പ്ലാസ്റ്റിക്രഹിത ശബരിമല കാമ്പയിന്റെ ഭാഗമായ തുണിസഞ്ചികളും ബ്രോഷറും ളാഹയില്‍ തീർഥാടക വാഹനത്തിൽ വിതരണം ചെയ്യുന്ന മന്ത്രി എം.ബി. രാജേഷ്
പമ്പ: ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കി സംരക്ഷിക്കാൻ ജില്ല ഭരണകേന്ദ്രത്തിന്റെയും കുടുംബശ്രീ ജില്ല മിഷന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പ്ലാസ്റ്റിക്രഹിത ശബരിമല കാമ്പയിന് മാതൃകാപരമാണെന്ന് മന്ത്രി എം.ബി. രാജേഷ്. പ്ലാസ്റ്റിക്രഹിത ശബരിമല കാമ്പയിന്റെ ഭാഗമായ തുണിസഞ്ചി വിതരണോദ്ഘാടനം ളാഹയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ കുടുംബശ്രീ യൂനിറ്റുകള്‍ തയാറാക്കിയ തുണിസഞ്ചി പെരുനാട് പഞ്ചായത്തിലെ ളാഹ, കണമല പ്രദേശങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയും അവരില്‍നിന്ന് പ്ലാസ്റ്റിക് കവറുകളും ബോട്ടിലും ശേഖരിച്ച് സംസ്കരണത്തിന് ശുചിത്വമിഷന് മുഖേന കൈമാറുകയും ചെയ്യും. ഇതോടൊപ്പം വിവിധ ഭാഷകളില്‍ പ്ലാസ്റ്റിക്രഹിത കാമ്പയിൻ സംബന്ധിച്ച് തയാറാക്കിയ ബ്രോഷര്‍ നല്‍കുകയും ശബ്ദസന്ദേശം കേള്‍പ്പിക്കുകയും ചെയ്യും.
ജില്ലയിലെ ഓരോ കുടുംബശ്രീ സി.ഡി.എസില്‍നിന്ന് 15 പേര് അടങ്ങുന്ന സംഘമാണ് വരും ദിവസങ്ങളില്‍ തുണിസഞ്ചി വിതരണത്തിനായി തയാറായിരിക്കുന്നത്. വിതരണോദ്ഘാടന ചടങ്ങളില്‍ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത് ജി. കൊച്ചില്‍, ടി.കെ. ഷാജഹാന്, ബ്ലോക്ക് കോഓഡിനേറ്റര്‍മാരായ, ആര്. ജിജിന, കെ.എസ്. സജീഷ്, റിഷി സുരേഷ്, സി.ഡി.എസ് ചെയര്പേഴ്സൻ രജനി ബാലന്, ഫോറസ്റ്റ് ഓഫിസര്‍മാരായ കെ. മുകേഷ് കുമാര്‍, പി.കെ. ബിജു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.