പ്രകൃതി കനിഞ്ഞ് നൽകിയ കാലാവസ്ഥയിലാണ് ഇത്തവണ റമദാൻ മാസത്തിന്റെ തുടക്കം. റമദാൻ ആരംഭിച്ചപ്പോൾ തന്നെ ഇഫ്താർ സംഗമങ്ങൾക്കും വിപുലമായ ക്ഷണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യത്തെ നോമ്പുതുറ സുബൈർ കണ്ണൂരിന്റെ കാനു ഗാർഡനിലെ കണ്ണൂർ വില്ലിൽനിന്നും ആരംഭിച്ചു.
ഗൾഫ് ഹോട്ടലിലെ കൺവെൻഷൻ സെന്ററിൽവെച്ച് നടന്ന കിംസ് ഹെൽത്തിന്റെ റമദാൻ ഗബ്ഗ പ്രൗഢമായിരുന്നു. അടുത്തത് ഒ.ഐ.സി.സിക്ക് വേണ്ടി സൽമാൻ ഫാരിസിന്റെ സ്നേഹ മസൃണമായ ക്ഷണം. തുടർന്നങ്ങോട്ടുള്ള ദിവസങ്ങൾ നോമ്പുതുറകളുടെ തിരക്കേറിയ സന്ദർശനങ്ങൾ കൊണ്ട് ധന്യമാകാൻ പോവുകയാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും ഇഴയടുപ്പമാണ് നോമ്പുതുറകൾ.
പ്രവാസ ജീവിതത്തിലെ കൂട്ടായ്മകളും സൗഹൃദങ്ങളും തികച്ചും മാതൃകാപരമാണ്. ജീവസന്ധാരണത്തിനായി ഈ പ്രവാസ ഭൂമികയിൽ എത്തിയപ്പോഴാണ് ഇഫ്താറിന്റെ ആഴവും പരപ്പും നേരിട്ടറിയുന്നത്. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നെത്തിയവരും സ്വദേശികളുമെല്ലാം ചേർന്നിരിക്കുമ്പോൾ മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പുതിയ ലോകം ദർശിക്കുകയാണ്.
റമദാൻ മാസത്തിന് മാത്രം സമ്മാനിക്കാൻ കഴിയുന്ന നേർക്കാഴ്ചയാണിത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ പള്ളികളിലും, ചാരിറ്റി കേന്ദ്രങ്ങളിലും, സംഘടനകളിലുമെല്ലാം നൽകുന്ന ഭക്ഷണം റമദാൻ മാസത്തിൽ കണ്ണിനു കുളിർമയും മനസ്സിന് സന്തോഷവും പകരുന്ന കാഴ്ചയാണ്. ചില സമൂഹ നോമ്പുതുറകളിൽ ആവശ്യത്തിലധികം ഭക്ഷണം വിളമ്പി മനസ്സിനെ പ്രയാസപ്പെടുത്തുന്ന കാഴ്ചകൾ സൃഷ്ടിക്കാറുണ്ട്. അപ്പോഴൊക്കെ വർഷങ്ങൾക്കു മുമ്പ് സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന ചെറുകഥയാണ് എന്റെ മനസ്സിലേക്കോടിയെത്താറുള്ളത്.
ഉള്ളതിന്റെ ഒരംശം മറ്റുള്ളവർക്ക് നൽകണമെന്നും അതുവഴി സ്വയം ശുദ്ധീകരിക്കപ്പെടാൻ ഓർമിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധ ഖുർആൻ മാനവ സ്നേഹത്തിന്റെ ഉദാത്ത സന്ദേശമാണ് പ്രദാനം ചെയ്യുന്നത്. സാഹോദര്യത്തിന്റെയും, മാനവികതയുടെയും, സഹജീവി സ്നേഹത്തിന്റെയും സന്ദേശവാഹകരാകാൻ ഇതുപോലെയുള്ള കൂട്ടായ്മകളിലൂടെ സാധിക്കട്ടെയെന്ന് ഹൃദയപൂർവം ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.