സകാത് കേവലമൊരു സാമ്പത്തിക ഇടപാടല്ല. അത് ആഴത്തിലുള്ള ആത്മീയപ്രവർത്തനമാണ്. സമ്പത്ത് ക്ഷണികമാണെന്നും അത് കൂടുതൽ നന്മക്കായി ഉപയോഗിക്കണമെന്നും വിശ്വാസികളെ ഓർമപ്പെടുത്തുന്ന, തങ്ങളുടെ സമ്പത്തിന്റെ ഒരു ഭാഗം ദാനം ചെയ്യുന്നതിലൂടെ, തങ്ങൾക്കുള്ളതെല്ലാം അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹമാണെന്നും അത് അർഹതയുള്ളവർക്ക് പങ്കിടണമെന്നുമുള്ള തിരിച്ചറിവ് വിശ്വാസികൾക്ക് പകരുന്ന പ്രക്രിയയാണത്.
ഖുർആൻ നിരവധി തവണ സകാതിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നുണ്ട്. 28 സ്ഥലങ്ങളിൽ നമസ്കാരത്തോടൊപ്പം അത് പരാമർശിക്കുകയും സത്യവിശ്വാസിയുടെ ആത്മീയ ജീവിതത്തിന് അത് എത്രമാത്രം അനിവാര്യമാണെന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു. സകാത് വിശ്വാസിയുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ആരാധനയാണ്.
സകാതിന്റെ സാമൂഹിക മാനം വളരെ വലുതാണ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കുന്ന സമൂഹങ്ങളിൽ, സമ്പത്ത് വിതരണം ചെയ്യപ്പെടുകയും എല്ലാവർക്കും പ്രയോജനം ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു സന്തുലിത സംവിധാനമായി സകാത് വർത്തിക്കുന്നു. സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനും സമ്പത്ത് പുനർവിതരണം ചെയ്യുന്നതിനും സഹജീവികളോടുള്ള കരുതൽ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സംവിധാനമായി നിലനിൽക്കുന്നു..
നമ്മുടെ സമ്പത്തിൽ ദരിദ്രരടക്കം എട്ട് വിഭാഗങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതവർക്ക് നൽകുന്നില്ലെങ്കിൽ സമ്പത്ത് അശുദ്ധമാകും. അതിലൂടെ നാം ആഹരിക്കുന്നത് ഹറാമാകും. സകാതിലൂടെ നീതി, സഹാനുഭൂതി, സമൂഹ ക്ഷേമം എന്നിവ ഉറപ്പാക്കി വിശ്വാസികൾ അവരുടെ സമ്പത്ത് ശുദ്ധീകരിക്കുകയും അത് മാലിന്യങ്ങളിൽനിന്ന് മുക്തമായെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
സമ്പത്തടക്കമുള്ള എല്ലാ കാര്യങ്ങളും ആത്യന്തികമായി അല്ലാഹുവിന്റേതാണെന്ന് വിശ്വസിക്കുന്ന, അല്ലാഹുവിന്റെ പദ്ധതി പ്രകാരം എല്ലാം ചെലവഴിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് കരുതുന്ന വിശ്വാസിക്ക് സകാത് നൽകുന്ന ആത്മീയ അനുഭൂതി വളരെ വലുതാണ്. സകാതിലൂടെ സമ്പത്തിൽ വിശുദ്ധിയും വർധനയുമുണ്ടാകും. വ്യക്തികൾ മാത്രമല്ല, നാടും ദേശവുമെല്ലാം അഭിവൃദ്ധിപ്പെടാൻ സകാതിലൂടെ സാധിക്കുമെന്ന് സഹാബിമാരുടെ ചരിത്രം പറഞ്ഞുതരുന്നുണ്ട്. സമ്പത്തുള്ളവൻ സ്വന്തമായി മിതവ്യയം നടത്തുകയും മറ്റുള്ളവരോട് ഉദാരത പ്രകടിപ്പിക്കുകയും വേണമെന്നാണ് ദാനധർമത്തിന്റെ അടിസ്ഥാന സന്ദേശമായി ഖുർആൻ പഠിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.