ബന്ധങ്ങളുടെ ഇതിഹാസം

മനുഷ്യനും പ്രകൃതിയും ചരാചരങ്ങളുമെല്ലാം കണ്ണിചേരുന്ന വലിയൊരു ആഖ്യാനപാരമ്പര്യത്തിന്റെ ഉൽപന്നമാണ് രാമായണം. ഒരു തത്ത്വത്തിന്റെ അനേകരൂപത്തിലുള്ള പ്രകാശനമാണ് ഈ ദൃശ്യപ്രപഞ്ചം എന്നതുകൊണ്ട് തനിമയിൽ എല്ലാം ഏകോപിച്ചിരിക്കുന്നു. സ്വന്തവും സ്വതന്ത്രവുമായ അസ്തിത്വം അതിന്റെ മൗലികസ്വഭാവത്തിലുള്ളതുകൊണ്ട് ഒന്നും ഒന്നിനും ആരും ആരുടെയും കീഴിലല്ല. ഈ അവബോധം വ്യക്തികളിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനമാകുമ്പോഴേ അതൊരു മൂല്യമായി, അന്തസ്സാരമായി പരിണമിക്കൂ.

അതുകൊണ്ടുതന്നെ രാമായണത്തിലെ കഥകളും കഥാപാത്രങ്ങളും അവക്കുവേണ്ടി മാത്രം ഉള്ളതല്ല. അവയെല്ലാം പ്രതിനിധാനപരങ്ങളാണ്, ബഹുസ്വരതയുടെ നാനാർഥങ്ങളെ അതിന്റെ എല്ലാ സാധ്യതകളോടും സന്നിവേശിപ്പിക്കുന്നവയാണ്. കുലപർവതങ്ങളും നദികളും ഉള്ളകാലത്തോളം ഈ കൃതി നിലനിൽക്കുമെന്നും ലോകമെങ്ങും പ്രചരിക്കുമെന്നും വാല്മീകിമഹർഷിയെ ബ്രഹ്മദേവൻ അനുഗ്രഹിച്ചു എന്നതിന്റെ പൊരുളും അതാണ്.

വേദാർഥങ്ങളെ വിശദീകരിക്കുന്നവയാണ് പുരാണേതിഹാസങ്ങൾ. അതിൽ വ്യക്തിബന്ധങ്ങൾക്ക് മിഴിവും ഹൃദ്യതയും മുൻതൂക്കവുമേകുന്നത് രാമായണമാണ്. മാതാപിതാക്കളും സന്താനങ്ങളും തമ്മിൽ, രാജാവും പ്രജകളും ഇതര രാജ്യങ്ങളിലെ ഭരണാധികാരികളും തമ്മിൽ, ഭക്തരും ഭഗവാനും തമ്മിൽ, സഹോദരങ്ങൾ, ദമ്പതിമാർ, സ്ത്രീപുരുഷന്മാർ, ഗുരുശിഷ്യന്മാർ, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർ തമ്മിലെല്ലാമുള്ള ബന്ധങ്ങൾ അതിൽ ചിത്രീകരിക്കുന്നുണ്ട്. ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾ എങ്ങനെ വിനാശത്തിലേക്ക് നയിക്കുമെന്നും അത് കാണിച്ചുതരുന്നു.

ശൂർപ്പണഖയോടുള്ള പെരുമാറ്റവും ബാലിവധവും അഗ്നിപരീക്ഷയും സീതാപരിത്യാഗവും ശംബൂകവധവുമെല്ലാം അതിൽപ്പെടുന്നു. ഇവയെ ന്യായീകരിക്കുന്ന വ്യാഖ്യാന വ്യവസായശാലകൾ വിചാരസത്രങ്ങളിലും സാധനാശിബിരങ്ങളിലും സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി തുറന്നിട്ടിരിക്കുന്നതു കാണാം. ഇതിഹാസകാലത്തെ സാമൂഹികാന്തരീക്ഷത്തെ, ധാർമികബോധത്തെ, മൂല്യവീക്ഷണങ്ങളെ വർത്തമാനകാല ജനാധിപത്യബോധത്തിലേക്ക് വകതിരിവില്ലാതെ ഇറക്കുമതി ചെയ്യുന്ന പ്രക്രിയയാണത്.

ഇങ്ങനെ ചെയ്തികളെ വികലമായി ന്യായീകരിച്ചും വക്രീകരിച്ചും ഉണ്ടായ പാരായണങ്ങളാണ് വർണപരവും ജാതീയവും മതപരവും വംശീയവുമായ ഉച്ചനീചത്വങ്ങളിലേക്ക് വഴിതുറന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയതും. ഇത്തരം പുനരുജ്ജീവനവാദങ്ങൾ നവോത്ഥാന മൂല്യങ്ങളെ നിർവീര്യമാക്കി പാർശ്വവത്കരണത്തെ ശക്തിപ്പെടുത്തുന്നതിനും ഏകാധിപത്യത്തിലേക്കും മതാത്മകതയിലേക്കും രാജ്യത്തെ നയിക്കുന്നതിനും മാത്രമേ ഉപകരിക്കൂ.

ലോകത്തിലെ വിവിധ സമൂഹങ്ങളിൽപ്പെട്ടവരെ, വിരുദ്ധാശയങ്ങൾ ഉൾക്കൊള്ളുന്നവരെ വിവേചനങ്ങളില്ലാതെ സ്വാംശീകരിച്ച സമ്പന്നമായ ഐതിഹാസികജീവിതമാണ് രാമായണത്തിനുള്ളത്. അതുകൊണ്ടുതന്നെ ദൃഢവും സുതാര്യവും ആത്മാർഥവുമായ ബന്ധം സകലചരാചരങ്ങളുമായി ഊട്ടിയുറപ്പിക്കേണ്ട അനിവാര്യതയിലേക്കാണത് വിരൽചൂണ്ടുന്നത്. 

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.