ഖുര്‍ആന്‍ സൃഷ്ടിച്ച പുതിയ മനുഷ്യന്‍

മനുഷ്യനെക്കുറിച്ചുള്ള ആലോചനകൾ ദൈവത്തിലേക്കും ദൈവത്തെ സംബന്ധിച്ചുള്ളവ മനുഷ്യനിലേക്കും എത്തുന്ന സവിശേഷമായ വിശകലന രീതിയാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. ദൈവത്തിന്റെ കോടാനുകോടി സൃഷ്ടികളില്‍ ഒന്നു മാത്രമാണ് മനുഷ്യന്‍. മറ്റുള്ളതെല്ലാം അവനുവേണ്ടി സംവിധാനിച്ചിരിക്കുന്നു എന്നാണ് ഖുര്‍ആനിക ഭാഷ്യം. പ്രപഞ്ചത്തിലെ കേന്ദ്ര കഥാപാത്രം മനുഷ്യനാകയാല്‍ ഖുര്‍ആനിന്റെ ഇതിവൃത്തവും മനുഷ്യ കേന്ദ്രീകൃതമാണ്. മനുഷ്യ ജീവിതം പ്രകൃതിയുടെ പൊതു താളലയത്തിന് അനുരൂപമാക്കുക എന്നതാണ് ഖുര്‍ആനിക ദൗത്യം.

എന്താണ് പ്രകൃതിയുടെ താളം? ഈ പ്രപഞ്ചത്തിലെ വലുതും ചെറുതുമായ ഓരോ വസ്തുവും പരസ്പരം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. സ്വന്തം നിലക്ക് ഒന്നിനും പൂര്‍ണതയോ സ്വതന്ത്ര അസ്ഥിത്വമോ ഇല്ല. പ്രപഞ്ചത്തിന്റെ ഓരോ ഘടകവും പരസ്പരം ആശ്രയിച്ചു നിലനില്‍ക്കുമ്പോള്‍തന്നെ, അതിലെ ഓരോന്നും സ്വന്തം നിലക്ക് ഒരു മൗലിക ദൗത്യം നിറവേറ്റുന്നുമുണ്ട്. പ്രപഞ്ച സൃഷ്ടിപ്പിനു പിന്നില്‍ അസാധാരണമായ ഒരു ആസൂത്രണമുണ്ടായതുകൊണ്ടാണ് പ്രകൃതിയിലെ ഓരോ ഘടകത്തിനും സ്വതന്ത്ര അസ്ഥിത്വം കാത്തുസൂക്ഷിക്കാനും അതേസമയം പരസ്പര പൂരകമായി വര്‍ത്തിക്കാനും സാധിക്കുന്നത്. ദൈവത്തെ നിരാകരിക്കുമ്പോള്‍ വാസ്തവത്തില്‍ പ്രകൃതിയുടെ ഈ താളലയത്തെയാണ് തള്ളിപ്പറയുന്നത്.

പ്രപഞ്ചമെന്നത് മണ്ണും വിണ്ണും ചേര്‍ന്നതാണ്. ഭൂമിയില്‍ ചുവടുറപ്പിച്ച് ആകാശത്തേക്ക് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന മനുഷ്യന്‍ ആത്മീയ -ഭൗതിക ഘടകങ്ങള്‍ ഉൾച്ചേര്‍ന്നവനാണ്. അവനില്‍ ആത്മാവും ആമാശയവുമുണ്ട്. ഇവ രണ്ടിനും അതിന്റേതായ ദൗത്യവുമുണ്ട്. പ്രത്യക്ഷത്തില്‍ വൈരുധ്യങ്ങളെന്ന് കരുതാവുന്ന വൈവിധ്യമാര്‍ന്ന ജീവിതതലങ്ങളെ മനോഹരമായി കോര്‍ത്തിണക്കാനാവശ്യമായ സന്തുലിതവും സമഗ്രവുമായ ജീവദര്‍ശനം മനുഷ്യനു നല്‍കിയെന്നതാണ് ഖുര്‍ആനിന്റെ ഏറ്റവും വലിയ സംഭാവന.

പ്രപഞ്ചത്തിന്റെമേല്‍ ഉടമസ്ഥത ആർക്കാണ് ? തനിക്കാണെന്ന് മനുഷ്യന്‍ കരുതുന്നുണ്ട്. വാസ്തവമാകട്ടെ സ്വശരീരത്തിന്റെ മേല്‍പോലും അവന് ഉടമസ്ഥതയില്ല. ജനനം, മരണം, അവയവങ്ങളുടെ ഉപയോഗം തുടങ്ങി നാട്, വീട്, വീട്ടുകാര്‍ ഒന്നും അവന്റെ നിശ്ചയമല്ല. ആയിരുന്നെങ്കില്‍ ഓരോരുത്തരും ഏറ്റവും മെച്ചപ്പെട്ടത് തെരഞ്ഞെടുത്തേനെ. മനുഷ്യ ജീവിതത്തിന്റെ ഗൗരവപ്പെട്ട ഈ വക കാര്യങ്ങളിലെല്ലാം പ്രകൃതിയുടെ ഏകപക്ഷീയമായ തീര്‍പ്പുകള്‍ക്ക് പരിപൂര്‍ണമായി വിധേയപ്പെട്ട മനുഷ്യന്‍ തനിക്ക് ലഭിച്ച സ്വാതന്ത്ര്യം വിനിയോഗിക്കുന്നതും പ്രകൃതിയുടെ താളത്തിന് അനുരൂപമായാവണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു.

വ്യാമോഹങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുമ്പോള്‍ മനുഷ്യന്‍ ഉദാത്തനായി മാറുന്നു. ഇച്ഛകള്‍ക്ക് അടിമപ്പെടുമ്പോള്‍ അവന്‍ മൃഗത്തേക്കാള്‍ അധഃപതിക്കുന്നു. അങ്ങനെ ദൈവത്തിന്റെ ആധിപത്യവും മനുഷ്യന്റെ പ്രാതിനിധ്യവുമെന്ന തത്ത്വത്തിലൂടെ ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുകയാണ് ഖുര്‍ആന്‍.

Tags:    
News Summary - Dharmapatha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT