നോമ്പും, നോമ്പുതുറയും ഇന്നെല്ലാവർക്കും സുപരിചിതമായ പദങ്ങളാണ്. എന്നാൽ ഒരു മാസത്തെ വ്രതം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പകൽ മുഴുവൻ കുടിനീരുപോലും ഉപേക്ഷിച്ചിട്ടുള്ള നിരാഹാരത്തിനുശേഷം വൈകുന്നേരം സ്വീകരിക്കുന്ന ഭക്ഷണവും, പാനീയവും കഴിക്കുന്നത് മാത്രമാണോ നോമ്പും, നോമ്പുതുറയും. നോമ്പിന്റെ ഒടുവിൽ ദൈവത്തിലേക്കുള്ള ഭക്തന്റെ വഴി തുറക്കലാവുകയാണ് നോമ്പുതുറ. ശാരീരികമായി അനുഷ്ഠിക്കുന്ന റമദാൻ നോമ്പുകൾ, മാനസികവും, വൈകാരികവും ആത്മീയവുമായ ഒരു ഊർജവും ഉണർവും നൽകുന്നവ തന്നെയാണ്. ഹിന്ദുമതത്തിൽ ജനിച്ച എനിക്ക് മറ്റു മതവിശ്വാസങ്ങളെ ബഹുമാനിക്കുകയെന്നത് ഒട്ടും പുതിയ കാര്യമല്ലായിരുന്നു. അതെന്റെ മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഞാൻ മനസ്സിലാക്കിയിട്ടുളളത്.
കോട്ടയം നഗരത്തിലെ കുമ്മനമെന്ന നന്മ നിറഞ്ഞ ഗ്രാമത്തിലാണ് എന്റെ വീട്. ചുറ്റുവട്ടത്തായി ധാരാളം മുസ്ലിം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അവരിൽതന്നെ അടുത്ത സൗഹൃദമുള്ള സുഹൃത്തുക്കളും എനിക്കുണ്ട്. അതിനാൽ റമദാൻ മാസത്തിലെ അവരുടെ നോമ്പും നോമ്പുതുറക്കലും അടുത്തറിയാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും അവരും, ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഞങ്ങളും പരസ്പരം പങ്കുവെച്ചിരുന്ന ഭക്ഷണ വിഭവങ്ങളിൽ രുചിയോടൊപ്പം, സ്നേഹവും, സഹകരണവും ഒരു പ്രധാന ഘടകം തന്നെയായിരുന്നു. അങ്ങനെ തികഞ്ഞ മതസൗഹാർദത്തിന്റെ ഒരു മാതൃകയായി തലമുറകളായി ഞങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നു.
കഴിഞ്ഞ 24 വർഷമായി പ്രവാസ ലോകത്ത് കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ ധാരാളം സംഘടനകളോടൊപ്പം സഹകരിച്ച് ഇഫ്താർ വിരുന്നുകളുടെ ഒരു ഭാഗമാകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുശേഷം പ്രചോദന മലയാളി സമാജം മസ്കത്ത് എന്ന ഞങ്ങളുടെ സംഘടനയുടെ ഭാഗമായി ഇഫ്താർ വിരുന്ന് ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. നാട്ടിലായിരിക്കുമ്പോൾ ഒരു ദിവസത്തെ നോമ്പുതുറക്കലിന് വേണ്ടിയുള്ള സാധനങ്ങൾ അടുത്തുള്ള മദ്റസക്ക് വേണ്ടി കൊടുക്കുവാനും സാധിച്ചിട്ടുണ്ട്. ഇത് വർഷങ്ങളോളം തുടർന്ന് പോന്നതുമാണ്.
വ്രതങ്ങൾ മനുഷ്യരുടെ ആത്മശുദ്ധീകരണത്തിനുള്ളതാണ്. മനുഷ്യരെല്ലാം പരസ്പരം സ്നേഹത്തോടെ സഹവർത്തിത്വത്തോടെ മുന്നോട്ടു പോകുവാനാണ് എന്റെ മതവിശ്വാസം പഠിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഒരിക്കൽ മൂന്നു ദിവസം റമദാൻ നോമ്പ് എടുക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. ശാരീരികവും, മാനസികവുമായ ഉണർവ് നൽകുന്ന അനുഷ്ഠാനം തന്നെയായിരുന്നു നോമ്പ്.
‘അടുത്ത് നിൽപ്പോരനുജനെ നോക്കാനക്ഷികൾ ഇല്ലാത്തോർക്കരൂപൻ ഈശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം’ എന്ന് മഹാകവി ഉള്ളൂർ പാടിയിട്ടുണ്ട്. സഹോദര തുല്യരായവരുടെ പട്ടിണിയെ കാണാത്തവർക്ക് ദൈവത്തിനെ എങ്ങനെ കാണാൻ സാധിക്കുമെന്ന് കവി ചോദിക്കുന്നു. വളരെ ശരിയായ അന്വേഷണമല്ലേ ?
എല്ലാവരും ഒരേ മനസ്സോടെ ഒത്തുകൂടുന്ന നോമ്പുതുറകളിൽ ദൈവത്തിന്റെ പരിപൂർണ സാന്നിധ്യം ഉണ്ട്. വിശ്വാസത്തിന്റെയും ഭക്തിയുടെയും വ്രതശുദ്ധിയുടെയും ഈ നാളുകൾ നമ്മുടെ മനസ്സുകളെ മലിനതകളിൽ നിന്ന് വിശുദ്ധി നൽകട്ടെ... ചിന്തകൾ സ്വച്ഛ സന്തോഷം നിറഞ്ഞതാകട്ടെ, നമ്മുടെ ഹൃദയങ്ങൾ പരസ്പര സ്നേഹംകൊണ്ട് ചേർത്തു നിർത്താൻ കഴിയുന്നതാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.