വര്‍ഷങ്ങള്‍ക്കു മുമ്പ് ഖത്തറില്‍ ആദ്യമായി വന്നിറങ്ങിയത് ഒരു നോമ്പ് കാലത്തായിരുന്നു. ഒരു കൊടും ചൂട് കാലം. എന്റെ നാട്ടുകാര്‍ താമസിക്കുന്ന ഒരു ബാച്ചിലര്‍ ഫ്ലാറ്റിലാണ് താമസം ഏര്‍പ്പാടാക്കിയത്. മതേതരത്വവും സോഷ്യലിസവുമെല്ലാം തുല്യ അളവില്‍ ചേര്‍ന്ന് പോകുന്ന ഒരു പ്രാദേശിക കൂട്ടായ്മ... അതായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്. ഖത്തര്‍ ഇലക്ട്രിസിറ്റി വകുപ്പിൽ ഉയര്‍ന്ന ജോലിയുള്ള മൂസ്സക്ക മുതല്‍ തുണിക്കടയില്‍ ജോലി ചെയ്യുന്ന ചന്ദ്രന് തുടങ്ങി ജോലി അന്വേഷകരായ എന്നെ പോലെയുള്ളവരടക്കം മൂന്നു മുറികളുള്ള ഫ്ലാറ്റില്‍ ഏതാണ്ട് സമപ്രായക്കാരായ 12 പേര്.
മതപരമായ എല്ലാ കാര്യങ്ങളിലും പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഏകോദര സഹോദരങ്ങള്‍. നോമ്പ് കാലം ഒരു ആഘോഷ വേള പോലെയാണ് അന്ന് തോന്നിയത്. നോമ്പിന്റെ ആത്മീയ വശത്തെക്കാള്‍ മറ്റു കാര്യങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം. കട കമ്പോളങ്ങള്‍ രാവേറെ തുറന്നിരിക്കും, കടകളില്‍ ജോലി ചെയ്യുന്നവരെല്ലാം ജോലി കഴിഞ്ഞു എത്തുന്നതാവട്ടെ പാതിരാത്രി. ചുരുക്കത്തില്‍ ഗൃഹാതുരത്വം തീരെ അനുഭവപ്പെട്ടില്ല.
നോമ്പ് തുറ മുതല്‍ അത്താഴം വരെ എല്ലാത്തിലും ഒരുപോലെ സഹകരിക്കും. ആ ഇടക്കാണ് ഞങ്ങളില്‍ ഒരാളുടെ അടുത്ത ബന്ധുവായ പ്രമുഖ വ്യക്തി ഒരു സ്ഥാപനത്തിന്റെ ധനശേഖരണാർഥം ദോഹയില്‍ എത്തുന്നത്. സ്വാഭാവികമായും അയാളെ നോമ്പ് തുറപ്പിക്കുക സുഹൃത്തിന്റെ ബാധ്യതയായി. തുറ വിജയിപ്പിക്കുക എന്നത് ഞങ്ങളുടേതും. ഒരു വെള്ളിയാഴ്ച നോമ്പ് തുറ തീരുമാനിക്കപ്പെട്ടു. പിന്നെ ഒരുക്കങ്ങളായി, പരമാവധി വിഭവങ്ങള്‍ ഒരുക്കണം എങ്കിലേ വന്ന അതിഥികള്‍ക്ക് ഞങ്ങളെപ്പറ്റി ഒരു മതിപ്പൊക്കെ ഉണ്ടാവൂ.
അതിനു പിന്നിലൊരു രഹസ്യ അജണ്ട കൂടിയുണ്ടായിരുന്നു. ഞങ്ങളില്‍ പലരും അന്ന് പുത്യാപ്ലമാരാവാന് തയാറെടുത്ത് നില്ക്കുന്നവരുമായിരുന്നു. അതിഥികൾ നാട്ടിൽ പോയി ഞങ്ങളെ പറ്റി നല്ലത് പറയണം എങ്കിലെ നല്ല പുതിയോട്ടിമാരെ കിട്ടൂ.
