റമദാനെത്തി; 30,000 എൽ.ഇ.ഡി ബൾബുകളുടെ ദീപ പ്രഭയിൽ ലണ്ടൻ

ലണ്ടൻ: എൽ.ഇ.ഡി ബൾബുകളുടെ പ്രഭയാൽ പ്രകാശം ചൊരിഞ്ഞ് റമദാനെ വരവേറ്റ് ലണ്ടൻ നഗരം. 30,000 എൽ.ഇ.ഡി ബൾബുകളാണ് പുണ്യമാസത്തിൽ ലണ്ടൻ നഗരത്തിൽ പ്രകാശം പരത്തുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് റമദാനിൽ ലണ്ടൻ നഗരം ഇങ്ങനെ പ്രകാശത്താൽ അലങ്കരിക്കപ്പെടുന്നത്.

ലണ്ടൻ മേയർ സാദിഖ് ഖാൻ ബൾബുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. തുടർച്ചയായ മൂന്നാംവർഷവും റമദാനോടനുബന്ധിച്ച് ഇത്തരത്തിൽ വെളിച്ചം പകരാൻ സാധിച്ചത് ഭാഗ്യമാണെന്ന് സാദിഖ് ഖാൻ പറഞ്ഞു.

വെസ്റ്റ് എൻഡിന്റെ ഹൃദയഭാഗത്തുള്ള റമദാനിൽ ഒരുക്കുന്ന ഈ പ്രകാശവലയം പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ലണ്ടൻ നഗരം വൈവിധ്യത്തെ ഉൾക്കൊള്ളുന്ന എന്നതിന്റെ പ്രതീകമാണീ വെളിച്ചമെന്നും സാദിഖ് ഖാൻ കൂട്ടിച്ചേർത്തു.

പിന്നീട് റമദാൻ ലൈറ്റുകൾ തെളിഞ്ഞു എന്ന കുറിപ്പോടെ ലൈറ്റുകൾ പ്രകാശിക്കുന്ന ചിത്രങ്ങളും അദ്ദേഹം എക്സിൽ പങ്കുവെച്ചു. വെസ്റ്റ് എൻഡിലെ ഈ മനോഹര കാഴ്ച കാണാൻ എല്ലാവരെയും ക്ഷണിക്കുന്നു. വിളിക്കുകൾ തെളിക്കുന്നതിന്റെ ഭാഗമാകാൻ ക്ഷണിക്കപ്പെട്ടത് വലിയ ബഹുമതിയായി കണക്കാക്കുന്നു.-സാദിഖ് ഖാൻ കുറിച്ചു.

വെസ്റ്റ് എൻഡിലെകവൻട്രി സ്ട്രീറ്റ് മുതർ ലെസ്റ്റർ സ്ക്വയർ വരെയുള്ള ഭാഗങ്ങളിലാണ് രാത്രികാലങ്ങളിൽ പ്രകാശം പരക്കുക. മാർച്ച് 29 വരെ വൈകീട്ട് അഞ്ചുമണി മുതൽ പുലർച്ചെ അഞ്ചു മണിവരെയാണ് ദീപം തെളിയുക.

മാർച്ച് 30 ആകുന്നതോടെ എല്ലാവർക്കും ഈദുൽ ഫിത്വർ ആശംസകൾ നേർന്ന് വിളക്കുകൾ അണക്കും. 2023 ലാണ് ലണ്ടനിൽ റമദാനെ വരവേറ്റ് ആദ്യമായി ഇത്തരത്തിൽ എൽ.ഇ.ഡി ബൾബുകൾ പ്രകാശിപ്പിക്കാൻ തുടങ്ങിയത്.

റമദാനിൽ വിളക്കുകൾ പ്രകാശിപ്പിക്കുന്ന ചടങ്ങ് തുടരാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും റമദാന്റെ ചൈതന്യവും ലണ്ടൻ നഗരത്തിന്റെ വൈവിധ്യവുമാണ് തങ്ങൾ ആഘോഷിക്കുന്നതെന്നും അസീസ് ഫൗണ്ടേഷൻ ട്രസ്റ്റി റഹീമ അസീസ് പറഞ്ഞു. ഇസ്‌ലാമിക ജ്യാമിതീയ പാറ്റേണുകളിലും റമദാന്റെ ആകാശ ചിഹ്നങ്ങളിലും പ്രചോദനം ഉൾക്കൊണ്ടാണ് ലൈറ്റുകൾ നിർമിച്ചിരിക്കുന്നത്. അസീസ് ഫൗണ്ടേഷന്റെ ധനസഹായത്തോടെയാണ് ഈ പരിപാടി നടപ്പാക്കുന്നത്.


News Summary - London lights up for Ramzan with over 30,000 led bulbs for 3rd year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.