തിരക്കിട്ട ജീവിതത്തിനിടയിൽ പുനർവിചിന്തനത്തിന്റെ പാഠങ്ങളാണ് റമദാനിന്റെ സവിശേഷത. കുറ്റങ്ങൾ പെരുകുന്ന, ദിനംപ്രതി ഭയപ്പെടുത്തുന്ന വാർത്തകൾ വർധിച്ച് കൊണ്ടേയിരിക്കുമ്പോൾ പരിഹാരം തേടേണ്ടത് പുറത്തല്ല, അകത്താണ് എന്നതാണ് ഇസ്ലാമിക അധ്യാപനം. ഖുർആൻ പ്രസ്താവിക്കുന്നു ‘‘ഒരു സമൂഹത്തെയും അല്ലാഹു മാറ്റുകയില്ല. അവർ സ്വയം മാറാൻ തയാറാകുന്നതുവരെ.’’ അഥവാ നാം ദിനേന കണ്ടുകൊണ്ടിരിക്കുന്ന അധാർമികതയുടെയും അരാജകത്വത്തിന്റെയും പരിഹാരം വ്യക്തിഗതമായ ശുദ്ധീകരണം തന്നെയാണ്.
റമദാനിലെ ഓരോ ദിനരാത്രങ്ങൾക്കും നരക വിമോചനത്തിന്റെയും സ്വർഗ പ്രവേശനത്തിന്റെയും നറുമണമുണ്ട്. കർമനിരതരായി വിശ്വാസികൾ വ്രതാനുഷ്ഠാനവും നമസ്കാരവും ഖുർആൻ പാരായണവും ദാനധർമങ്ങളും എല്ലാമായി ഈ മാസത്തെ അലങ്കരിക്കുമ്പോൾ സുപ്രധാനമായ ഒരു ചോദ്യമുണ്ട്!. മനുഷ്യനെ അത് പാപമുക്തനാക്കുന്നുണ്ടോ?.
മനുഷ്യസഹജമായി ജീവിതത്തിൽ തെറ്റുകൾ സംഭവിച്ചേക്കാം എന്ന് പറഞ്ഞപ്പോൾതന്നെ അതിന് തടയിടാനുള്ള എല്ലാ മാർഗനിർദേശങ്ങളും ഇസ്ലാം നൽകുന്നുണ്ട്. ശരിയും തെറ്റും വേർതിരിച്ച് വ്യക്തമായി പഠിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് ലിബറൽ ലോകത്ത് നടക്കുന്ന ചർച്ചകൾപോലെ, അതിരില്ലാത്ത അവകാശബോധം, സ്വാതന്ത്ര്യവാദം എന്നിവക്ക് ഇസ്ലാമിക ജീവിത ദർശനത്തിൽ പ്രസക്തിയില്ല. ദൈവദത്തമായ അതിർവരമ്പുകളാണ് ഇസ്ലാമിന്റെ സൗന്ദര്യം.
അത് മറികടക്കുന്ന ഏതൊരാൾക്കും തെറ്റുകൾ തിരിച്ചറിഞ്ഞ് സ്രഷ്ടാവിലേക്ക് മടങ്ങാൻ നിരന്തരം വഴികൾ ഇസ്ലാം തുറന്നിടുന്നുണ്ട്. ഒന്നാലോചിച്ചുനോക്കൂ, ഭൗതിക ലോകത്ത് തെറ്റുകൾക്ക് നീതിപൂർണമായ ശിക്ഷ നടപ്പാക്കാൻ മനുഷ്യകഴിവിന് പരിമിതിയുണ്ട്. എന്നാൽ, ഒരാൾ രഹസ്യമായും പരസ്യമായും ചെയ്യുന്ന പാപങ്ങൾ എല്ലാം അവനെ സൃഷ്ടിച്ച സ്രഷ്ടാവ് കാണുന്നുണ്ട് എന്ന ബോധം ഒരു മനുഷ്യനെ തിന്മകളിൽനിന്ന് സുരക്ഷിതനാക്കും. അതോടൊപ്പം, തിന്മകൾ സംഭവിക്കുന്ന ഒരാൾക്ക് രക്ഷിതാവിലേക്ക് മടങ്ങാൻ റമദാനിനെ സവിശേഷമായി ഒരുക്കിയിരിക്കുന്നു.
മുഹമ്മദ് നബി പഠിപ്പിക്കുന്നത്, ഒട്ടകത്തെ വിജനമായ ഒരു മരുഭൂമിയിൽ നഷ്ടപ്പെട്ട് തേടിയലഞ്ഞ് അതിനെ തിരികെ കിട്ടുന്ന യജമാനനെപോലെ, തന്റെ സന്മാർഗത്തിൽനിന്ന് തെറ്റിപ്പോകുന്ന അടിമകൾ പാപമോചനം തേടുന്നത് പടച്ചവന് അത്രമേൽ സന്തോഷം ഉളവാക്കുമെന്നാണ്. ‘‘നന്മ കൊതിക്കുന്നവരേ, മുന്നിട്ട് വരിക...തിന്മ ആഗ്രഹിക്കുന്നവരേ, പിന്തിരിയുക’’ എന്ന വിളംബരമാണ് റമദാൻ നമ്മോട് നടത്തുന്നത്. വർധിക്കുന്ന തിന്മകളുടെ കുത്തൊഴുക്കിന് കുറുകെ നമുക്ക് നന്മകളുടെ അണക്കെട്ട് റമദാനിനാൽ തീർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.