ഓരോ ജോലികള്‍ ഓരോരുത്തരായി ഏറ്റെടുത്തു. നാട്ടില്‍ പല നോമ്പ് തുറകളിലും പങ്കെടുത്ത് ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നല്ലാതെ ഇതുപോലുള്ള നോമ്പ് തുറകളുടെ ഒരുക്കങ്ങളില്‍ ഒരിക്കലും ഭാഗവാക്കാകാന്‍ കഴിഞ്ഞിട്ടില്ലാത്ത എനിക്ക് ഇതെല്ലാം കൗതുകമായിരുന്നു.
നാട്ടിലെ നോമ്പ് തുറയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒരു പാട് വിഭവങ്ങള്‍ വിവിധ തരം ഫ്രൂട്ട്സുകള്‍, ജ്യൂസുകള്‍, ഈത്തപ്പഴവും കാരക്കയും, അന്നേവരെ കാണാത്ത മജ്ബൂസ് എന്നിങ്ങനെ. അതിഥികള്‍ എത്തുന്നതിനു എത്രയോ മുമ്പ് തന്നെ എല്ലാം റെഡി. പള്ളി കുറച്ചു അകലെയാണ് അടുത്തടുത്ത് കെട്ടിടങ്ങളും പിന്നെ എ.സി യുടെ ശബ്ദവും കൂടിയായാല്‍ ബാങ്ക് കൃത്യമായി ഫ്ലാറ്റില്‍ കേള്‍ക്കാന്‍ പ്രയാസമായിരുന്നു.
നോമ്പ് തുറക്കാനുള്ള സമയമറിയിച്ച് കൊണ്ട് ദോഹാ കോർണിഷിൽ പീരങ്കി വെടി മുഴങ്ങും. അത് ടി.വി യിൽ കാണിക്കും. സമയത്തിനു മുമ്പ് ചാനല്‍ മാറ്റി റെഡിയായി നിര്‍ത്തും. വര്‍ഷങ്ങള്‍ ഒരു പാട് കഴിഞ്ഞിട്ടും ഖത്തറില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒരേ ഒരു സംഗതി നോമ്പ് കാലത്തെ മഗ്രിബ് ബാങ്കിന് മുമ്പുള്ള പീരങ്കി വെടിയാണ്. അതിന്നും ടി.വിയില്‍ കാണിക്കാറുണ്ട്.
സമയത്ത് തന്നെ അതിഥികളെത്തി. തറയിൽ നീളത്തില്‍ വിരിച്ച പത്രങ്ങളിൽ അതിഥികളടക്കം ഞങ്ങളെല്ലാവരും ഇരുന്നു. കുറച്ചു നേരത്തിന് ശേഷം ടി വിയില്‍ ബാങ്ക് മുഴങ്ങി. കേള്കേണ്ട താമസം അതിഥികളില്‍ ഒരാള്‍ ഈത്തപ്പഴം വായിലേക്കിട്ടു. ഞങ്ങളെല്ലാം പരസ്പരം നോക്കി സമയം ആയിട്ടില്ല പിന്നെ ബാങ്ക്... ഓടി മുറിയിലെത്തി ടി.വി നോക്കിയപ്പോഴാണ് മനസ്സിലാവുന്നത് കേട്ട ബാങ്ക് മറ്റൊരു രജ്യത്തുനിന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ അന്ന് ആരോ ചാനല്‍ മാറ്റിയതാണ്. നോമ്പ് കാര്യമായത് കൊണ്ടു പറ്റിയ അമളി പറയാതിരിക്കാന്‍ വയ്യ. തെറ്റ് മനസ്സിലാക്കിയ ജാള്യതയോടെ അതിഥി എഴുന്നേറ്റു വായ കഴുകി സീറ്റിൽ വന്നിരുന്നു.
ഇത്ര ഭംഗിയായി ഒരുക്കിയ നോമ്പ് തുറ അലങ്കോലപ്പെട്ടത്തിലുള്ള കുണ്ഠിതം ഞങ്ങളുടെ എല്ലാ മുഖത്തും നിഴലിച്ചു. എതായാലും ബാക്കി കാര്യങ്ങള്‍ ഭംഗിയായി നടന്നു, വന്നവരെല്ലാം നമസ്കാരത്തിന് ശേഷം ഭക്ഷണം കഴിച്ചു പിരിഞ്ഞു. ഞങ്ങളുടെ സൽക്കാരത്തെ പറ്റിയും വിഭവങ്ങളുടെ ഗുണഗണങ്ങളെ കുറിച്ചുമൊക്കെ വന്നവര്‍ ഒരുപാടു പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. എതായാലും മിനക്കെട്ടതു വെറുതെയായില്ല. നാട്ടിലെത്തിയാൽ ഇനി പെണ്ണുകിട്ടാൻ ബുദ്ധിമുട്ടേണ്ടി വരില്ല എന്നു ഞങ്ങളും സമാധാനിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത് ചന്ദ്രന് മാത്രം ഒരു ഉഷാര്‍ കുറവ്. എപ്പോഴും ബഹളവും തമാശയും തട്ടിവിടുന്ന ചന്ദ്രനിതെന്ത് പറ്റി. കാര്യം തിരക്കുന്നതിന് മുന്‍പേ അവന്റെ ഒരു ചോദ്യം ഇങ്ങോട്ട്. എന്താണ് ഈ ഖിബ്ല ?
അത് പറയാം നീ കാര്യം പറ. ഞങ്ങൾ അവന്റെ ചുറ്റും കൂടി. നോമ്പ് തുറ കഴിഞ്ഞു. ഞങ്ങളൊക്കെ മുറി വൃത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. അതിനിടക്കാണ് മുറിയുടെ ഒരു മൂലയിൽ കണ്ട നമസ്കാര പടവും എടുത്തു നേരത്തെ അബദ്ധത്തില്‍ നോമ്പ് തുറന്നുപോയ അതെ വ്യക്തി തന്നെ ചന്ദ്രനോടു ചോദിക്കുന്നത് .
ഇവിടെ എങ്ങോട്ടാ മോനെ ഖിബ്ല ? ഏയ് ഇവടെ അങ്ങനെ പ്രത്യേകിച്ച് ഖിബ് ലയൊന്നുമില്ല നിങ്ങള്‍ക്ക് ഇവിടെ എവിടെ വേണമെങ്കിലും നമസ്കരിക്കാം. ചന്ദ്രന് നിഷ്കളങ്കമായി മൊഴിഞ്ഞു, തന്റെ മതനിരപേക്ഷത അറിയിച്ചു. ചോദ്യ കര്‍ത്താവ് രൂക്ഷമായി ഒന്ന് അടിമുടി സ്കാന്‍ ചെയുന്നത് പോലെ നോക്കിയതല്ലാതെ കൂടുതൽ ഒന്നും പറഞ്ഞില്ല, അയാളുടെ ശരീരഭാഷയില്‍നിന്ന് ഒരു കാര്യം ചന്ദ്രന് മനസ്സിലായി.
എന്തോ ഗുരുതരമായ അബദ്ധം സംഭവിച്ചിട്ടുണ്ട്. അയാള്‍ പോകുന്നത് വരെ ആ തുറിച്ചു നോട്ടം തുടര്‍ന്നത്രേ. എന്തോ പന്തി കേടുണ്ടെന്ന് മനസ്സിലാക്കി ചന്ദ്രന് പിന്നീട് അയാളുടെ മുന്നിലേക്ക് പോയില്ല. വന്ന അതിഥികൾക്ക് ഫ്ലാറ്റിലെ അന്തേവാസികളെ മുഴുവൻ പേര് പറഞ്ഞ് പരിചയപ്പെടുത്തിയില്ല എന്നത് ഞങ്ങളും ഓര്‍ത്തത് അപ്പോഴാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ചന്ദ്രനെ കാണുമ്പോള്‍ ഞങ്ങളൊക്കെ ചോതിക്കും ചന്ദ്രാ ഇവിടെ ഏതു ഭാഗത്താണ് ഖിബ്ല?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.