ഇസ്ലാമിലെ ഓരോ അനുഷ്ഠാനത്തിനും അതിന്റേതായ ഉദ്ദേശ്യവും ലക്ഷ്യങ്ങളുമുണ്ട്. മനുഷ്യനെ സംസ്കരിച്ച് ശുദ്ധീകരിക്കുക എന്ന ലക്ഷ്യം പൊതുവായി എല്ലാ കര്മങ്ങള്ക്കുമുണ്ട്. ഒരാള്‍ നോമ്പുകാരനാണോ എന്നത് കൃത്യമായി അല്ലാഹുവിന് മാത്രമേ അറിയൂ. ബാക്കിയുള്ള കര്‍മങ്ങളെല്ലാം എല്ലാവരും കാണ്‍കെയാണ് വിശ്വാസികള്‍ ചെയ്യുന്നത്. മാത്രമല്ല, ഒരാളുടെ നോമ്പ് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവണമെങ്കില്‍ ഭക്ഷണപാനീയങ്ങള്‍ മാത്രം വെടിഞ്ഞാല്‍ പോരാ, അയാള്‍ സാധാരണ പ്രവൃത്തികളിലടക്കം അതിസൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു.
പ്രവാചകന് പറഞ്ഞു: നോമ്പ് ഒരു പരിചയാണ്. നോമ്പുകാരന് ശൃംഗരിക്കുകയില്ല. വിഡ്ഢിത്തം പ്രവര്‍ത്തിക്കുകയുമില്ല. ഒരാള്‍ നോമ്പുകാരന്റെ അടുത്ത് വഴക്കിനോ ശകാരത്തിനോ വന്നാല്‍ അവന് രണ്ടുപ്രാവശ്യം ‘ഞാന്‍ നോമ്പുകാരനാണ്’ എന്ന് പറയും. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന് തന്നെയാണ് സത്യം, നോമ്പുകാരന്റെ വായ്നാറ്റം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ മണം പോലെയാണ്. അവന് ഭക്ഷണവും പാനീയവും അവന്റെ ദേഹേച്ഛകളും എനിക്കുവേണ്ടി ഉപേക്ഷിക്കുന്നു. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍തന്നെ അതിന് പ്രതിഫലം നല്‍കും. അതിന്റെ നന്മ പത്തു മടങ്ങായി വര്‍ധിക്കും.
ഇന്ന് മത, സാംസ്കാരിക സംഘടനകളെല്ലാം പൊതുവായി ചര്‍ച്ച ചെയ്യുന്ന കാര്യം യുവാക്കളുടെ ലഹരി ഉപയോഗവും അക്രമ വാസനയുമാണല്ലോ. ഏറ്റവും പ്രധാനമായി ഓരോ മനുഷ്യന്റെയും ആത്മവിശുദ്ധിക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്നാണ് പരിശോധിക്കേണ്ടത്. വ്രതാനുഷ്ഠാനം ഓരോ മുസ്ലിമിനും പ്രായപൂര്‍ത്തിയായാല്‍ നിര്‍ബന്ധമാണ്. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ നോമ്പെടുത്ത് പരിശീലിക്കുന്നു. ഭക്ഷണം കൈയെത്തുന്ന ദൂരത്ത് കണ്ടാലും കുട്ടികള്‍പോലും ആത്മസംയമനം പാലിച്ച് അതില്‍നിന്ന് അകന്നുനില്ക്കുന്നു.
ഈ പരിശീലനം പല ദുശ്ശീലങ്ങളില്‍നിന്നും അകന്നുനില്ക്കാന് അവരെ പ്രേരിപ്പിക്കുന്നു. ഇത്തരം ശിക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ നല്‍കാത്ത പല രക്ഷിതാക്കളും പിന്നീട് അതിനെക്കുറിച്ച് ഖേദിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല. റമദാന് വഴി ആത്മവിശുദ്ധി ലഭിക്കുന്ന ഓരോ മനുഷ്യനും സഹജീവികളോട് സ്നേഹാദരവോടെ പെരുമാറാനും അവരെ സാമ്പത്തികമായും ശാരീരികമായും സഹായിക്കാനും പ്രാപ്തരാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.