ശബരിമല: മണ്ഡല-മകരവിളക്ക് പൂജക്ക് 16ന് ശബരിമല നട തുറന്നശേഷം ദർശനം നടത്തിയത് അഞ്ചുലക്ഷത്തോളം തീർഥാടകർ. 21ന് വൈകീട്ട് ഏഴുവരെ 4,94,151 തീർഥാടകരാണ് എത്തിയത്. വെള്ളിയാഴ്ച മാത്രം വൈകീട്ട് ഏഴുവരെ 72,037 തീർഥാടകർ ദർശനം നടത്തി.
അതേസമയം, ശബരിമലയിലെ സ്പോട്ട് ബുക്കിങ് തിരക്കിനനുസരിച്ച് ക്രമീകരിക്കാമെന്ന് ഹൈകോടതി വ്യക്തമാക്കി. വെർച്വൽ ക്യൂ വഴി എത്തുന്നവരുടെ എണ്ണം കുറവാണെങ്കിൽ, നിലവിലെ 5000 പേരെന്ന സ്പോട്ട് ബുക്കിങ് ക്വാട്ട ഉയർത്താമെന്ന് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
തിരക്ക് കുറഞ്ഞ കഴിഞ്ഞ ദിവസം സ്പോട്ട് ബുക്കിങ് നിയന്ത്രണമുള്ളതിനാൽ ചില ഭക്തർക്ക് മടങ്ങേണ്ടിവന്നുവെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിനെത്തുടർന്നാണ് നേരത്തേ പ്രഖ്യാപിച്ച നിയന്ത്രണത്തിൽ കോടതി ഇളവ് അനുവദിച്ചത്. ശബരിമല എക്സിക്യൂട്ടിവ് ഓഫിസർക്കും ചീഫ് പൊലീസ് കോഓഡിനേറ്റർക്കും സ്ഥിതി വിലയിരുത്തി സ്പോട്ട് ബുക്കിങ് ഉയർത്തുന്നതിൽ തീരുമാനമെടുക്കാം.
ഇക്കാര്യം ശബരിമല സ്പെഷൽ കമീഷണറെ അറിയിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. പ്രതിദിനം 90,000 പേരെ സാന്നിധാനത്ത് ഉൾക്കൊള്ളാനാവുമെന്ന് ബോർഡ് വെള്ളിയാഴ്ച കോടതിയെ അറിയിച്ചു.
സന്നിധാനത്ത് വെള്ളിയാഴ്ചയും കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. വലിയ നടപ്പന്തലിലൊഴികെ മറ്റൊരിടത്തും ഭക്തർക്ക് കാത്തുനിൽക്കേണ്ടിയും വന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തീർഥാടകരുടെ എണ്ണത്തിലും കുറവുണ്ടായി. വെള്ളിയാഴ്ചയും ആദ്യം 5000 പേർക്ക് മാത്രമാണ് സ്പോട്ട് ബുക്കിങ് നൽകിയത്. എന്നാൽ, സന്നിധാനത്തും പമ്പയിലും കാര്യമായ തിരക്ക് അനുഭവപ്പെടാതിരുന്നതോടെ കൂടുതൽപേരെ നിലയ്ക്കലിൽനിന്ന് പിന്നീട് കടത്തിവിട്ടു.
സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണം കുറച്ചതോടെ നിലയ്ക്കലിൽ കാത്തുനിൽക്കുന്ന ഭക്തരുടെ എണ്ണത്തിൽ വർധനയുണ്ട്. അതിനിടെ, തിരക്ക് കണക്കിലെടുത്ത് കൂടുതൽ പേർക്ക് ദർശനത്തിന് അനുമതി നൽകാമെന്ന് ഹൈകോടതി ഉത്തരവിട്ടതോടെ ശനിയാഴ്ച മുതൽ കൂടുതൽ പേർക്ക് സ്പോട്ട് ബുക്കിങ് അനുവദിക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നത് കണക്കിലെടുത്താണ് കോടതി ഇളവ് അനുവദിച്ചത്.
തിരക്ക് നിയന്ത്രണം അടക്കമുള്ള ചർച്ച ചെയ്യാൻ ദേവസ്വംമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10.30ന് അവലോകനയോഗം ചേരും. യോഗത്തിൽ വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ വിലയിരുത്തും. മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേരാൻ ഹൈകോടതി കഴിഞ്ഞ ദിവസം മന്ത്രിക്ക് അനുമതി നൽകിയിരുന്നു. നേരത്തേ, പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ യോഗം ചേരാൻ തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.