ഒരു ആത്മബന്ധത്തിന്‍റെ തുടക്കം

ഭക്തിയുടെ ആത്മാവാണ് ശബരിയിലൂടെ പ്രകാശിപ്പിച്ചതെങ്കിൽ അതേ ഭാവത്തിന്റെ തനുവും മനവുമെടുത്ത മൂർത്തരൂപമാണ് ഹനുമാൻ. ശബരി പറഞ്ഞതനുസരിച്ച് രാമലക്ഷ്മണന്മാർ ഋശ്യമൂകാചലത്തിന്റെ പാർശ്വഭാഗത്ത് എത്തിച്ചേർന്നു. സൂര്യചന്ദ്രന്മാരെപ്പോലെ തേജസ്വികളായ രണ്ടുപേർ ആയുധധാരികളായി എത്തിച്ചേരാൻ വളരെ പ്രയാസമുള്ള വനാന്തരത്തിലൂടെ സഞ്ചരിക്കുന്നതുകണ്ട് സുഗ്രീവൻ വ്യാകുലനായി. അവർ ബാലി പറഞ്ഞയച്ച കപടവേഷക്കാരാകാമെന്ന് ഊഹിച്ച് മന്ത്രിമാരോടൊപ്പം അദ്ദേഹം കുറേക്കൂടി സുരക്ഷിതമായ മലയുയരത്തിൽ അഭയംതേടി.

ഊണിലും ഉറക്കത്തിലും ബാലിയെ ഭയപ്പെട്ടുകഴിയുന്ന സുഗ്രീവനോട് അകാരണമായ ഭയസംഭ്രമങ്ങളിലൂടെ അങ്ങയുടെ മരഞ്ചാടിത്തമാണ് വെളിപ്പെടുന്നതെന്നും വിജ്ഞാനസമ്പന്നനല്ലെങ്കിൽ നല്ലൊരു ഭരണാധികാരിയാകാൻ കഴിയില്ലെന്നും ഋശ്യമൂകപർവതത്തിൽ ബാലി വരുമെന്ന ആശങ്ക അസ്ഥാനത്താണെന്നും അത് ഉപേക്ഷിക്കണമെന്നും ഹനുമാൻ ആവശ്യപ്പെട്ടു.

സാധാരണക്കാരുടെ വേഷത്തിൽചെന്ന് അറിയേണ്ടണ്ടതെല്ലാം അറിഞ്ഞുവരാനും ഉള്ളിലിരിപ്പ് വ്യക്തമാക്കുന്ന ചേഷ്ടകളും പുറമേക്കുള്ള ഭാഷണങ്ങളും മറ്റും നിരീക്ഷിച്ചറിയാനും സന്മതികളാണെങ്കിൽ തന്നെക്കുറിച്ച് വാചാലമായി വിവരിച്ച് ആഭിമുഖ്യം വളർത്താൻ പരിശ്രമിക്കുന്നതിനും പ്രത്യേകം ഓർമിപ്പിച്ച് സുഗ്രീവൻ ഹനുമാനെ പറഞ്ഞയച്ചു. ഹനുമാൻ ഒരു ഭിക്ഷുരൂപം കൈക്കൊണ്ട് അവരാരാണെന്നും ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നും അറിയുവാൻ പുറപ്പെട്ടു.

വ്യക്തവും മൃദുലവും ഹൃദ്യവും അർഥാലങ്കാരസമൃദ്ധവുമായ ചാരുതയും മിഴിവുമേറെയുള്ള വാക്കുകളിലൂടെ സ്വയം പരിചയപ്പെടുത്തിയതിനുശേഷം അവരെക്കുറിച്ച് ആരാഞ്ഞു. സുവ്യക്തമായി തട്ടുംതടവുമില്ലാതെ വർണങ്ങളുടെ ചേതോഹരമായ ചേരുവയോടെ ഹൃദയത്തിൽനിന്ന് ഉറവെടുക്കുന്ന സ്വരമാധുര്യമാർന്ന ആ വാക്കുകളുടെ ഉടമ വേദവിദ്വാനും വ്യാകരണമറിയുന്നവനുമായ േശ്രഷ്ഠവ്യക്തിത്വമാണെന്ന് ലക്ഷ്മണനോട് സൂചിപ്പിച്ചതിനുശേഷമാണ് ശ്രീരാമൻ സ്വയംവെളിപ്പെടുത്തുന്നത്.

അനേകം ആവരണങ്ങളുള്ള സത്യത്തെ മനുഷ്യസാധ്യമായ വിധത്തിൽ മറനീക്കി ആവിഷ്കരിക്കുന്നവയാണ് എക്കാലത്തും എവിടെയും പ്രസക്തമായ വിശ്വോത്തരകൃതികൾ. പ്രാണൻ വിവിധ ഇടങ്ങളിൽ സ്പർശിക്കുമ്പോളുണ്ടാകുന്ന സ്വാഭാവികമായ പ്രതിസ്പന്ദനം എന്നതിലുപരി വർണങ്ങൾക്ക്, അക്ഷരങ്ങൾക്ക്, വാക്കുകൾക്ക് സത്യത്തിന്റെ സാക്ഷ്യംകൂടി കൈവരുമ്പോളാണ് അത് വചനമാകുന്നത്.

മനസ്സിന്റെ താക്കോലായ വാക്കുകളിലൂടെയുള്ള ആവിഷ്കാരങ്ങൾക്ക് ഈ ലോകവ്യവഹാരത്തിലും നിർണായക സ്ഥാനമുണ്ട്. സ്വയം വെളിപ്പെടുത്തുന്ന വാക്കുകളുടെ ജീവേതിഹാസമായ ആദികാവ്യം ഹനുമാനെ അവതരിപ്പിക്കുന്നത് വചനങ്ങളുടെ ദൂതനായിട്ടാണ്. ജീവസത്യത്തിന്റെ പ്രതിനിധാനമായ വാക്കുകളെ അതിന്റെ സൂക്ഷ്മതയിൽ ഉൾക്കൊള്ളുന്ന ശ്രീരാമൻ ഹനുമാനെ തിരിച്ചറിയുന്നതും പ്രസ്തുത മാധ്യമത്തിലൂടെയാണ്.

ബോധത്തിന്റെ ഏതോ തലത്തിൽ അതുവരെ നിഗൂഢമായിരുന്ന വചനത്തിന്റെ ശക്തിസൗന്ദര്യങ്ങളാണ് ശ്രീരാമസാന്നിധ്യത്തിൽ ഹനുമാനിലൂടെ പുറത്തുവന്നത്. അഗാധവും സുദൃഢവുമായ ആത്മബന്ധത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. ഇടനിലകളും മുറിവുമില്ലാത്ത മധുരമായ വാക്കുകളുടെ സ്വതന്ത്രമായ സഞ്ചാരസാഫല്യവും ഭക്തിയുടെ അകപ്പൊരുളിൽ നിലീനമാണല്ലോ?  

Tags:    
News Summary - The beginning of a relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.