മാതൃകകൾ നന്മയുടെയും തിന്മയുടെയും

വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മാതൃകകൾ രാമായണം നമ്മുടെ മുന്നിൽവെക്കുന്നു. ഏറ്റവും പ്രധാനപ്പെട്ടത് അധികാരികളുടെ വർണരാജിതന്നെ. രാമൻ ഒരറ്റത്തും രാവണൻ മറ്റേയറ്റത്തും. അധികാരം എന്ന ആശയം എത്ര ഭിന്നമായാണ് ഇരുവരിലും പ്രവർത്തിക്കുന്നത് എന്നു നോക്കുക. മനുഷ്യരായ നമുക്ക് എന്തി​െൻറയെങ്കിലും പുറത്ത് അധികാരം വേണം (മൃഗങ്ങൾ ഈ വയ്യാവേലി വലിച്ച് തലയിൽ കയറ്റാറില്ല). മറ്റൊന്നും ഇല്ലെങ്കിൽ കെട്ടിയ പെണ്ണിനെ കിട്ടിയ വടികൊണ്ട് ഒന്നു കൊടുക്കാനുള്ള അധികാരമെങ്കിലും വേണം നമുക്ക്! എന്നാലോ, ത​െൻറതന്നെ മേൽ തനിക്കുള്ള അധികാരം വേണ്ടത്ര ഉറപ്പിക്കാൻ അധികമാരും ശ്രദ്ധിക്കാറുമില്ല. എന്നെ അടക്കിയൊതുക്കി നേർവഴിക്ക് കൊണ്ടുപോകാൻ കഴിയാത്ത ഞാനാണ് ലോകത്തെ അടക്കിഭരിക്കാൻ കുതിക്കുന്നത്. പക്ഷേ, ആത്മനിയന്ത്രണം സാധിക്കാത്ത ആർക്കും ആരെയും ശരിയായി നിയന്ത്രിക്കാൻ കഴിയില്ല. എല്ലാ പഠിപ്പും തികഞ്ഞാലും മിക്കവർക്കും ഇത് മനസ്സിലാകാറില്ല.

മാനേജ്മെൻറ്​ എന്ന സയൻസിന് ഈ കാര്യം ഇന്നും വിഷയമേയല്ല. പ്രപഞ്ചത്തിലെ ഏറ്റവും നല്ല അധികാരിയുടെ ചിത്രം എഴുത്തച്ഛൻ ഭംഗിയായി വരച്ചു​െവച്ചിരിക്കുന്നതിൽ നിഗൂഢമായ ഒരു ഉദ്ദേശ്യമുണ്ട്. അറുവഷളന്മാരായ നാടുവാഴികൾ മദയാനകളെപ്പോലെ അരങ്ങുതകർക്കുന്ന കാലത്താണ് രാമായണം എഴുതിയത്. അത് വായിച്ച ജനങ്ങൾ തീർച്ചയായും ആഗ്രഹിച്ചിരിക്കും, തങ്ങളെ ഭരിക്കുന്നവർ രാമനെപ്പോലെ ആയിരുന്നെങ്കിൽ എന്ന്. നാടുവാഴികൾ അബദ്ധത്തിലെങ്കിലും രാമായണം വായിക്കാൻ ഇടയായാൽ, തങ്ങളും ഇങ്ങനെയായാൽ നന്നായിരിക്കുമെന്ന് അവർക്കുകൂടിയും തോന്നട്ടെ എന്നും കരുതിക്കാണും! യഥാ രാജാ തഥാ പ്രജ എന്നുണ്ടല്ലോ. പച്ചമലയാളത്തിൽ പറഞ്ഞാൽ ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന് എന്നുതന്നെ. വല്ലാത്ത രാജപ്രഭാവത്തേക്കാൾ ഇല്ലാത്ത രാജപ്രഭാവം സുഖം താൻ! പക്ഷേ, പോത്തി​െൻറ ചെവിയിൽ വേദം ഓതിയിട്ട് എന്തു കാര്യം? നല്ല മാതൃക കാണിച്ചുകൊടുത്തതിന് വധശിക്ഷയാണ് എഴുത്തച്ഛന് വിധിച്ചു കിട്ടിയത്. ഭരിക്കുന്നവൻ രാവണൻ ആയിരിക്കുകയും രാമൻ എന്നു ഭാവിക്കുകയും ചെയ്യുമ്പോഴാണ് ഭരിക്കപ്പെടുന്നവർക്ക് മഹാ കഷ്​ടം. അതിനാൽ ഭരണാധികാരിയെ ശരിയായി അറിയുക എന്ന ഉപദേശംകൂടി കിളിപ്പാട്ടുകാരൻ പരോക്ഷമായി നൽകുന്നു.

ജനായത്തം എന്ന സങ്കൽപംതന്നെ ഇല്ലാതിരുന്ന കാലത്ത് നൽകപ്പെടുന്ന ഈ സൂചന വന്നു വന്ന് ഇന്ന് എത്രമാത്രം പ്രസക്തമാണ് എന്ന് ആരും പറയേണ്ടതില്ലല്ലോ, വോട്ടിനായി നാട്യങ്ങളും വേഷങ്ങളും കാപട്യങ്ങളും നടമാടുന്ന ഈ കാലത്ത് വിശേഷിച്ചും! പാലം കടക്കുവോളം മാത്രം (ദരിദ്ര) നാരായണ എന്ന് ഉരുവിടുന്ന ആളുകളെ തിരിച്ചറിയാനും രാമായണംവായന ഉപകരിക്കും. വെറുതെയാണോ സർക്കാറുകൾ എഴുത്തച്ഛൻപാഠങ്ങൾ എല്ലാ വിദ്യാലയങ്ങളിൽനിന്നും മെല്ലെമെല്ലെ എടുത്ത് ദൂരെ കളഞ്ഞത്. വെളിച്ചം മൊത്തം അണഞ്ഞാലല്ലേ വെളുക്കുവോളം...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.