മനുഷ്യനെ ശാരീരികവും മാനസികവുമായി നല്ല നിലയിൽ സ്വാധീനിക്കുന്ന കർമമാണ് നോമ്പ്. എല്ലാ സമൂഹങ്ങളിലും നോമ്പ് അനുഷ്ഠാനങ്ങളുണ്ട്. ഇസ്ലാം മത വിശ്വാസികളുടെ നോമ്പ് വിശപ്പെന്താണെന്ന് പൂർണമായി തിരിച്ചറിയുന്നതാണ്. വിശന്നിരിക്കുന്നവന്‍റെ വേദന ഇതിലൂടെ മനസ്സിലാക്കാനാകും. ആ അനുഭവം ഓരോ മനുഷ്യരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വിശക്കുന്നവരുടെ വിഷമം മനസ്സിലാക്കുന്നവർക്ക് മറ്റുള്ളവർക്ക് കൈത്താങ്ങാകാനും കഴിയും. ഈ വർഷം ഒരു ദിവസം ഞാനും ഭാര്യയും നോമ്പെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. റമദാനിൽ നോമ്പെടുത്ത് മമ്മൂക്ക അഭിനയിക്കുന്നത് കണ്ടിട്ടുണ്ട്. മറക്കാനാവില്ല അദ്ദേഹത്തോടൊപ്പമുള്ള ആ ദിവസങ്ങൾ. നോമ്പ് തുറക്കുമ്പോൾ ഭക്ഷണം പങ്കുവെച്ച് കഴിക്കും. റമദാനിലെ ഇഫ്താർ വിരുന്നുകളും വലിയ സന്ദേശമാണ് പകരുന്നത്.
ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും കൂടിച്ചേരലായി മാറുന്ന ഇഫ്താർ വിരുന്നുകൾ സ്നേഹത്തിന്റേതാണ്. പലയിടത്തും വിവിധ മതങ്ങളിലുള്ളവരും സാംസ്കാരിക സംഘടനകളുമൊക്കെ ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്. ഇവയൊക്കെ പകരുന്ന സന്ദേശം വളരെ വലുതാണ്. വിശക്കുന്നവന് ആഹാരം നൽകുകയെന്നത് പുണ്യമാണ്. നമ്മുടെ നാട്ടിൽ പ്രളയം വന്നപ്പോൾ ജനങ്ങൾ സംഘടിച്ച് ഇത്തരം പ്രവൃത്തികൾക്ക് നേതൃത്വം നൽകിയിരുന്നല്ലോ. എത്രയോ മഹത്തരമായിരുന്നു ആ പ്രവർത്തനങ്ങൾ. ഇവിടെ എല്ലാ റമദാനിലും അത്തരം കൂടിച്ചേരലുകളും പങ്കുവെക്കലും നടക്കുകയാണ്. ഖുർആനിന്‍റെ മഹത്വപൂർണമായ സന്ദേശം ഇവിടെ കാണാനാകും.
തയാറാക്കിയത്: ഷംനാസ് കാലായിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.