ദാനധർമം മഹത്തായ ശീലമായാണ് എല്ലാ മതദർശനങ്ങളും പഠിപ്പിക്കുന്നത്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതിഫലനമാണ് ദാനശീലം. അതോടൊപ്പം സമ്പത്തിന്റെ വർധനക്കും ആത്മീയ ഔന്നത്യത്തിനും ദാനധർമം സഹായിക്കുന്നു. ദാനധർമത്തിന് ഭൗതികവും ആത്മീയവുമായ പ്രതിഫലനങ്ങളുണ്ട്. മനുഷ്യൻ അധ്വാനം കൊണ്ടുമാത്രം സമ്പാദിക്കുന്നതല്ല, അല്ലാഹു അനുഗ്രഹമായി ഓരോരുത്തർക്കും നൽകുന്നതാണ് ധനം എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.
അതുകൊണ്ട് മതകൽപനകൾക്ക് അനുസൃതമായി ദാനധർമങ്ങൾ നടത്തുന്നവർക്ക് അല്ലാഹു സമ്പത്തിൽ വർധന നൽകുമെന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. അല്ലാഹുവിന്റെ മാർഗത്തിൽ ദാനധർമം നടത്തുന്നവർക്ക് അവൻ അനേകം മടങ്ങായി തിരിച്ചുനൽകുമെന്ന് ഖുർആൻ പറയുന്നു(അൽ ബഖറ അധ്യായം. സൂക്തം: 245). ഇത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ദാനശീലം കൂടുന്നതിനനുസരിച്ച് സമ്പത്ത് നിശ്ചിത വ്യക്തികളിൽ മാത്രം പരിമിതപ്പെടുന്ന പ്രവണതയില്ലാതെയാകും. അതുവഴി സമൂഹത്തിലെ അനേകം ആളുകളിലേക്ക് സമ്പത്ത് വിതരണം ചെയ്യപ്പെടുകയും ഉപഭോഗ വർധന ഉണ്ടാവുകയും ചെയ്യും. ഇത് സമൂഹത്തിൽ സാമ്പത്തിക വളർച്ചക്ക് സഹായിക്കും.
ദാനധർമ സംസ്കാരം വർധിപ്പിക്കാൻ സഹായിക്കുന്ന അനേകം നിയമനിർമാണങ്ങൾ ഇസ്ലാമിലുണ്ട്. സകാത് എന്ന നിർബന്ധദാനത്തിനു പുറമെ സ്വദഖ തുടങ്ങിയ ഐച്ഛികമായ ദാനധർമവും ഇസ്ലാം പഠിപ്പിക്കുന്നു. ഇല്ലാത്തവന്റെ അവശതയറിയാൻ ഉതകുന്ന വ്രതകാലത്ത് ദാനധർമങ്ങൾ വർധിപ്പിക്കാനും ഇസ്ലാം അനുയായികളെ പ്രോത്സാഹിപ്പിക്കുന്നു. റമദാൻ മാസത്തിൽ പ്രവാചകൻ മുഹമ്മദ് നബി അത്യുദാരതയാണ് കാഴ്ചവെച്ചിരുന്നതെന്ന് ഹദീസുകളിൽ വിവരിക്കുന്നു. ഇതുൾക്കൊണ്ട് ദാനശീലങ്ങളെ വിശ്വാസികൾ ക്രിയാത്മകമായി വിനിയോഗിച്ചാൽ സമ്പത്തിന്റെ സന്തുലിത വിതരണവും സമൂഹത്തിൽ സാമ്പത്തിക പുരോഗതിയും ഉണ്ടാകും.
മാത്രമല്ല, അല്ലാഹുവിന്റെ പ്രത്യേകമായ സഹായവും അനുഗ്രഹവും ഇരുലോക ജീവിതത്തിലും ലഭിക്കും. ദാനധർമം നടത്തുന്ന വിശ്വാസികളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രത്യേകം പ്രാർഥന നടത്താൻ അല്ലാഹു മാലാഖമാരെ നിയോഗിക്കുമെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. ആത്മീയവും ഭൗതികവുമായ അനേകം നേട്ടങ്ങൾ കൈവരിക്കാനുള്ള മാർഗമാണ് ദാനശീലം. അതിനായി ഈ വിശുദ്ധമാസത്തെ ഉപയോഗപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.