തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാറിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാറിന് വേണ്ടി ചീഫ് സെക്രട്ടറി കത്തയച്ചത്.
മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണം. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം. തീർഥാടകരുമായുള്ള വാഹനങ്ങൾക്ക് സുഗമമായ പ്രയാണം, മെഡിക്കൽ എയ്ഡ്പോസ്റ്റുകൾ, അടിയന്തിര വിശ്രമകേന്ദ്രങ്ങൾ, സുരക്ഷ ഉറപ്പാക്കാൻ മതിയായ പൊലീസ് സൗകര്യം, ഹെൽപ് ഡെസ്ക്കുകൾ, ഇൻഫർമേഷൻ സെന്ററുകൾ എന്നിവയടക്കമുള്ള സഹായങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടത്.
അതേസമയം, ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് 5000മായി നിജപ്പെടുത്തിയതോടെ സന്നിധാനത്ത് തിരക്ക് കുറഞ്ഞു. ഹൈകോടതി നിർദേശത്തെ തുടർന്നായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം ബുധനാഴ്ച രാത്രി താൽക്കാലികമായി നിർത്തി. പിന്നീട് വ്യാഴാഴ്ച രാവിലെ 8.15 ഓടെയാണ് തുറന്നത്. ഇതോടെ രാത്രി മുതൽ കാത്തുനിന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇത് ബഹളത്തിനിടയാക്കി.
മണിക്കൂറുകൾക്കുള്ളിൽ ബുക്കിങ് അവസാനിച്ചതും പ്രതിഷേധത്തിനിടയാക്കി. ഇതോടെ പൊലീസ് ഇടപെട്ട് ഭക്തരെ ശാന്തരാക്കുകയായിരുന്നു. പീന്നീട് ബുക്കിങ്ങ് ലഭിക്കാതെ കാത്തുനിന്നവരെ വിവിധ ബാച്ചുകളായി കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിലേക്ക് കടത്തിവിട്ടു.
സന്നിധാനത്തെയും പമ്പയിലെയും തിരക്കിന് അനുസരിച്ചായിരുന്നു ഇവരെ കടത്തിവിട്ടത്. ഇത് ഭക്തർക്ക് ആശ്വാസമായെങ്കിലും അടുത്ത ദിവസങ്ങളിൽ ബുക്കിങ് കുറച്ചത് പ്രതിഷേധത്തിനിടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. തമിഴ്നാട്ടിൽനിന്നടക്കം നൂറുകണക്കിന് ഭക്തരാണ് സ്പോട്ട് ബുക്കിങ് പ്രതീക്ഷിച്ച് എത്തുന്നത്.
വ്യാഴാഴ്ച നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമായിരുന്നു സ്പോട്ട് ബുക്കിങ്. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചു. തിങ്കളാഴ്ച വരെയാണ് നിലവിൽ നിയന്ത്രണം. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വൽ ക്യൂ വഴി സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
വെർച്ച്വൽ ക്യൂവിലൂടെ 70,000 പേർക്കാണ് പ്രതിദിനം ദർശനത്തിന് സൗകര്യമുള്ളത്. ശരണപാതകളിലും തിരക്ക് കുറഞ്ഞിട്ടും വെള്ളമടക്കം കൃത്യമായി വിതരണം നടക്കുന്നില്ലെന്നും പരാതിയുണ്ട്. ശുചിമുറികളുടെ സ്ഥിതി ശോചനീയമാണെന്നും ഭക്തർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.