തിരുവാഭരണ ഘോഷയാത്രക്ക്​ പന്തളത്തെത്തിയ ഭക്തജനങ്ങൾ

തിരുവാഭരണഘോഷയാത്രക്ക് ആയിരങ്ങൾ

പന്തളം: തിരുവാഭരണഘോഷയാത്രയെ വണങ്ങാൻ ആയിരക്കണക്കിന് അയ്യപ്പഭക്തർ പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. എങ്കിലും മാളിക കൊട്ടാരത്തിൽ രേവതിനാൾ രുക്മിണിയുടെ മരണവാർത്ത എത്തിയതോടെ ക്ഷേത്രവും പരിസരവും ശോകമൂകമായി. ഇത് ചടങ്ങിന്‍റെ പകിട്ട് കുറയാനും ഇടയാക്കി.

തിരുവാഭരണ യാത്രക്കുള്ള ഒരുക്കം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടക്കുന്നതിനിടയാണ് മരണവാർത്ത കൊട്ടാരത്തിൽ എത്തിയത്. ഉടൻ ശബരിമല മേൽശാന്തിയുമായി കൊട്ടാരം ഭാരവാഹികൾ ബന്ധപ്പെടുകയും ഘോഷയാത്രയിലെ കൊട്ടാരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്ന് ആയിരക്കണക്കിന് ഭക്തരാണ് ഇക്കുറി തിരുവാഭരണം ദർശിക്കാൻ പന്തളത്തെത്തിയത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പന്തളത്തും പരിസരത്തുമായി തമ്പടിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ച മുതല്‍ എല്ലാ വഴികളിലൂടെയും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമായിരുന്നു.

പുലര്‍ച്ച വലിയകോയിക്കല്‍ ശ്രീധര്‍മശാസ്താക്ഷേത്രനട തുറന്നപ്പോള്‍ മുതല്‍ മരണവാർത്ത എത്തുന്നതിന് തൊട്ടുമുമ്പ് വരെ ദര്‍ശനത്തിനുവെച്ചിരുന്ന തിരുവാഭരണങ്ങള്‍ കണ്‍കുളിര്‍ക്കെ കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മണിക്കൂറുകളോളം ക്യൂനിന്നു. ദര്‍ശനം നടത്തിയവരും മടങ്ങാതെ ഘോഷയാത്ര കാണാന്‍ ക്ഷേത്രപരിസരങ്ങളില്‍ തങ്ങിയതോടെ തിരക്ക് അനിയന്ത്രിതമായി.

തിരുവാഭരണം ചുമക്കുന്ന ഗുരുസ്വാമിമാരെ സ്വീകരിച്ചാനയിക്കുന്നു

ഘോഷയാത്രയെ അനുഗമിക്കുന്ന കൃഷ്ണപ്പരുന്ത് പുറപ്പെടാനുള്ള സമയമറിയിച്ച് 11ഓടെ വലിയകോയിക്കല്‍ ക്ഷേത്രത്തിനു മുകളില്‍ വട്ടമിട്ടു പറന്നതോടെ ശരണമന്ത്രങ്ങള്‍ ഉച്ചസ്ഥായിയിലെത്തി. മരണവാർത്ത അറിഞ്ഞതോടെ ക്ഷേത്രവും പരിസരവും ദുഃഖത്തിലേക്ക് വഴിമാറി.

രാജപ്രതിനിധി പല്ലക്കിൽ അനുഗമിക്കുന്നില്ലെന്നും പന്തളം കൊട്ടാരത്തിലെ എല്ലാ ചടങ്ങും ഉപേക്ഷിക്കുകയും ചെയ്തതോടെ തിരുവാഭരണങ്ങൾ ശരണംവിളിയോ മറ്റ് ചടങ്ങോ അകമ്പടിയില്ലാതെയാണ് യാത്രയായത്. പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസി. കമാൻഡന്‍റ് എം.സി. ചന്ദ്രശേഖരന്‍റെ നേതൃത്വത്തിൽ 40 അംഗ സായുധ പൊലീസും ബോംബ് സ്ക്വാഡും ഘോഷയാത്രയെ അനുഗമിച്ചു.

