ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ പ്രദർശനം കാണുന്നു
ദോഹ: മുസ്ലിം പള്ളികൾ വെറുമൊരു ആരാധനാ കേന്ദ്രം മാത്രമല്ല, നൂറ്റാണ്ടുകൾ ചരിത്രങ്ങളുള്ള നിർമിതി കൂടിയാണ്. ഓരോ നാടിന്റെയും സംസ്കാരത്തിന്റെയും വാസ്തുവിദ്യയും കലാചാതുര്യവും തുടിക്കുന്ന നിർമിതികൾ കൊണ്ട് അമ്പരപ്പിക്കുന്നതാണ് പള്ളികൾ. അങ്ങനെ, ഖത്തറിലെ പള്ളികളുടെ പഴയതും പുതിയതുമായ രൂപങ്ങളിലേക്കും ചരിത്രത്തിലേക്കും മറഞ്ഞുകിടക്കുന്ന കഥകളിലേക്കും നയിക്കുന്ന പ്രദർശനത്തിനാണ് ഖത്തർ മ്യൂസിയംസിനു കീഴിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (മിയ) വേദിയാവുന്നത്. ‘ഖത്തറിലെ പള്ളികൾ: അന്നും ഇന്നും’ എന്ന തലക്കെട്ടിൽ ആരംഭിച്ച ചിത്രപ്രദർശനം ഈ മണ്ണിലെ പള്ളികളുടെ കൂടി ചരിത്ര പ്രദർശനമാണ്.
കഴിഞ്ഞ 100 വർഷത്തിനിടയിലെ ഖത്തറിലെ പള്ളികളുടെ ചരിത്രവും പ്രാധാന്യവും പാരമ്പര്യവും ആഘോഷിക്കുന്ന പ്രദർശനം ഖത്തർ മ്യൂസിയംസ് (ക്യു.എം) ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെയും സീഷോർ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. പ്രദർശനം ആഗസ്റ്റ് 12 വരെ നീണ്ടുനിൽക്കും. ഇസ് ലാമിക് ആർട്ട് മ്യൂസിയത്തിലെ ശൈഖ് സഊദ് ഗാലറിയാണ് വേദി.
ഖത്തറിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയിൽനിന്ന് ഏറ്റവും പുതിയ പള്ളിയിലേക്ക് കാഴ്ചക്കാരെ എത്തിക്കുന്ന പ്രദർശനം മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ ഉദ്ഘാടനം ചെയ്തു.ഇസ്ലാമിക് ആർട് മ്യൂസിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നീതിന്യായ വകുപ്പ് മന്ത്രി മസ്ഊദ് ബിൻ മുഹമ്മദ് അൽ അംരി, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി, ഖത്തർ മ്യൂസിയം ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സാങ്കേതിക വിദ്യകൾ ഏറെ വികസിച്ച പുതിയ കാലത്ത്, എൻജിനീയറിങ്, നിർമാണ രീതികളുമായി ആകർഷകമായി നിലനിൽക്കുന്ന പള്ളികളുടെ അരനൂറ്റാണ്ടും നൂറ്റാണ്ടും മുമ്പുള്ള കാലത്തെ രൂപവും ഭംഗിയും കാഴ്ചക്കാരിലെത്തിക്കുന്നതാണ് ‘അന്നും ഇന്നും’ പ്രദർശനം. മുർവാബിലെ പൗരാണിക പള്ളികളിൽനിന്നാരംഭിച്ച്, ഇരുപതാം നൂറ്റാണ്ടിലെ ഖത്തറിന്റെ കുതിപ്പിനെ തുടർന്നുണ്ടായ ആധുനിക വാസ്തുവിദ്യയിലേക്കും പള്ളികളുടെ രൂപകൽപനയിലേക്കും കാഴ്ചക്കാരെ കൊണ്ടുപോകുന്ന ഫോട്ടോഗ്രാഫിക് പര്യടനമാണ് സഊദ് ഗാലറിയിൽ തയാറാക്കിയിരിക്കുന്നത്. ഖത്തരി സമൂഹത്തിനിടയിൽ അന്നും ഇന്നും പള്ളികൾ അവരുടെ ഒരു പ്രധാന ഭാഗമായി തുടരുന്നുവെന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് പ്രദർശനം.
