ഒരു കത്തോലിക്ക പുരോഹിതനായ എന്റെ വീക്ഷണത്തിൽ ഇസ്ലാം, ക്രിസ്തു മതസമൂഹങ്ങളിലുള്ള നോമ്പ് അനുഷ്ഠാനങ്ങൾക്ക് ഏറെ സമാനതകൾ കാണുവാൻ കഴിയുന്നുണ്ട്. വിശ്വാസത്തിന്റെ വിവിധ ഋതുക്കളിലൂടെ നാം സഞ്ചരിക്കുമ്പോൾ വ്യത്യസ്ത മത പാരമ്പര്യങ്ങൾ വ്യത്യസ്ത ആചാരങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും, ഈ ആചാരങ്ങളുടെ അടിസ്ഥാന സത്ത പലപ്പോഴും ആഴത്തിലുള്ള രീതിയിൽ ഒത്തുചേരുന്നുതാണ്. രണ്ട് പ്രധാന നോമ്പുകളാണ് -മുസ്ലിംങ്ങൾക്ക് റമദാനും, ക്രിസ്ത്യാനികൾക്ക് 40 ദിവസത്തെ നോമ്പും.
ആത്മീയ പ്രതിഫലനം, സ്വയം അച്ചടക്കം, ദൈവവുമായുള്ള ആഴത്തിലുള്ള കൂട്ടായ്മ എന്നിവക്ക് ഇത് ഏറെ അവസരമൊരുക്കുന്നു. ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾക്ക് റമദാൻ അനുഗൃഹീതവും പവിത്രവുമായ ഒരു മാസമാണ്. ഭക്തിയുടെയും സ്വയം ശുദ്ധീകരണത്തിന്റെയുമായ ഈ സമയം, അവർ ഭക്തിയിലും പ്രാർത്ഥനയിലുമായി പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഉപവസിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണപാനീയങ്ങളും ശാരീരിക ഇച്ഛകളും ഒഴിവാക്കി ആത്മീയമായ നവീകരണത്തിനുള്ള സമയം കണ്ടെത്തുന്നത് കൂടിയാണ് റമദാൻ.
വ്രതം അനുഷ്ടിച്ചു ആത്മാവിനെ ശുദ്ധീകരിക്കുകയും നിരാലംബരോട് സഹാനുഭൂതിയിൽ വർത്തിക്കുകയും വഴി വിശ്വാസികൾ ദൈവത്തിലേക്ക് കൂടുതൽ അടുക്കുകയാണ്. സ്വന്തം ഹൃദയത്തെ പരിശോധിക്കുവാനും, മോശം ശീലങ്ങളെ ഇല്ലാതാക്കുവാനും കൃതജ്ഞത, ദാനം, പ്രാർത്ഥന ഇവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വിളിയാളമാണ് റമദാൻ. ഇഹലോകത്തിന്റെ പ്രലോഭനങ്ങൾക്കെതിരെ വലിയ പോരാട്ടത്തിലൂടെ ആത്മീയ പരിവർത്തനത്തിലേക്കുള്ള തീർഥയാത്രയാവുകയാണ് റമദാൻ.
ഞായറാഴ്ചകൾ ഒഴികെയുള്ള 40 ദിവസത്തെ നോമ്പുകാല ഉപവാസം കൊണ്ട് ക്രിസ്ത്യാനികൾ മാനസാന്തരത്തിന്റേയും, നവീകരണത്തിന്റേയും കൃസ്തീയ യാത്രയാണ് അനുഷ്ടിക്കുന്നത്. നോമ്പുകാലം തപസ്സിന്റെയും പ്രാർഥനയുടേയും,ഉപവാസത്തിന്റേയും സമയമാണ്. ത്യാഗത്തിന്റേയും അനുതാപത്തിന്റെയും പ്രവൃത്തികളിലൂടെ വിശ്വാസികളെ ദൈവത്തോട് അടുപ്പിക്കുകയെന്ന ലക്ഷ്യമാണ് ഈ നോമ്പിനുള്ളത്. തീവ്രമായ ആത്മ പരിശോധനയുടേയുംആത്മീയ നവീകരണത്തിനെയും കാലഘട്ടമാണ് നോമ്പുകാലം.
ഈ സമയത്ത് ക്രിസ്ത്യാനികൾ ചില ഭക്ഷണങ്ങളിൽനിന്ന് വിട്ടു നിൽക്കുകയൂം, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, പ്രാർഥനയിലും, ധ്യാനത്തിലും മുഴുകുകയും ചെയ്യും. ക്രിസ്തുവിന്റെ കഷ്ടപ്പാടുകളിലും, ത്യാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണ്. റമദാനും, നാൽപത് ദിവസത്തെ നോമ്പുകാല ഉപവാസവും ലക്ഷ്യമാക്കുന്നത് ആത്മീയ അച്ചടക്കവും, നവീകരണവുമാണ്. രണ്ട് വിശ്വാസ ധാരകളും തങ്ങളുടെ വിശ്വാസികളെ വിശുദ്ധിയിലേക്ക് വളരാൻ ത്യാഗങ്ങൾ ചെയ്യാൻ വിളിക്കുകയാണ്.
ഒപ്പം ദൈവവുമായുള്ള ഗാഢബന്ധം വർധിപ്പിക്കുവാനും വേണ്ടിയാണ്. ക്രിസ്തുവിന്റെ കഷ്ടപ്പാടുകളിൽ പങ്കു ചേരാനും,സ്വയം നിഷേധിക്കാനും ക്രിസ്ത്യാനികളെ വിളിക്കുമ്പോൾ, ഖുർആൻ വായനയിലും ദാന ധർമത്തിലും മുസ്ലിംകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ട് വിശ്വാസി സമൂഹവും ആഹ്വാനം ചെയ്യുന്നത് ദൈവത്തോട് അടുക്കുന്നതിനായി ഉപവസിക്കുക എന്നത് തന്നെയാണ്. ഈ പ്രാർത്ഥന നിർഭരമായ ജീവിതം നമ്മെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുമാറാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.