിലയ്ക്കലിലെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരോ അഞ്ച് മിനിറ്റ് ഇടയിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. പന്തളത്ത് 70 ഓളം സ്പെഷൽ ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഇവിടെ എയ്ഡ് പോസ്റ്റും തുറന്നു.
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്കുമായി ബന്ധപ്പെട്ട് പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ സംയോജിത കണ്ട്രോള് റൂം പ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍ എസ്. പ്രേം കൃഷ്ണന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ വകുപ്പുകളെ എകോപിപ്പിച്ചായിരിക്കും കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം. ഭക്ഷ്യ പൊതുവിതരണം, സര്‍വേ ഭൂരേഖ, തദ്ദേശ സ്വയംഭരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം എന്നീ വകുപ്പുകളില്‍നിന്നും സാനിറ്റേഷന്‍/സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാനിറ്റേഷന്‍ മോണിറ്ററിങ് ഓഫിസര്‍മാരെയും അളവ് വില നിയന്ത്രണം, വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് എന്നിവ ഉറപ്പുവരുത്തുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശബരിമല ജോയന്റ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് മോണിറ്ററിങ് സ്ക്വാഡുകളിലേക്കുള്ള ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുള്ള തീഥാടന പാതയുടെ വശങ്ങളില് ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള തീർഥാടന പാതകളില്‍ അനധികൃത വഴിയോരകച്ചവടം നടത്തുന്നതും നിരോധിച്ചു. ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കും. ളാഹ മുതല്‍ സന്നിധാനം വരെ തീർഥാടന പാതയില്‍ ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചുവെക്കുന്നതും പാചകം ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ശബരിമലയിലേക്കുമുള്ള റോഡുകളുടെ വശങ്ങളിലും നിലക്കലിലും മറ്റു പാര്‍ക്കിങ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപവും വാഹനങ്ങളിലും പാചകം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ളാഹ മുതല്‍ സന്നിധാനം വരെ ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറിന്റെ എണ്ണം അഞ്ചായി നിജപ്പെടുത്തി.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് ഏകീകൃത ശബരി വെബ്പോര്‍ട്ടലുണ്ടാകും. www.sabriportaldepta.in വെബ് വിലാസത്തിലുള്ള പോര്‍ട്ടലില്‍ ആരോഗ്യം, ദുരന്ത നിവാരണം, മുന്നറിയിപ്പ്, ഭക്തജനത്തിരക്ക്, വാഹന അപകടം, ശുചീകരണം തുടങ്ങിയവ ഒരു പ്ലാറ്റ്ഫോമില്‍ ക്രമീകരിച്ചിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ അനധികൃത കച്ചവടം, ഭിക്ഷാടനം എന്നിവ നിയന്ത്രിക്കാൻ 24 മണിക്കൂറും പട്രോളിങ് ഏര്‍പ്പെടുത്തും. ശബരിമല എ.ഡി.എം ആയി അരുണ്‍ എസ്. നായര്‍ പ്രവര്‍ത്തിക്കുമെന്നും കലക്ടർ അറിയിച്ചു.
ജില്ല ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്. രാജലക്ഷമി, അഡീഷനല്‍ എസ്.പി പി.വി. ബേബി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് നിലക്കൽ പൊലീസിന്റെ കൺട്രോൾ റൂം തുറന്നു. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ശബരിമല ചീഫ് കോഓഡിനേറ്റർ എ.ഡി.ജി.പി ശ്രീജിത്ത്, തിരുവനന്തപുരം റേഞ്ച് ഐ.ജി അജിതാബീഗം, പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് എന്നിവർ പങ്കെടുത്തു. ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എസ്.പി ആർ. ആനന്ദ് ഉദ്ഘാടനം ചെയ്തു. 10 പേരടങ്ങുന്ന പൊലീസ് സംഘത്തിനാകും കൺട്രോൾ റൂമിന്റെ നിയന്ത്രണം. അഡീഷനൽ ജില്ല പൊലീസ് സൂപ്രണ്ട് പി.വി. ബേബി, ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ, പത്തനംതിട്ട ഡിവൈ.എസ്.പി ന്യൂമാൻ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ബിനു വർഗീസ് എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പമ്പ-സന്നിധാനം പാതയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുറന്നു. ഇതിനൊപ്പം പമ്പയിലെ കണ്ട്രോള് സെന്ററും 24 മണിക്കൂർ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ കോളജുകളിലെയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കി. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉടൻ ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുള്‍പ്പെടെയുള്ള കനിവ് 108 ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കി. സന്നിധാനത്തുനിന്ന് പമ്പയിലേക്ക് പ്രത്യേക ആംബുലന്‍സ് സേവനവും ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലക്കലിലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപറേഷന് തിയറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താൽക്കാലിക ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കും. അടൂര്‍, വടശ്ശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒരു മെഡിക്കല്‍ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിന് എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 04735 203232 എന്ന നമ്പറില്‍ അടിയന്തര സഹായത്തിനായി വിളിക്കാവുന്നതാണെന്നും ഇവർ അറിയിച്ചു.
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാല മുന്നൊരുക്കം പൂര്‍ത്തിയായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. 80 കാര്‍ഡിയോളജിസ്റ്റുകള്‍ ഉള്‍പ്പെടെ 386 ഡോക്ടര്‍മാരെയും 1394 പാരാമെഡിക്കല്‍ ജീവനക്കാരെയും തീര്‍ഥാടന ജോലിക്കായി നിയോഗിച്ചിട്ടുണ്ട്.
