ശബരിമലയിൽ തീർഥാടകപ്രവാഹം തുടരുന്നു; നിലയ്ക്കലിലേക്ക് വാഹനങ്ങള്‍ കയറ്റി വിട്ടത് 15 മിനിറ്റ് ഇടവിട്ട്

ശബരിമല: ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. സന്നിധാനത്ത് തിരക്ക് വർധിച്ചതോടെ പമ്പയിലും മറ്റുഭാഗങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഞായറാഴ്ചയും തുടര്‍ന്നു.

രാവിലെ ബേസ് ക്യാമ്പായ നിലയ്ക്കയിലെ പാര്‍ക്കിങ് ഗ്രൗണ്ട് വാഹനങ്ങളെ കൊണ്ട് നിറഞ്ഞതോടെ പത്തനംതിട്ട, കണമല, എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ് നിയന്ത്രിച്ചു.

ഇവിടെ നിന്നും 15 മിനിറ്റ് ഇടവിട്ടാണ് നിലയ്ക്കലിലേക്ക് വാഹനങ്ങള്‍ കയറ്റി വിട്ടത്. പമ്പ ത്രിവേണിയില്‍ തീർഥാടകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. തിരക്കിന്റെ പേര് പറഞ്ഞ് വാഹനങ്ങള്‍ കാനന പാതയില്‍ തടഞ്ഞിടുന്നത് കെഎസ്ആര്‍ടിസി സര്‍വിസുകളെ ബാധിച്ചു.

സാധാരണ വൈകീട്ട് വിവിധ ഡിപ്പോകളില്‍ നിന്നും പമ്പയ്ക്കു വരുന്ന ബസുകള്‍ രാത്രിയോടെ പമ്പയില്‍ എത്തുകയും തുടര്‍ന്ന് പുലര്‍ച്ചെ മലയിറങ്ങി വരുന്നവരെ കയറ്റി ഈ ബസുകള്‍ അതാത് ഡിപ്പോകളിലേക്ക് മടങ്ങുകയുമാണ് പതിവ്. ഈ ബസുകള്‍ വീണ്ടും രാത്രിയില്‍ ഇതേ രീതിയില്‍ സര്‍വിസ് നടത്തും. എന്നാല്‍, വാഹനങ്ങള്‍ കാനന പാതയില്‍ തടയുന്നതിനാല്‍ യഥാസമയം പമ്പ ഡിപ്പോയില്‍ എത്താന്‍ കഴിയുന്നില്ല. ഇത് അടുത്ത ദിവസം പുലര്‍ച്ചെയുള്ള തീർഥാടകരുടെ മടക്ക യാത്രയെ പ്രതികൂലമായി ബാധിക്കും.

നിലയ്ക്കല്‍ ചെയിന്‍ സര്‍വിസിനും ഇത് തിരിച്ചടിയായിട്ടുണ്ട്. പമ്പയിലേക്ക് യഥാസമയം ചെയിന്‍ സര്‍വിസിനുള്ള ബസുകള്‍ കടത്തി വിടാത്തത് മൂലം ഭക്തരെ കൃത്യമായി നിലയ്ക്കലില്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഇതുമൂലം ത്രിവേണി ഭാഗത്തും പമ്പ ബസ് വേയിലും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

തിരക്ക് വർധിച്ചതിനെ തുടര്‍ന്ന് പമ്പ ഡിപ്പോയുടെ ചെയിന്‍ സര്‍വിസുകള്‍ 150 ആയും ദീര്‍ഘദൂര സര്‍വിസുകള്‍ 40 ആയും വർധിപ്പിച്ചു.

Tags:    
News Summary - sabarimala devotees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.