‘പള്ളിക്കെട്ട് സബരിമലയ്ക്ക്...’ വീരമണിയുടെ പാട്ടിനൊപ്പം പടർന്ന മലയാളിയുടെ മണ്ഡലകാലം

മണ്ഡലകാലത്തെ തണുപ്പ് കിനിയുന്ന പുലർകാലങ്ങളിൽ വയലേലകളുടെ അങ്ങേക്കരയിൽ നിന്ന് കാറ്റിനൊപ്പം ഒഴുകിയെത്തുന്ന ഈ പാട്ട് പലരുടെയും ഗൃഹാതുരതയാണ്. ‘‘പള്ളിക്കെട്ട് സബരിമലയ്ക്ക്....’’ തമിഴ്കലർന്ന മലയാളത്തിലാണ് പാട്ടെങ്കിലും പച്ച മലയാളത്തെക്കാൾ തെളിമയോടെയും ആഴത്തിലും ഈ ഗാനം മലയാളികളുടെ മനസിലും ആത്മാവിലും വേരാഴ്ച്ത്തിയിട്ടുണ്ട്. വയലുകൾക്ക് അക്കരെയുള്ള വീടുകളിലോ അല്ലെങ്കിൽ ഭജനപ്പുരകളിലോ നിന്നുള്ള പാട്ടുകേൾക്കാൻ ‘കാറ്റ് വീശണേ’യെന്ന് ആഗ്രഹിച്ച കുട്ടിക്കാലം പലർക്കുമുണ്ടാകും. കാറ്റ് വീശീയടിച്ച് അടുത്തെത്തുമ്പോൾ പാട്ട് കൂടുതൽ വ്യക്തമായി ചെവിയിൽ കിട്ടും. കാറ്റ് കുറയുമ്പോൾ പാട്ടിന്‍റെ ശബ്ദവും നേർത്ത് നേർത്ത് ഇല്ലാതാകും.

ശബരമലയിലെ മണ്ഡലകാലത്തെ കുറിച്ചോർക്കുമ്പോൾ ജാതി മത ഭേദമന്യേ ശരാശരി മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഈ ഭക്തിഗാനമാണെന്ന് പറഞ്ഞാൽ വലിയ അതിശയോക്തിയില്ല. പച്ചപ്പരമാർഥം. ശബരിമലയ്ക്ക് പോകുന്നവർ വീട്ടിൽ ഭജന നടത്താറുണ്ട്. ഇത്തരം ഭജനയുടെ ഇടവേളകളിലാണ് കെ. വീരമണിയുടെ പള്ളിക്കെട്ട് കോളാമ്പി വഴി ഒഴികിയെത്തുക. എത്ര ജനപ്രിയമാണെങ്കിലും സിനിമാപ്പാട്ടിനൊന്നും ഇവിടെ സ്ഥാനമില്ല. വീടുകൾക്ക് പുറമേ ഓരോ നാട്ടിലും പൊതുവായി ഉയരുന്ന ഭജനപ്പുരകളിലും ഈ ഗാനം മുഖ്യം. പിന്നീട് തീർഥാടകരുടെ വാഹനത്തിലെ ഉച്ചഭാഷിണിയിലായി ഈ ഭക്തിഗാനത്തിന്‍റെ ഇടം.

മലയാളികൾക്കു മലയാളം പാട്ടുകളോളം പ്രിയങ്കരവും അതിലേറെ പരിചിതവുമാണ് ഈ ഭക്തിഗാനമെങ്കിലും പാട്ടിന്‍റെ പിന്നാമ്പുറങ്ങൾ അധികപേർക്കും അത്ര പരിചിതമല്ല. ഹൃദ്യമായ രചന, ഊർജം പ്രസരിക്കുന്ന താളവും തനിമ തുടിക്കുന്ന പശ്ചാത്തല സംഗീതവുമെല്ലാം പാട്ടിനെ വ്യത്യസ്തമാക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ പ്രത്യേകത ആലാപനത്തിലെ ആത്മാർഥത തന്നെയാണ്. ഹൃദയത്തിന്‍റെ ഉള്ളിൽ നിന്നു ജനിക്കുന്ന ഭക്തിപ്രവാഹം ഹൃദയത്തിൽ തൊട്ടും ജീവൻ കൊടുത്തും കെ. വീരമണി പാടുകയാണ്. എച്ച്.എം.വി 1970ൽ ഇറക്കിയ ഭക്തിഗാന ആൽബത്തിലൂടെയാണ് ‘പള്ളിക്കെട്ട് സബരിമലയ്ക്ക്...’ എന്ന ഗാനം പിറന്നത്. തൊണ്ട പൊട്ടിപ്പാടിയത് വീരമണിയാണെങ്കിൽ രചനയും സംഗീതവും തീർത്തത് സഹോദരൻ സോമുവാണ്. എൽ.പി റെക്കോർഡിലാണ് എച്ച്.എം.വി ആദ്യം ആൽബം പുറത്തിറക്കിയത്. വലിയ പ്രചാരമായിരുന്നു കിട്ടിയത്.

