സഹനത്തിന്റെയും സ്നേഹത്തിന്റെയും ദിവ്യമായ അവസ്ഥയിലൂടെയാണ് റമദാൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ആത്മീയ ചിന്തകളിൽ മുഴുകി വ്രതം അനുഷ്ഠിക്കുന്നു. എല്ലാ നോമ്പ് കാലത്തും എനിക്ക് സ്കൂൾ കാലത്തിലെ അനുഭവം നെമ്പരമായി കടന്നു വരും. ക്ലാസിൽ 49 കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു മുസ്ലിം ആയി ഉണ്ടായിരുന്നത്.
സൗമ്യനും ശാന്തസ്വഭാവക്കാരനായ അവനോട് ഞങ്ങൾ എല്ലാവരും തമാശക്ക് വഴക്ക് ഉണ്ടാക്കുകയും കുസൃതി കാട്ടുകയും ചെയ്യുമായിരുന്നു. എന്നാൽ മൃദു സ്വഭാവക്കാരനായ അവൻ തിരിച്ചു വഴക്കിടുകയോ ദേഷ്യപ്പെടുകയോ ചെയ്യില്ല. റമദാൻ മാസത്തിൽ ക്ലാസിൽ അവൻ മാത്രമാണ് നോമ്പുകാരൻ. അക്കാലത്ത് ഞങ്ങൾക്ക് റമദാനെയോ നോമ്പിനെയോ പറ്റി ഒന്നും അറിയില്ലായിരുന്നു.
അതുകൊണ്ടുതന്നെ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഞങ്ങൾ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. പല ദിവസങ്ങളിലും ഞങ്ങൾ ഉച്ചക്ക് ഭക്ഷണം വാരിവലിച്ച് തിന്നുമ്പോൾ അവൻ പിന്നിലെ ഡെസ്കിൽ തലചായ്ച്ച് ഒരു പുഞ്ചിരിയോടെ ഞങ്ങളെ നോക്കി കിടക്കുമായിരുന്നു. ഉപരിപഠന സമയത്തും ഒരുപാട് മുസ്ലിം സുഹൃത്തുകളെ ലഭിച്ചു. അപ്പോഴും യഥാർഥത്തിൽ വ്രതത്തെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ലായിരുന്നു.
പ്രവാസ ജീവിതത്തിലാണ് യഥാർഥത്തിൽ റമദാൻ മാസത്തിന്റെ പുണ്യവും നോമ്പെടുക്കുന്ന രീതികളെയും കുറിച്ച് മനസ്സിലായത്. ഇവിടെയുള്ള സുഹൃത്തുക്കൾക്കൊപ്പം ഞാനും ചില ദിവസങ്ങളിൽ നോമ്പെടുക്കാൻ ഇടയായി. അന്നാണ് എനിക്ക് മനസ്സിലായത് നമ്മുടെ ശരീരവും മനസ്സും എന്തുമാത്രം വെല്ലുവിളിയാണ് തരണം ചെയ്യുന്നതെന്ന്. ആ സമയത്ത് മനസ്സിൽ ആദ്യം എത്തിയത് കുട്ടിക്കാലത്തെ എന്റെ ക്ലാസിലെ മുസ്ലിം സഹപാഠിയെയാണ്. ഞങ്ങൾ എല്ലാവരും അവന്റെ മുന്നിൽ ഇരുന്ന് ഭക്ഷണം കഴിച്ചപ്പോൾ അവൻ അതു നോക്കി സഹിച്ചിരുന്നത് എത്ര പാടുപ്പെട്ടായിരിക്കും.
പിന്നീട് ഓരോ റമദാൻ നോമ്പുകാലത്തും ഞാൻ അവനെ ഓർക്കുന്നതിനൊപ്പം കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങി. ഒടുവിൽ എന്റെ കൂട്ടുകാരിൽനിന്ന് ഞാൻ അറിഞ്ഞു. ഉമ്മ മാത്രം ഉണ്ടായിരുന്ന ആ സഹപാഠി ഈ ലോകം വിട്ട് സ്വർഗത്തിലെ മനോഹര ആരാമത്തിലേക്ക് യാത്രയായി എന്ന്. ഒരോ റമദാൻ വരുമ്പോഴും ഞാൻ അവനെ കുറിച്ചോർക്കും. പറ്റുന്ന ദിവസങ്ങളിൽ നോമ്പ് എടുക്കും. റമദാൻ മാസത്തിലെ ചില രാവുകളിൽ ആകാശം നോക്കി നിൽക്കുമ്പോൾ നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ ഒരു കുഞ്ഞ് നക്ഷത്രം എന്നെ നോക്കി കണ്ണുചിമ്മുന്നതായി എനിക്ക് തോന്നും. ഒപ്പം എല്ലാ വിശ്വാസികളെയും ഈ നോമ്പ് കാലം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.