പ്രദർശനത്തിന്റെ ഭാഗമായി സമൂഹത്തിന് വഴികാട്ടികളായ പ്രശസ്ത ഖത്തരി ഇമാമുമാരെയും (നമസ്കാരത്തിന് നേതൃത്വം നൽകുന്നവർ) പൊതുജനങ്ങളെ പ്രാർഥനകളിലേക്ക് വിളിച്ച മുഅദ്ദിൻമാരെയും (ബാങ്ക് വിളിക്കുന്നവർ) പ്രത്യേകമായി ആദരിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യും.
നൂറ്റാണ്ടുകൾക്കപ്പുറം സജീവമായ പള്ളികൾ, കാലക്രമേണ നിറംമങ്ങുകയും പിന്നീട് പുനരുദ്ധാരണത്തിലൂടെ വീണ്ടെടുത്ത് പുതുമോടിയിൽ സജീവമാക്കിയതുമെല്ലാം ചിത്രങ്ങളിലൂടെ വിവരിക്കുന്നു. അൽ റുവൈസ് മസ്ജിദ് (റുവൈസ് മസ്ജിദ് -1915), ബിൻ ഉബൈദ് മസ്ജിദ് (ദോഹ-1935), സിക്രീത് മസ്ജിദ് (സിക്രീത് - 1940), അൽ അംരി മസ്ജിദ് (ജുമൈലിയ - 1940), ബഹാർ മസ്ജിദ് (അബു ദുലൂഫ് സുലൂഫ് - 1940), ഐൻ സിനാൻ (1940), അൽ നമാൻ (നമാൻ 1946), ഫുവൈരിത് മസ്ജിദ് (ഫുവൈരിത് -1950), അൽ ബുസൈയിർ (അൽബുസൈയിർ - 1960) എന്നീ പള്ളികളാണ് പുനരുദ്ധരിക്കുകയും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നത്.
ഖത്തറിലെ പള്ളികളുടെ വൈവിധ്യം അനുഭവിക്കാനും അടുത്തറിയാനും അവയുടെ രൂപകൽപന പരിസ്ഥിതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാനും 21ാം നൂറ്റാണ്ടിലെ പള്ളികളുമായി അവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് താരതമ്യം ചെയ്യാനുമായി പൊതുജനങ്ങളെ പ്രദർശനത്തിലേക്ക് ക്ഷണിക്കുകയാണെന്ന് ഇസ് ലാമിക് ആർട്ട് മ്യൂസിയം മേധാവിയായ ഡോ. യൂലിയ ഗൊനേല പറഞ്ഞു.
രാജ്യത്തിന്റെ പൗരാണിക വാസ്തുവിദ്യ അസ്തിത്വം സംരക്ഷിക്കുന്നതിനും പുനസ്ഥാപിക്കുന്നതിനും വിശദീകരിക്കുന്നതിനുമുള്ള ഖത്തർ മ്യൂസിയങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി മ്യൂസിയം ആർക്കിടെക്ചറൽ കൺസർവേഷൻ സംഘം പള്ളികളുടെ പുനരുദ്ധാരണത്തിലും സംരക്ഷണത്തിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഖത്തറിന്റെ പള്ളികളെക്കുറിച്ച പ്രദർശനം, വർഷങ്ങൾ പഴക്കമുള്ള അവയുടെ ചരിത്രത്തെയും വാസ്തുവിദ്യയെയും കുറിച്ച് കൂടുതൽ വിവരങ്ങൾ പകർന്നുനൽകുന്നുവെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ദഅ്വ അഫേഴ്സ് ആൻഡ് മോസ്ക് വിഭാഗം ഉദ്യോഗസ്ഥൻ മുഹമ്മദ് ബിൻ ഹമദ് അൽകുവാരി പറഞ്ഞു. ഖത്തറിലെ പള്ളികളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രദർശനത്തിന്റെ സ്പോൺസർമാരാകാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നുവെന്ന് സീഷോർ ഗ്രൂപ് സി.ഇ.ഒ സാലിം അൽ മുഹന്നദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.