സ്രഷ്ടാവിന് മാത്രമേ കൽപനക്കും ശാസനക്കും അധികാരമുള്ളൂ. ഒരു വസ്തു ഉണ്ടാക്കിയ ആളാണല്ലോ അത് എങ്ങനെ പ്രവർത്തിക്കണമെന്ന് പറയേണ്ടത്. അല്ലാഹു പറയുന്നു. ‘നിങ്ങളുടെ നാഥന് അല്ലാഹുവാണ്. ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍.
പിന്നെ അവന് തന്റെ സിംഹാസനത്തിലുപവിഷ്ടനായി. രാവിനെക്കൊണ്ട് അവന് പകലിനെ പൊതിയുന്നു. പകലാണെങ്കില് രാവിനെത്തേടി കുതിക്കുന്നു. സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെയെല്ലാം തന്റെ കല്പനക്ക് വിധേയമാംവിധം അവന് സൃഷ്ടിച്ചു. അറിയുക: സൃഷ്ടിക്കാനും കല്പിക്കാനും അവന്നു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാണ്’ (വിശുദ്ധ ഖുർആൻ 07:54).
പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത സൃഷ്ടിജാലങ്ങളെ മുൻനിർത്തി അല്ലാഹു ചോദിക്കുന്നു.
‘ഇതൊക്കെയും അല്ലാഹുവിന്റെ സൃഷ്ടിയാണ്. എന്നാല്‍ അവനല്ലാത്തവര്‍ സൃഷ്ടിച്ചത് ഏതെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചുതരൂ. അല്ല; അതിക്രമികള്‍ വ്യക്തമായ വഴികേടില്‍ തന്നെയാണ്’ (വിശുദ്ധ ഖുർആൻ 31: 11).
പിന്നെയും അല്ലാഹു വിശദീകരിക്കുന്നു.
‘അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല; അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്’ (വിശുദ്ധ ഖുർആൻ 16: 20).
ഒരീച്ചയെ പോലും സൃഷ്ടിക്കാത്തവർ എങ്ങനെയാണ് ദൈവം ചമയുന്നത് എന്നാണ് അല്ലാഹുവിന്റെ ഏറെ പ്രസക്തമായ ചോദ്യം. ചിലപ്പോൾ ഈച്ചയുടെ മുമ്പിലും മനുഷ്യൻ നിസ്സാരനും നിസ്സഹായനുമായിപ്പോകും. അല്ലാഹു ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നത് കാണുക.
മനുഷ്യരേ, ഒരുദാഹരണമിങ്ങനെ വിശദീകരിക്കാം. നിങ്ങളിത് ശ്രദ്ധയോടെ കേള്‍ക്കുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം ഒരുമിച്ചുചേര്‍ന്ന് ശ്രമിച്ചാലും ഒരീച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവര്‍ക്കാവില്ല. എന്നല്ല; ഈച്ച അവരുടെ പക്കല്‍നിന്നെന്തെങ്കിലും തട്ടിയെടുത്താല്‍ അത് മോചിപ്പിച്ചെടുക്കാന്‍പോലും അവര്‍ക്ക് സാധ്യമല്ല. സഹായം തേടുന്നവനും തേടപ്പെടുന്നവനും ഏറെ ദുര്‍ബലര്‍ തന്നെ (വിശുദ്ധ ഖുർആൻ 22:73).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.