ഏറ്റവും വലിയ പാപം

ഏറ്റവും വലിയ പാപം ഏതാണ്? രാമായണം ഈ ചോദ്യത്തിനു തരുന്ന ഉത്തരം ഈ കാലങ്ങളിൽ പ്രത്യേകിച്ചും ആലോചനാർഹമാണ്.

മറുപടി നൽകുന്നത് ശ്രീരാമനാണ്. ഇതൊരു നാടകീയ മുഹൂർത്തത്തിലും ആണ്. തന്നെ അമ്പെയ്തു വീഴ്ത്തിയ ശ്രീരാമനോട് മരിക്കും മുമ്പേ മഹാപരാക്രമിയായ ബാലി പ്രാണവേദനക്കിടെ ആക്ഷേപഹാസ്യധ്വാനിയോടെയാണ് ചോദിക്കുന്നത്: 'ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത വാനരനായ എന്നെ എന്തിനാണ് അമ്പെയ്തു വീഴ്ത്തിയത്? കുരങ്ങിറച്ചി ഭക്ഷണത്തിനുപോലും ആരും ഉപയോഗിക്കാറില്ലല്ലോ!'

അപ്പോഴാണ് ശ്രീരാമൻ പറയുന്നത്: 'പുത്രി ഭഗിനി സഹോദരഭാര്യയും പുത്ര കളത്രവും മാതാവും ഏതുമേ ഭേദമില്ല. ഇവരിൽ ആരെയെങ്കിലും കാമിക്കുന്നവനാണ് പാപികളിൽ വെച്ച് ഏറ്റവും വലിയ പാപി. മരണത്തിൽ കുറഞ്ഞ ഒന്നുമല്ല ആ പാപത്തിനുള്ള ശിക്ഷ.' കാരണമെന്തുമാകട്ടെ, അനിയനായ സുഗ്രീവനെ നാട്ടിൽനിന്ന് ആട്ടിയോടിച്ച്, സുഗ്രീവ ഭാര്യയെ സ്വന്തമാക്കി ​െവച്ചിരിക്കുകയായിരുന്നുവല്ലോ ബാലി.

ഞാൻ കൂട്ടിനു സ്വീകരിച്ച ആൾ ഒഴികെ ബാക്കി എല്ലാ സ്ത്രീകളും പ്രാഥമികമായി മറ്റ് ആരുടെയെങ്കിലും മകളും അനിയത്തിയും സഹോദരഭാര്യയും പുത്രവധുവും ഒക്കെ ആണല്ലോ. ഇതായിരുന്നു അക്കാലത്ത് സ്ത്രീയോട് പുലർത്തേണ്ടുന്ന ധാർമിക മനോഭാവം.

മദം പൊട്ടിയ രാജാവുപോലും, പെണ്ണിനെ കടന്നുകയറി ആക്രമിച്ചു പിടിച്ചുകൊണ്ട് പോകുമ്പോഴും, അവളുടെ സമ്മതം കൂടാതെ അവളെ പ്രാപിക്കുന്ന കാര്യത്തിൽ ദൈവഭയം പുലർത്തി. പിടിച്ചുകൊണ്ടുപോയി ലങ്കയിലെ അശോകവനിയിൽ പാർപ്പിച്ച സീതയോട് പല രീതികളിൽ പ്രണയാഭ്യർഥന നടത്തുകയല്ലാതെ ബലപ്രയോഗത്തിന് രാവണൻ മുതിരുന്നില്ല.

മഹർഷിപത്നിയായ അഹല്യയിൽ കമ്പം തോന്നിയ ദേവേന്ദ്രൻ അവരുടെ ഭർത്താവ് ആയി വേഷംമാറി പണി പറ്റിക്കുകയാണ് ചെയ്യുന്നത്. കുറ്റവാളി ദേവേന്ദ്രൻ തന്നെ ആയിരുന്നിട്ടു പോലും, ദേഹത്തിൽ ആയിരം ലിംഗമുണ്ടാകട്ടെ എന്ന മുനിശാപശിക്ഷ ലഭിച്ചു. വളരെ കഷ്​ടപ്പെട്ടാണ് അത് ആയിരം നേത്രങ്ങൾ എന്നു തിരുത്തിച്ചത്!

മേലും കീഴും നോക്കാതെ, ജനിച്ചു വീഴുന്ന നിമിഷംതൊട്ടുതന്നെ പെൺപ്രജകളെ പീഡിപ്പിക്കുന്ന ഉത്തരാധുനിക പരിഷ്കൃതമനുഷ്യൻ ഈ കഥയൊക്കെ അറിയുന്നത് നന്നായിരിക്കും.

കൊട്ടാരത്തിലായാലും കുടിലിലായാലും അച്ഛനും അമ്മക്കും തുല്യമായിരുന്നു സ്ഥാനം. അച്ഛനും എനിക്കും ഗുരുത്വം (തൂക്കം) ഒപ്പമാണ് എന്നും കാട്ടിൽ പോകാൻ അച്ഛൻ പറയുന്നെങ്കിൽ പോകരുതെന്ന് ഞാൻ പറയുന്നെന്നും ഇത് തട്ടിമാറ്റി നീ പ്രവർത്തിച്ചാൽ ലോകംതന്നെ പിന്നെ മുടിഞ്ഞു പോകുമെന്നുമാണ് ശ്രീരാമനോട് കൗസല്യ പറയുന്നത്. വേട്ട പെണ്ണിനെ വ്യാപകമായി തൊഴുത്തിലെ മൃഗമാക്കിയ ഈ ലോകം മുക്കാലോഹരിയും മുടിഞ്ഞുകഴിഞ്ഞല്ലോ!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.