കറകളഞ്ഞ ഭക്തിഭാവം

കബന്ധനെ വധിച്ചശേഷം രാമലക്ഷ്മണന്മാർ ശബരിയുടെ ആശ്രമത്തിലെത്തുന്നു. പമ്പാനദിയെക്കുറിച്ചുള്ള വർണനയുള്ളതുകൊണ്ട് ശബരിയുടെ ആശ്രമം സ്​ഥിതിചെയ്തിരുന്നത് ശബരിമലയിലാണെന്ന് അനുമാനിക്കാം. ഭക്തിനിറഞ്ഞ ആശ്രമാന്തരീക്ഷത്തിൽ, ബദ്ധശത്രുക്കളായ ജന്തുക്കൾപോലും വൈരംമറന്ന് സ്​നേഹസൗഹൃദങ്ങൾ പങ്കുവെച്ചാണ് അവിടെ പുലർന്നിരുന്നത്. കണ്ടമാത്രയിൽത്തന്നെ ശ്രീരാമനെ തിരിച്ചറിഞ്ഞ ശബരി ആനന്ദാശ്രുക്കൾ പൊഴിച്ച് തൃപ്പാദങ്ങൾ കഴുകി ഫലമൂലാദികൾകൊണ്ട് സ്വാമിയെ സൽക്കരിക്കുന്നു. ശ്രീരാമനെ കണ്ടതോടെ തന്റെ ജന്മവും തപസിദ്ധിയുമെല്ലാം സഫലമായെന്നും ഗുരുനാഥന്മാർ സംപൂജിതരായെന്നും ശബരി പറയുന്നുണ്ട്. ഓരോ പഴവും കടിച്ച് രുചിനോക്കി അതിൽ വിശിഷ്​ടമായതാണ് അവർ ശ്രീരാമന് നൽകുന്നത്.

വിനയവും ഔചിത്യവും നിഷ്ക്ളങ്കവും ദൃഢവുമായ ഭക്തിയുമാണ് ശബരി എന്ന കാട്ടാളസ്​ത്രീയെ അവിസ്​മരണീയയാക്കുന്നത്. തന്റെ ഗുരുക്കന്മാരായ മതംഗാദിമുനികൾ ആയിരത്താണ്ട് വിഷ്ണുവിനെ പൂജിച്ചിട്ടും കിട്ടാത്ത ഭാഗ്യമാണ് തനിക്കുണ്ടായതെന്ന് ശബരി സൂചിപ്പിക്കുന്നുണ്ട്. ജാതി, ലിംഗം, വർണം, വംശം, വർഗം, ശരീരം, പ്രദേശം എന്നിവ ഭക്തിയെ സംബന്ധിച്ച് അപ്രസക്തമാണ്. സജ്ജനസംഗം, കഥാലാപനം, ഗുണകീർത്തനം, വചോവ്യാഖ്യാനം, ആചാര്യ ഉപാസന, പുണ്യശീലത്വം, യമനിയമാദികളോടെ മുടങ്ങാത്ത പൂജ, തത്ത്വവിചാരം, വിഷയവൈരാഗ്യം എന്നിങ്ങനെ ഒമ്പതുവിധത്തിലുള്ള ഭക്തിസാധനകളെക്കുറിച്ച് ശ്രീരാമൻ ശബരിയെ ഉപദേശിക്കുന്നു.

ബാലിയെ പേടിച്ച് ഋശ്യമൂകപർവതത്തിൽ വസിക്കുന്ന സുഗ്രീവനുമായി സഖ്യം ചെയ്ത് ലങ്കാപുരിയിലുള്ള സീതയെ വീണ്ടെടുക്കാൻ ശബരി ഉപദേശിക്കുന്നു. ശ്രീരാമൻ വിടനൽകിയതോടെ മാന്തോലും മരവുരിയുമുടുത്ത ശബരി തീയിൽ സ്വദേഹം ഹോമിച്ച് അഗ്നിജ്വാലയുടെ രൂപത്തിൽ സ്വർഗലോകത്തേക്ക് പോകുമ്പോൾ ശാപമുക്തിക്കപ്പുറം സായൂജ്യപദവിയിലേക്കാണ് അവർ ഉയർന്നതെന്ന് വ്യക്തമാകുന്നു. തന്റെ ചെറിയ സാന്നിധ്യംകൊണ്ട് ലോകത്തിന് വലിയൊരു സന്ദേശമായിത്തീർന്ന വിശിഷ്​ട വ്യക്തിവൈശിഷ്​ട്യത്തിന് ഉടമയാണവർ.

ഭാരതീയ ചിന്തയിൽ സ്​ത്രീകൾക്ക് നൽകിയ സ്​ഥാനം പലപ്പോഴും ഗ്രന്ഥങ്ങളിലും തത്ത്വചിന്തയിലും വിശ്വാസപ്രമാണങ്ങളിലും മാത്രം ഒതുങ്ങിനിന്നു. വിജ്ഞാനമണ്ഡലങ്ങളിൽനിന്നും ആത്മീയചര്യകളിൽനിന്നും പുരുഷാധിപത്യവും പൗരോഹിത്യവും സ്​ത്രീകളെ അകറ്റിനിർത്തി. അറിവ്, സമ്പത്ത്, കരുത്ത് എന്നിവയുടെ അധിഷ്ഠാനദേവതാസങ്കൽപങ്ങളിലേക്ക് പരിമിതപ്പെട്ട സ്​ത്രീത്വം ബ്രാഹ്മണ–പൗരോഹിത്യ–പുരുഷ–അധികാരേശ്രണികൾക്ക് എങ്ങനെയും എടുത്തുപയോഗിക്കാവുന്നതും എപ്പോൾ വേണമെങ്കിലും ചിതയിലേക്കെറിയാവുന്നതുമായ സതീത്വത്തിലേക്ക് ഇടിഞ്ഞു.

ഇവിടെയാണ് താഴേക്കിടയിലെന്ന് സമൂഹം വിലയിരുത്തുന്ന ഒരു സ്​ത്രീ ആചാരോപചാരങ്ങൾക്കെല്ലാം അപ്പുറത്താണ് ഈശ്വരഭക്തിയെന്ന് സ്വജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുന്നത്. മനുഷ്യനിർമിതമായ വേർതിരിവുകളൊന്നും ഭക്തിക്ക് ബാധകമല്ല. രാഗദ്വേഷങ്ങളൊഴിഞ്ഞ ചിത്തസംശുദ്ധിതന്നെയാണ് അവിടെ പ്രധാനം. ശബരി രുചിച്ചുനോക്കി തനിക്ക് അർപ്പിച്ച കനികളെല്ലാം ഒരു ഭാവഭേദവും കൂടാതെയാണ് ശ്രീരാമൻ കൈക്കൊള്ളുന്നത്.

മധുരതമായ ഭക്തിയുടെ നെറുകിൽ നിൽക്കുന്ന ആ മഹതി മറ്റൊരു ലക്ഷ്യവും തനിക്കിനിയില്ലെന്ന ഉറച്ച ബോധ്യത്തോടെയാണ് ശരീരം വെടിയുന്നത്. ഫലേച്ഛയില്ലാതെ സമർപ്പണഭാവത്തിൽ നടത്തുന്ന കർമങ്ങളെല്ലാം ഈശ്വരാരാധനയാണെന്ന് ശബരീചരിതത്തിൽനിന്നും നമുക്ക് ഗ്രഹിക്കാനാകുന്നു. 

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.