പുണ്യനദി ഒഴുകിപ്പോകുന്ന പോലെ ഒരു നോമ്പുകാലം കൂടി നമുക്ക് മുന്നിലൂടെ കടന്നുപോവുകയാണ്. ജീവിതത്തെ പവിത്രമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നദിയിൽ നിന്നാവോളം കോരിയെടുക്കാം. ജീവിതത്തിൽ അറിഞ്ഞും, അറിയാതെയും നമ്മളിലുണ്ടാവുന്ന സകലതിന്മകളെയും കഴുകിക്കളഞ്ഞു മനസ്സിനെ ശുദ്ധീകരിക്കുന്ന മാസമാണ് റമദാൻ. സൂക്ഷ്മത പുലർത്തുന്ന നോമ്പ് കൊണ്ട് മനസ്സിനും ശരീരത്തിന്നും ആത്മശുദ്ധി വന്നുചേരുക തന്നെ ചെയ്യും.
പ്രവാസ ജീവിതം തുടങ്ങിയത് മുതലാണ് എനിക്ക് റമദാന്റെ പ്രാധാന്യം മനസ്സിലാക്കുന്നതും, നോമ്പ് അനുഷ്ഠിക്കുന്നവരോടൊപ്പം ഇടപഴകാൻ അവസരമുണ്ടാവുന്നതും. പ്രവാസ ലോകത്ത് ജാതി മതഭേദമന്യേ എല്ലാവരും ഒത്തുചേർന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്. ഒമാനിൽ വന്നത് മുതൽ ഒരുപാട് ഇഫ്താർ സദസുകളിൽ ഭാഗമാവാൻ കഴിഞ്ഞു. നോമ്പിന്റെ മഹിമയും പ്രാധാന്യവും മനസ്സിലായതും ഈ അവസരത്തിൽ തന്നെയാണ്.
പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആരാധനയായ നോമ്പിലൂടെ കടന്നുപോകുന്ന ഓരോ നിമിഷത്തിലും നോമ്പ് എടുത്തവർ ഉന്നതമായ പ്രതിഫലമാണ് നേടുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു ചെറിയ നോക്കുകൊണ്ടോ, വാക്കുകൊണ്ടോ അത് നഷ്ടപ്പെടരുത് എന്ന ബോധം ആദ്യം നോമ്പുകാരൻ ഉണ്ടാക്കുന്നു. നോമ്പ് ഭക്ഷണത്തില്‍ നിന്നുള്ള മാറി നില്ക്കല് മാത്രമല്ല, മറിച്ച് മോശമായ സംസാരം, പ്രവൃത്തി, ചിന്ത, നോട്ടം തുടങ്ങിയ എല്ലാ കാര്യങ്ങളില്‍നിന്നുള്ള മാറി നില്‍ക്കലാണെന്നും മനസ്സിലാക്കാനാവും.
തിന്മകള് സംഭവിക്കാതിരിക്കാൻ പുലർത്തുന്ന ജാഗ്രതയാണ് ഈ ആരാധനയുടെ പ്രത്യേകത. ഒരു മാസക്കാലം കൊണ്ട് മനസ്സിനെയും ശരീരത്തെയും ജീവിതത്തെയും തെളിഞ്ഞതും വിശുദ്ധവുമാക്കി മാറ്റുന്നതിലൂടെ പുതിയൊരു ജീവിതത്തിലേക്കാണ് ഒരു മനുഷ്യൻ കടക്കുന്നത്. അതാണ് നോമ്പിലൂടെ നേടുന്ന ജീവിതത്തിലെ സമ്പാദ്യം.
പടച്ചവൻ നൽകുന്ന പ്രതിഫലങ്ങൾ വേറെയുമുണ്ട്. സൂര്യോദയം മുതൽ സൂര്യസ്തമനം വരെ ഭക്ഷണമൊന്നും കഴിക്കാതെയും ഒരിറ്റ് വെള്ളം കുടിക്കാതെയുമിരിക്കുക. ഒരു അവിസ്മരണീയമായ അനുഭവത്തിന് സുഗന്ധപൂരിതമായ തുറന്നിട്ട സ്വർഗകവാടം തന്നെയാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. വിശന്നിരിക്കുന്നവരിലേക്കെത്തുന്ന റമദാനിലെ മഗ്രിബ് ബാങ്കൊലിക്കുപോലും ഒരു ഇഫ്താർ സുഗന്ധമുണ്ട്..
ഒറ്റപ്പാലത്തെ മാന്നനൂർ ഗ്രാമത്തിലായിരുന്നു എന്റെ കൂട്ടിക്കാലം. ഒരു മുസ്ലിം കുടുംബം മാത്രമാണ് അന്നവിടെ ഉണ്ടായിരുന്നത്. അവർ എന്റെ തറവാട്ടു വളപ്പിൽ തന്നെയായിരുന്നു താമസം. ഞങ്ങളുടെ തോട്ടം കാവൽക്കാരനായിരുന്നു സൈതലവിക്ക. മുഹമ്മദ്, പാത്തുമ്മ, ഖദീജ, ഐഷ പേരുള്ള നാലു മക്കളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
നോമ്പ് മാസത്തിൽ വൈകുന്നേരം കുട്ടികളായ ഞങ്ങളെ അവരുടെ വീട്ടിലേക്കു വിളിച്ചു നോമ്പുതുറ ഭക്ഷണം തരുന്നത് പതിവായിരുന്നു. ഇഫ്താർ ഭക്ഷണ വിഭവങ്ങൾ എന്നുമെനിക്കേറെ ഇഷ്ടപ്പെട്ടതാണ്. നോമ്പുതുറക്കുള്ള ഈത്തപ്പഴം മുതൽ എല്ലാ പഴവർഗങ്ങളും, ജ്യൂസുകൾ, തരിക്കഞ്ഞിയും സമൂസ പോലുള്ള പൊരിക്കടികളും പത്തിരിയും ഇറച്ചിയും... തുടങ്ങിയ നോമ്പുകാലം ഭക്ഷണങ്ങളുടെ രുചിഭേദങ്ങൾ നോമ്പുകാലത്തെ സവിശേഷതകളാണ്.
സൈതലവിക്ക സ്നേഹ ഓർമകളിന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം ആ കുടുംബവും ഞങ്ങളുടെ നാട്ടിൽ നിന്നും മാറി താമസിച്ചു. ഈ റമദാൻ നോമ്പുകാലത്ത് എന്റെ കുട്ടിക്കാലത്തെയും, ഒപ്പം സൈതലവിക്കയുടെ നന്മകളും മനസ്സിൽ തിരിച്ചെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.