എല്ലാ ജീവനക്കാര്‍ക്കും സി.പി.ആര് ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ പരിശീലനം നല്‍കിയിട്ടുണ്ട്. ആന്റിവെനം ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളും ലഭ്യമാക്കി. ജില്ല വെക്റ്റര്‍ കണ്ട്രോള് യൂനിറ്റിന്റെ അഭിമുഖ്യത്തില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയ പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി.
തീര്‍ഥാടകര്‍ക്ക് ആരോഗ്യ വകുപ്പില്‍നിന്ന് നല്കുന്ന നിര്‍ദേശം അടങ്ങുന്ന ബോര്‍ഡുകള്‍ സന്നിധാനത്തും പമ്പയിലും നിലക്കലിലും ഇടത്താവളങ്ങളുടെ സമീപവും സ്ഥാപിച്ചു. തീര്‍ഥാടകര്‍ എത്താന്‍ സാധ്യതയുള്ള ഹോട്ടലുകളും മറ്റ് ഭക്ഷ്യവിതരണ കേന്ദ്രങ്ങളും പരിശോധിച്ച് വൃത്തിഹീനമായവ അടച്ചുപൂട്ടി.
അടിയന്തര ആവശ്യങ്ങള്‍ക്ക് ആംബുലന്‍സുകള്‍ വിന്യസിക്കാനുള്ള നടപടി പൂര്‍ത്തിയായെന്നും നിലവിലെ ചികിത്സ സംവിധാനത്തിന് പുറമെ 22 എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂനിറ്റുകള്‍ സജ്ജമാക്കിയതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
കോന്നി: മണ്ഡലകാലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും കോന്നിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയില്ല. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ് തുറന്നു നൽകിയതിന് ശേഷമുള്ള രണ്ടാമത്തെ ശബരിമല തീർഥാടനമാണിത്. കഴിഞ്ഞ വർഷവും കോന്നി സെൻട്രൽ ജങ്ഷനിൽ ട്രാഫിക് സിഗ്നൽ അടക്കമുള്ളവ സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പുനൽയെങ്കിലും ഒന്നും നടന്നില്ല. 15ലധികം ജീവനാണ് സംസ്ഥാനപാതയിൽ കോന്നി റീച്ചിൽ മാത്രം പൊലിഞ്ഞത്.
അപകടത്തിൽ പരിക്കേറ്റവരും അനവധി. മണ്ഡലകാലം ആരംഭിച്ചാൽ തമിഴ്നാട്, ആന്ധ്ര, കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പഭക്തർ അടക്കം സംസ്ഥാന പാതയിലൂടെ കോന്നിയിൽ എത്തിയതിനു ശേഷമാണ് ശബരിമലയിലേക്കും തിരികെയും സഞ്ചരിക്കുക. കോന്നിയിലെ പ്രധാന ശബരിമല ഇടത്താവളമായ മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൽ വിരിവെക്കാൻ എത്തുന്ന അയ്യപ്പഭക്തരും അനവധിയാണ്. കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള കോന്നി റീച്ചിൽ ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളും നടക്കാറുണ്ട്. സംസ്ഥാന പാതയുടെ പല ഭാഗങ്ങളിലും ആവശ്യത്തിന് വീതി ഇല്ലാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണമായി പറയുന്നത്.
അമിത വേഗം നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. കോന്നി സെൻട്രൽ ജങ്ഷനിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക്. ഈ ഭാഗത്ത് ഇപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത് ഹോം ഗാർഡുകളും പൊലീസും മാത്രം. സിഗ്നൽ സംവിധാനം ഒരുക്കണമെന്ന ആവശ്യവും നടപ്പായില്ല. രാത്രിയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളതും. ട്രാഫിക് ജങ്ഷൻ ഉൾപ്പെടുന്ന കോന്നി ഗ്രാമപഞ്ചായത്ത് എല്ലാ വർഷവും ഗതാഗത ഉപദേശക സമിതി യോഗങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇവയെല്ലാം കടലാസുകളിൽ മാത്രമായി ഒതുങ്ങുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ബോർഡ് അംഗമായി മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ കെ. രാജുവും സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി പി.എൻ. ഗണേശ്വരൻ പോറ്റി സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഏറെ നിര്‍ണായകമായ സമയത്താണ് പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നതെന്നും, നിലവിലെ വിവാദങ്ങളുടെ പേരില്‍ ബോര്‍ഡിന്റെ വിശ്വാസ്യതക്ക് ഭംഗം വന്നിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ വിവാദം വിശ്വാസികളില്‍ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. ആ സാഹചര്യം അങ്ങനെ തന്നെ നിലനില്ക്കാന് അനുവദിക്കില്ല. മോശം കാര്യങ്ങള്‍ നടക്കാന്‍ ഇടയായതിന് കാരണം നടപടിക്രമങ്ങളിലെ പഴുതുകളാണ്.
സമീപനങ്ങളിലെ ചില വൈകല്യങ്ങളുണ്ട്. അതെല്ലാം പരിശോധിച്ച് ആവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത തരത്തില്‍ നടപടി സ്വീകരിക്കും. ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണ് ദേവസ്വം ബോര്‍ഡ് എന്ന അഭിമാനമാണ് ഭക്തര്‍ക്കുണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കും. ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടുന്നില്ലെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭദ്രമാണെന്നും ഉറപ്പാക്കും. വിശ്വാസം വ്രണപ്പെടാന്‍ തക്ക ഒരു നടപടിയും അനുവദിക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു.
ജയകുമാറിന്റെ ബലത്തിലാണ് ഈ ഒരു അവസ്ഥയിൽ ബോർഡ് അംഗമാകാൻ തയാറായതെന്ന് രാജു പറഞ്ഞു. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, കേരള ദേവസ്വം റിക്രൂട്ട്മന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം എ. അജികുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.