ശബരിമല: 10 മുതൽ സ്പോട്ട്ബുക്കിങ് വഴി ദർശനം അനുവദിക്കില്ല; മകരവിളക്കിന് 40,000 പേർക്ക് മാത്രം അവസരം

ശബരിമല: ശബരിമലയിൽ ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സൗകര്യം ഒരുക്കാൻ 10ാം തീയതി മുതൽ സ്പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവി​ല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി. 

ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചത്. സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്നുനാൾ മുമ്പ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്.

വീണ്ടും കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിത ദർശനം ഒരുക്കാൻ സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

14-ാം തീയതി വെർച്വൽ ക്യൂ ബുക്കിങ് പരിധി 50,000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40,000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ശബരിമല അയ്യപ്പ സ്വാമി ദർശനത്തിന് എത്താൻ കഴിയൂ. 14, 15 തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് പ്രശാന്ത് പറഞ്ഞു.

16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.  ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക്  വെർച്വൽ ക്യൂബുക്കിങ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വംബോർഡ് വ്യക്തമാക്കി.

Tags:    
News Summary - Sabarimala: spot booking will not be allowed from jan 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.