പുണ്യം പെയ്യുന്ന മാസം

തിരുത്തേണ്ടത്‌ തിരുത്തി, നികത്തേണ്ടത്‌ നികത്തി വീണ്ടുവിചാരത്തിന്‌ സ്വയം വിധേയനാവുക എന്നതാണ്‌ വ്രത ലക്ഷ്യമായി അല്ലാഹു പഠിപ്പിച്ചത്‌. (അല്‍ബഖറ: 182). അത്‌ നേടാന്‍ സ്വയം സന്നദ്ധതയുണ്ടോ എന്നിടത്താണ്‌ റമദാനിന്റെ ഫലപ്രാപ്തി. നമ്മുടെ കര്‍മ വിശുദ്ധി അല്ലാഹു സ്വീകരിച്ചുവോ എന്ന്‌ പരലോകത്തെത്തിയാലേ ഉറപ്പിക്കാനാവൂവെങ്കിലും നമ്മുടെ ജീവിതത്തെ സ്വയം വിലയിരുത്തി സമാധാനത്തോടെ മരിക്കാന്‍ വഴികണ്ടെത്തുകയാണ്‌ ബുദ്ധി. ആത്യന്തിക രക്ഷക്ക്‌ നാം അര്‍ഹനാകുമോ എന്ന്‌ നിരീക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍ മഹാന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്‌.

ഒന്ന്‌: ​െതറ്റാണെന്ന്‌ ബോധ്യമുള്ള പാപങ്ങള്‍ നാം തിരുത്തിയിട്ടുണ്ടോ? നന്മകളുടെ രുചിയും വിശ്വാസത്തിലെ മധുരവും ആസ്വദിച്ച് തിന്മകളില്‍നിന്ന് വിട്ടുനിൽക്കാൻ മനസ്സുവരുന്നുണ്ടോ? ഈമാനിന്റെ മധുരം നുകര്‍ന്നവരുടെ മൂന്ന്‌ വിശേഷണങ്ങള്‍ നബി പറഞ്ഞതിപ്രകാരമാണ്‌: ‘അല്ലാഹുവിനെയും റസൂലിനെയും മറ്റാരെക്കാളും, മറ്റെന്തിനെക്കാളും കൂടുതല്‍ സ്നേഹിക്കുക. നിസ്വാര്‍ഥ മനുഷ്യ ബന്ധങ്ങള്‍ സ്ഥാപിക്കുക, ഒരു വിശ്വാസി സത്യനിഷേധിയായി തിന്മയില്‍ മുഴുകുന്നത്‌ തീക്കുഴിയിലേക്ക്‌ എടുത്തെറിയപ്പെടുന്നപോലെ വെറുക്കുക.’

രണ്ടാമതായി: റമദാനിന്റെ മഹത്ത്വമറിഞ്ഞ്‌ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നവരാകണം നാം. ഒരാളുടെ ജീവിതത്തില്‍ ഒരു റമദാന്‍ പിന്നിടുമ്പോള്‍ പാപങ്ങള്‍ പൊറുക്കപ്പെട്ട അവസ്ഥയുണ്ടായിട്ടില്ലെങ്കില്‍ അവര്‍ നാശമടഞ്ഞവനാണെന്ന്‌ നബി പറഞ്ഞിട്ടുണ്ട്‌. എത്രവലിയ തെറ്റുകള്‍ ചെയ്താലും, ഖേദിക്കുന്ന മനസ്സോടെ, ഇനിയാവര്‍ത്തിക്കുകയില്ലെന്ന പ്രതിജ്ഞയോടെ പശ്ചാത്തപിക്കുന്ന ഏതു മഹാപാപിക്കും പൊറുത്തുകൊടുക്കുന്ന പരമകാരുണികനായ അല്ലാഹുവില്‍ നാം പൂർണ പ്രതീക്ഷയര്‍പ്പിക്കുക.

മൂന്നാമതായി: ഭക്തിയുടെ കാര്യത്തില്‍ സ്ഥിരത വേണം, റമദാനില്‍ മാത്രം നമസ്‌കാരം, നോമ്പ്‌, ദാനധര്‍മങ്ങള്‍, പള്ളിയുമായി ബന്ധം എന്നിവ പ്രകടിപ്പിക്കുകയും സീസണ്‍ കഴിഞ്ഞാല്‍ അശ്രദ്ധമായി ജീവിക്കുകയും ചെയ്യുന്നത് വിശ്വാസിക്ക് കരണീയമല്ല. ഈമാന്‍ ഒരാള്‍ക്ക്‌ ഏറുകയും കുറയുകയും ചെയ്യുമെങ്കിലും, നിര്‍ബന്ധ ആരാധനാകര്‍മങ്ങള്‍, സത്യസന്ധത, അല്ലാഹുവില്‍ മാത്രം വിശ്വാസം, ദൃഢത എന്നിവ സ്ഥിരമായി നിലനിര്‍ത്തണം.

നാലാമതായി: അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുക. പെരുമ കാണിക്കാനും ധീരനെന്ന കീര്‍ത്തി കിട്ടാനും വേണ്ടി യുദ്ധം ചെയ്തു ശഹീദായ വ്യക്തിയും ധർമനിഷ്ഠനെന്ന സ്ഥാനത്തിന് വാരിക്കോരി ചെലവഴിക്കുന്ന ആളും മഹാ പണ്ഡിതന്‍ എന്ന കീര്‍ത്തി നേടാന്‍ ആഗ്രഹിച്ച ആലിമും നരകത്തിലേക്ക്‌ എടുത്തെറിയപ്പെടുന്നവരുടെ കൂട്ടത്തിലാണ്‌ നബി എണ്ണിയത്‌. അതിനാല്‍, വീണ്ടുവിചാരത്തോടെ ജീവിതത്തെ ശുദ്ധീകരിക്കാന്‍ ഈ പുണ്യമാസത്തില്‍ നാം ശ്രമിക്കുക.  

Tags:    
News Summary - The month of virtue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.