ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറന്ന ശേഷം ചൊവ്വാഴ്ച ഉച്ചക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേർ. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടന്ന തുറന്നശേഷം 53,278 പേരും വൃശ്ചികം ഒന്നായ തിങ്കളാഴ്ച 98,915 പേരും ചൊവ്വഴ്ച ഉച്ചക്ക് 12 വരെ 44,401 പേരുമാണ് അയ്യനെക്കണ്ട് മടങ്ങിയത്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയുള്ള കണക്കാണിത്.
ശബരിമല: സന്നിധാനത്തെ വൻ തിരക്ക് കണക്കിലെടുത്ത് പ്രതിദിന സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമായി നിജപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനം. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.
ക്യൂ കോംപ്ലക്സിലെത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.
പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽതന്നെ മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽനിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നിൽക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കാൻ തടസ്സം നേരിടുന്നുണ്ടെങ്കിൽ എത്തിച്ചുനൽകുമെന്നും ബോർഡ് അറിയിച്ചു.
പത്തനംതിട്ട: ശബരിമലയിൽ ചൊവ്വാഴ്ച അനുഭവപ്പെട്ട അസാധാരണ തിരക്ക് ക്രമീകരണത്തിലെ പാളിച്ച മൂലമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. മുന്നൊരുക്കങ്ങളുടെ അപര്യാപ്തയും ഇതിന് കാരണമായി. ഇത് പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചക്ക് സ്ഥിതി ഭയാനകമായിരുന്നെങ്കിലും പിന്നീട് നിയന്ത്രണവിധേയമായി. നിയന്ത്രണമില്ലാതെ ഭക്തർ സന്നിധാനത്തേക്ക് എത്തിയതാണ് പ്രതിസന്ധിയായത്. ഒരുദിവസം ഒരുലക്ഷം പേർക്കാണ് ദർശനം നടത്താൻ കഴിയുക. ഇവരെല്ലാം ഒരേസമയത്ത് എത്തിയാൽ അപകട സാഹചര്യം സൃഷ്ടിക്കും. സന്നിധാനത്തേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. ഭക്തരെ നിലയ്ക്കലിൽ നിയന്ത്രിക്കണം.
സ്പോട്ട് ബുക്കിങ്ങിന് നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾകൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കും. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ബുക്കിങ് ഇല്ലെങ്കിൽ നിയന്ത്രണംവെക്കാൻ പറ്റില്ല.
പലരും ക്യൂ നിൽക്കാതെ ദർശനത്തിന് ചാടിവരുകയാണ്. ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നു. ജീവനക്കാരുടെ മെസ് തയാറായിട്ടില്ല. അവർക്ക് അന്നദാന മണ്ഡപത്തിൽ ഭക്ഷണം നൽകും. കുടിവെള്ളം കിട്ടുന്നില്ലെന്ന പ്രശ്നമുണ്ട്. അത് വിതരണംചെയ്യാൻ 200 പേരെ അധികമായി എടുത്തു. കുടിവെള്ളം, മാലിന്യം, വെളിച്ചം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.