കേന്ദ്രമന്ത്രി വി. മുരളീധരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകുമാർ മഹാജൻ, ഡിവൈ.എസ്.പിമാരായ സന്തോഷ് കുമാർ, ആർ. ബിനു, നന്ദകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. ജീവൻ, ദേവസ്വം കമീഷണർ ബി.എസ്. പ്രകാശ്, ദേവസ്വം ഡെപ്യൂട്ടി കമീഷണർ വി.എസ്. ശ്രീകുമാർ,

പത്തനംതിട്ട എ.ഡി.എം ബി. രാധാകൃഷ്ണൻ, മുൻ എം.എൽ.എമാരായ കെ.കെ. ഷാജു, മാലേത്ത് സരളാദേവി, എ. പത്മകുമാർ, പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് തുടങ്ങിയവർ പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ എത്തിയിരുന്നു. മണികണ്ഠനാൽത്തറയില്‍ അയ്യപ്പസേവ സംഘവും സേവാകേന്ദ്രത്തിന് മുന്നില്‍ ശബരിമല അയ്യപ്പസേവ സമാജവും സ്വീകരണം നൽകി. എം.സി റോഡിൽ വലിയപാലം കഴിഞ്ഞപ്പോൾ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സ്വീകരണം നൽകി.

ക്ഷേത്രം അടച്ചു

പ​ന്ത​ളം: കൊ​ട്ടാ​രം ഇ​ള​യ​ത​മ്പു​രാ​ട്ടി രേ​വ​തി നാ​ൾ ല​ക്ഷ്മി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ൽ ശ്രീ​ധ​ർ​മ ക്ഷേ​ത്രം അ​ട​ച്ചു. 23ന് ​വീ​ണ്ടും തു​റ​ക്കും.

രാജ പ്രതിനിധിയുടെ അകമ്പടിയില്ലാതെ തിരുവാഭരണം പുറപ്പെടുന്നത് രണ്ടാം തവണ

പന്തളം: രാജ പ്രതിനിധിയുടെ അകമ്പടിയില്ലാതെ തിരുവാഭരണം പുറപ്പെടുന്നത് ഇത് രണ്ടാം തവണ. അംഗങ്ങൾ ആരെങ്കിലും മരണപ്പെട്ടാൽ അശുദ്ധി കാരണം കൊട്ടാരത്തിലെ ചടങ്ങുകൾ മാറ്റിവെക്കുകയും 12 ദിവസം ക്ഷേത്രം അടച്ചിടുകയുമാണ് പന്തളം കൊട്ടാരത്തിലെ രീതി.

2016ൽ കൊട്ടാര നിർവാഹകസംഘം പ്രസിഡന്‍റ് പി.ജി. ശശികുമാര വർമ, രാജ പ്രതിനിധിയായി തെരഞ്ഞെടുത്ത വർഷം കൊട്ടാര അംഗത്തിന്‍റെ മരണത്തെ തുടർന്ന് യാത്ര മാറ്റിവെക്കേണ്ടിവന്നു. ഇപ്പോൾ രാജ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട തൃക്കേട്ട നാൾ രാജരാജവർമ തിരുവാഭരണത്തിനോടൊപ്പം യാത്രയാകാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.

എന്നാൽ, യാത്രക്ക് ഒരു മണിക്കൂർ മുമ്പാണ് കൊട്ടാര അംഗം മരണപ്പെട്ടതിനെ തുടർന്ന് യാത്ര മാറ്റിവെക്കേണ്ടി വന്നത്. രാജപ്രതിനിധിക്ക് സഞ്ചരിക്കാനുള്ള പല്ലക്കുൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കവേയാണ് മരണ വാർത്ത കൊട്ടാരത്തിലെത്തിയത്. ഒരുതവണ തിരുവാഭരണത്തിന് അകമ്പടിയായി പന്തളത്തുനിന്നും രാജപ്രതിനിധി പുറപ്പെട്ടതിന് പിന്നാലെ കൊട്ടാര അംഗത്തിന്‍റെ മരണത്തെ തുടർന്ന് തിരിച്ചുവിളിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - huge Crowded by Thiruvabharana Procession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.