വലിയങ്ങാടിയിൽ വിൽപനയെക്കത്തിയ വിവിധയിനം ഈത്തപ്പഴങ്ങൾ
കോഴിക്കോട്: നോമ്പുകാലം ഒഴിച്ചുകൂടാനാവാത്ത ഈത്തപ്പഴത്തിന്റെ മൊത്ത വിപണിയായ വലിയങ്ങാടിയിൽ രാത്രിയും കച്ചവടം തകൃതി. മുമ്പ് വൈകുന്നേരം ഏഴോടെ പലചരക്ക് അരി മൊത്തക്കച്ചവടം കഴിഞ്ഞ് വിജനമായിരുന്ന വലിയങ്ങാടിയിൽ ഇപ്പോൾ അർധരാത്രിയും നല്ല തിരക്കാണ്. വലിയങ്ങാടിയിലെ ഈത്തപ്പഴം, ഡ്രൈഫ്രൂട്ട്സ് കടകളിലാണ് ഇപ്പോൾ തിരക്കിന്റെ പൂരം.
മലബാറിൽ വിവിധ ഭാഗങ്ങളിലേക്ക് ഈത്തപ്പഴം പോവുന്ന പ്രധാന മൊത്ത വിപണിയാണ് വലിയങ്ങാടി. ഇത്തവണ ചാക്കിൽ വരുന്ന സാധാരണ കാരക്കയുടെ വരവ് മാർക്കറ്റിൽ കുറഞ്ഞതിനാൽ വിലക്കയറ്റമുണ്ട്. വിളവെടുപ്പ് സീസൺ അവസാനിക്കുന്നതിനാലാണ് വരവ് കുറഞ്ഞതെന്ന് വ്യാപാരികൾ പറഞ്ഞു. സാധാരണ കാരക്കയായ ബസ്റ ഇനത്തിന് 60 രൂപ കിലോക്ക് ഉള്ളത് 85 വരെയായി ഉയർന്നു. ഇതോടെ ഇതിന് തൊട്ടടുത്ത ഇനമായ ഇറാഖിന്റെ ബറാറിയിനത്തിന് വരുന്ന കാരക്കക്ക് 10 കിലോയുടെ പെട്ടിക്ക് നൂറു രൂപയോളം വില കയറി.
റമദാൻ കിറ്റിലും മറ്റും വ്യാപകമായി ഇപ്പോൾ ഉപയോഗിക്കുന്നത് ഈ ഇനമാണ്. 10 കിലോ പെട്ടിക്ക് 900 ഉള്ളത് ഇപ്പോൾ 1080 വരെയായി. സൗദിയുടെ ശുക്കിരിയ ഇനത്തിന് വൻ ഡിമാന്റാണ്. മൂന്നുകിലോ പാക്കിന് 800 രൂപയുള്ളതിന് നോമ്പ് തുടങ്ങിയതോടെ 900 വരെയെത്തി. മൂന്ന് കിലോയുടെ ഫാൻസി പാക്കുകളിൽ ഇറങ്ങുന്ന മശ്റൂക്ക്, മബ്റൂം, സഫാവി തുടങ്ങിയ സൗദി ഇനങ്ങളും പ്രിയമേറിയവയാണ്. സഫാവി 400-450 രൂപവരെ കിലോക്കുണ്ട്. സൗദിയുടെ പേരുകേട്ട അജ്വയിനത്തിന് മൊത്തവില കിലോക്ക് 900 രൂപവരെയായി ഉയർന്നു.
ഇറാന്റെ കിമിയ അരക്കിലോയുടെ ചെറിയ പെട്ടിക്ക് 170 രൂപയായി ഉയർന്നു. മുമ്പ് ഇസ്രായേലിൽനിന്ന് കിലോക്ക് 900 രൂപവരെ ഈടാക്കി മെഡ്ജോൾ ഇനങ്ങൾ എത്തിയിരുന്നുവെങ്കിലും ഇപ്പോൾ വരുന്നില്ല. മുമ്പ് മൂന്നാഴ്ച മുമ്പുതന്നെ തുടങ്ങിയിരുന്ന കാരക്ക കച്ചവടം നോമ്പിനോടടുപ്പിച്ചാണ് കഴിഞ്ഞ രണ്ട് കൊല്ലമായി സജീവമാവുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.