ഋഷ്യശൃംഗന്റെ പുത്രകാമേഷ്ടി

പുത്രരില്ലാതെ വിഷമിച്ച ദശരഥൻ മന്ത്രി പുരോഹിതന്മാരുടെ ഉപദേശ പ്രകാരം ഋഷ്യശൃംഗനെ അയോധ്യയിൽ എത്തിച്ച് ഒരു യാഗം നടത്തുവാൻ തീരുമാനിച്ചു. സൂതനായ സുമന്ത്രരുടെ ഉപദേശമാണ് ദശരഥനെ ഇതിലേക്ക് നയിച്ചത്. അംഗരാജ്യത്ത് നിലനിന്ന ഘോരമായ വരൾച്ച അവസാനിച്ചതും രാജ്യത്ത് വൃഷ്ടിയുണ്ടായതും ഋഷ്യശൃംഗൻ അംഗരാജ്യത്ത് പ്രവേശിച്ചതിനാലാണെന്ന് സുമന്ത്രർ ദശരഥനോട് വിശദമായി പറയുകയുണ്ടായി. അങ്ങനെ അംഗരാജ്യത്ത് എത്തി ഋഷ്യശൃംഗനെ ക്ഷണിച്ചു കൊണ്ടുവന്ന് പുത്രലാഭാർഥം ദശരഥൻ അശ്വമേഥം എന്ന യാഗം നടത്തി.

അശ്വമേഥത്തിന് ശേഷം ഋഷ്യശൃംഗന്റെ തന്നെ നിർദേശപ്രകാരം അഥർവവേദ വിധി പ്രകാരമുള്ള ഒരു ഇഷ്ടി (യാഗം) ദശരഥൻ ചെയ്തു (ബാലകാണ്ഡം, 15. 2). ഋഷ്യശൃംഗന്റെ അഥർവവേദ വിധിയനുസരിച്ചുള്ള യാഗാനുഷ്ഠാനം ചില ചരിത്രസന്ദർഭങ്ങളെയാണ് വെളിവാക്കുന്നത്. അഥർവവേദത്തിന് ആദ്യഘട്ടത്തിൽ ഋഗ്വേദം, യജുർവേദം, സാമവേദം തുടങ്ങിയ വേദങ്ങൾക്കൊപ്പം സ്ഥാനമുണ്ടായിരുന്നില്ല. ഋഗ്വേദം മുതലായ മൂന്ന് വേദങ്ങൾക്കായിരുന്നു പ്രാമാണ്യം.

ആര്യ ബ്രാഹ്മണർ തദ്ദേശീയ ജനവിഭാഗങ്ങളുമായി ഇടകലർന്ന് ജീവിച്ച ഘട്ടത്തിലാണ് അഥർവവേദം രചിക്കപ്പെട്ടത്. അതിലെ മന്ത്രവാദങ്ങളും മന്ത്ര - മണി -ഔഷധ പ്രയോഗങ്ങളും മറ്റും ഇതിന്റെ ദൃഷ്ടാന്തമാണ്. കൂടാതെ, അഥർവവേദീയരെ ആഭിചാരകർമികൾ എന്ന് വിളിച്ചു പോരികയും ചെയ്തിരുന്നു. ഋഷ്യശൃംഗന്റെ പുത്രലാഭത്തിന് വേണ്ടിയുള്ള ഇഷ്ടി തെളിയിക്കുന്നത് വാല്മീകി രാമായണത്തിലെ ബാലകാണ്ഡത്തിന്റെ രചനാ ഘട്ടമാകുമ്പോഴേക്ക് തദ്ദേശീയ അനാര്യ ഗോത്ര ജനതയുടെ മന്ത്രൗഷധ പ്രയോഗങ്ങൾ ആര്യ ബ്രാഹ്മണർ സ്വാംശീകരിച്ചു കഴിഞ്ഞിരുന്നു എന്നാണ്.

Tags:    
News Summary - ramayana swarangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-02 06:54 GMT
access_time 2025-08-01 05:45 GMT