എല്ലാവരുടെയും ജീവിതയാത്രയിൽ ചില നിമിഷങ്ങൾ ഹൃദയത്തിൽ അവിസ്മരണീയമായി പതിഞ്ഞു നിൽക്കും.ഒമാനിലെ അധ്യാപക ജീവിതം മറക്കാനാകാത്ത അനുപമ അനുഭവങ്ങളുടെ സമാഹാരമാണ്. ജാതി-മത-ഭാഷാ-സംസ്കാര വ്യത്യാസങ്ങൾ അതിരുകളാവാതെയുള്ള അനുഭവ പുസ്തകത്തിന്റെ മധുര സ്മൃതികൾ.
റമദാൻ മാസത്തിലെ അനന്തമായ അനുഗ്രഹ നിമിഷങ്ങൾ ഒരിക്കലും മറയാത്ത സ്വർണരേഖകളാണ്.ജീവിതം പലപ്പോഴും അനുഭവങ്ങളുടെ സമാഹാരമാണ്.അതിനകത്ത് ചില നിമിഷങ്ങൾ മനസ്സിൽ ദീപ്തമായി നിലനിൽക്കും.ഒമാനിലെ അധ്യാപക ജീവിതവും,പ്രത്യേകിച്ചും റമദാൻ മാസത്തിലെ അതിന്റെ ഊഷ്മളമായ അനുഭവങ്ങളും എനിക്കൊരിക്കലും മറക്കാനാകാത്തവയാണ്.
നോമ്പ് തുടർന്നുകൊണ്ട് ക്ലാസിൽ സജീവമായി പങ്കെടുക്കുന്ന എന്റെ വിദ്യാർഥികളുടെ ആത്മസമർപ്പണവും അധ്വാനവും പലപ്പോഴും അത്ഭുതം തോന്നിച്ചിട്ടുണ്ട്.ചിലപ്പോൾ, നോമ്പിന്റെ തളർച്ച അവരുടെ മുഖത്ത് പ്രത്യക്ഷമാവുമെങ്കിലും, മടികൂടാതെയുള്ള അവർ കാണിക്കുന്ന ത്യാഗ മനോഭാവം എന്റെ ഹൃദയത്തെ സ്പർശിക്കാറുണ്ട് .
റമദാൻ മാസത്തിന്റെ വരവറിയിക്കുന്ന ആദ്യ ചന്ദ്ര ദർശനത്തോടെ,ഒമാന്റെ ഹൃദയഭൂമിയിൽ വിശുദ്ധിയുടെ വെളിച്ചം തെളിയുന്നത് ഞാൻ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരുന്നത് . ഈ പുണ്യമാസം ആരംഭിക്കുമ്പോൾ, എന്റെ സഹപ്രവർത്തകരായ പൊലീസ് സുഹൃത്തുക്കളും പ്രിയപ്പെട്ട വിദ്യാർഥികളും അഗാധമായ വിശ്വാസത്തോടെയും സമർപണ ഭാവത്തോടെയും നോമ്പ് തുടരുന്ന കാഴ്ചകൾ മനസ്സിനെ ഉണർത്തിയിരുന്നു.
അവരുടെ സമർപ്പണത്തെയും സഹനശീലത്തെയും മനസ്സിലാക്കി, ഞാനും ഈ ദിവ്യയാത്രയിൽ ഒരു പങ്കാളിയാകാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അങ്ങനെ,എനിക്കാവുന്ന ദിവസങ്ങളിൽ നോമ്പ് എടുത്തുകൊണ്ട് എന്റെ സഹജീവികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു പോരുന്നു.
റമദാൻ കേവലം ഉപവാസം മാത്രമല്ല, മറിച്ച്,ഒരു ആത്മീയ പരിവർത്തനത്തിന്റെ സമയം കൂടിയാണ്.സ്നേഹം, സഹകരണം, ത്യാഗം, മനസ്സിന്റെ പവിത്രത, കരുണ എന്നിവയെല്ലാം ഈ പുണ്യ മാസത്തിൽ അതിന്റെ യഥാർഥ അർഥത്തിൽ അനുഭവവേദ്യമാക്കുന്നതു തിരിച്ചറിയുന്നു.ഇഫ്താറിനായി ഒന്നിച്ചു കൂടുമ്പോൾ,ഉള്ളവനും ഇല്ലാത്തവനും ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം പങ്കിട്ടു കഴിക്കുമ്പോൾ,അവിടെയുണ്ടാകുന്ന ആത്മബന്ധം അക്ഷരാർഥത്തിൽ യഥാർഥ സാഹോദര്യം എന്തെന്ന് തിരിച്ചറിയാനുള്ള അനുഭവമായിരുന്നു.
സത്യസന്ധമായ സൗഹൃദത്തിന്റെ മാധുര്യവും സ്നേഹത്തിന്റെ തിളക്കവുമായിരുന്നു ഓരോ ഇഫ്താറും സമ്മാനിച്ചത്.വെറും ഭക്ഷണപരമായ നോമ്പിനെക്കാൾ,ആത്മാവിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണിതെന്ന് മനസ്സിലാകുമ്പോൾ, ആത്മീയ ഉണർവിന്റെ ആഴം അനന്തമാകുന്നു. മറ്റുള്ളവരുടെ ദുഃഖവും പ്രയാസങ്ങളും മനസ്സിലാക്കാൻ ഉള്ള ഒരു പാതയൊരുക്കൽ കൂടിയാണ് ഈ നോമ്പു കാലം.അതേ,അങ്ങനെ ആത്മപരിശോധനയുടെ, ഹൃദയശുദ്ധീകരണത്തിന്റെ, സ്വയം ശൂന്യവത്കരണത്തിന്റെ സമയം കൂടി ആവട്ടെ ഈ പുണ്യ മാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.