എൽ.പി റെക്കോർഡുകൾ ചൂടപ്പം വിറ്റുപോയി. 54 വർഷമായി തമിഴ്‌നാട്ടിലെ ഗാനമേളകളിലെ പ്രിയഗാനമായും ഭക്തിഗാനങ്ങളിൽ ഒന്നാം സ്ഥാനത്തും ഈ ഗാനമുണ്ട്. എൽ.പി റെക്കോർഡുകൾ ഓഡിയോ കാസറ്റുകൾക്ക് വഴിമാറിയതോടെയാണ് ഈ ഗാനം ദക്ഷിണേന്ത്യയിലാകെ പടരുന്നതും കേരളത്തിലേക്കെത്തുന്നതും. ‘അയ്യനേ സരണം’ എന്നായിരുന്നു കാസെറ്റിന്‍റെ പേര്. കാസറ്റുകൾ റെക്കോർഡ് ചെയ്യുന്നതിന് ഓഡിയോ കടകളിൽ പ്ലെയിൻ കാസറ്റുകളുമായി ആളുകൾ ക്യൂ നിന്നു. മുപ്പത് മിനിട്ട് നീളുന്ന കാസറ്റിന്‍റെ ഒരു പുറത്ത് ഈ പാട്ടുമാത്രം റിക്കോർഡ്ചെയ്ത് റീവൈൻഡില്ലാതെ ആളുകൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു. പിന്നീട് സി.ഡിയിലേക്കും ഡി.വി.വിഡിയിലേക്കും പെൻഡ്രൈവിലേക്കും പിന്നെ യൂട്യൂബിലേക്കും സ്പോട്ടിഫൈയിലേക്കുമെല്ലം പള്ളിക്കെട്ട് കുടിയേറി. റീമിക്സുകൾ അനവദിയുണ്ടെങ്കിലും വീരമണി ജീവൻ കൊടുത്തു പാടിയ പള്ളിക്കെട്ടിന് തന്നെയാണ് ഇന്നും പ്രിയം.

ജനപ്രീതിയുടെ കൊടിമുടിയിലായിരുന്നെങ്കിലും വീരമണിയുടെ അവസാന നാളുകൾ പ്രയാസകരമായിരുന്നു. രക്താർബുദം അദ്ദേഹത്തിന്‍റെ ജീവിതത്തെ കാർന്ന് തിന്നു. ഒരു കച്ചേരി കൂടി നടത്തണമെന്ന് വീരമണിക്ക് ആഗ്രഹമുണ്ടായിരുന്നു. 1990 സെപ്റ്റംബർ 25നു മധുര മീനാക്ഷി ക്ഷേത്രത്തിലായിരുന്നു അവസാന കച്ചേരി. അവശതകളെല്ലാം മറന്ന് വീരമണി പാടി. 1990ഒക്ടോബർ 29ന് വീരമണി അന്തരിച്ചു. 1,500 ആൽബങ്ങളിലും രണ്ടായിരം ഭക്തിഗാനങ്ങളുടെ ക്രെഡിറ്റിലും പതിഞ്ഞ ‘വീരമണി സോമു’ എന്ന പേര് വീരമണിയുടെ മരണശേഷം ചെയ്ത ആൽബങ്ങളിലും സോമു നിലനിർത്തിപ്പോന്നു.

Full View


Tags:    
News Summary - 'Pallikattu for Sabarimala...' The Mandalakalam of Malayali spread with Veeramani's song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.