??????? ????????????

കുട്ടിക്കാലത്ത് ഒരിക്കല്‍ നായാട്ട് സംഘത്തോടൊപ്പം പോയപ്പോള്‍ കണ്ട, മനസ്സിനെ നൊമ്പരപ്പെടുത്തിയ അനുഭവമാണ് നിസാര്‍ കൊളക്കാടനെ ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആക്കിയത്. ആ അനുഭവം ഇന്നും അദ്ദേഹത്തിന്‍െറ മനസ്സിലെ നീറുന്ന ഓര്‍മയാണ്. പണ്ടുകാലത്ത് നായാട്ട് സര്‍വസാധാരണമായിരുന്നു. നായാട്ടിലും, കാളപൂട്ടിലും പേരെടുത്തവരായിരുന്നു കൊളക്കാടന്‍ കുടുംബം. അതിന് നിയമപരമായ തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. കുടുംബത്തില്‍ കല്യാണമോ മറ്റ് ആഘോഷപരിപാടികളോ ഉണ്ടായാല്‍ തലേന്ന് നായാട്ടിന് പോവും. അവരെ സഹായിക്കാന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ ഈ പയ്യനും കൂടെപ്പോവും.

കാട്ടാനക്കൂട്ടം നിസാറിന്‍െറ ലെന്‍സില്‍
 

കടവിലേക്ക് മൃഗങ്ങളെ എത്തിച്ച് വെടിവെച്ചുവീഴ്ത്തുകയാണ് ചെയ്യുക. അന്ന് ഒരു മാനിനെ വെടിവെച്ചുവീഴ്ത്തി. അറുത്തു തോലുപൊളിച്ച് വയറ് കീറിയപ്പോള്‍ കണ്ട കാഴ്ച തന്നെ ആഴത്തില്‍ മുറിവേല്‍പിച്ചു. ഗര്‍ഭിണിയായ മാന്‍ ആയിരുന്നു അത്. അതിന്‍െറ വയറ്റില്‍ ജീവനുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. പിടഞ്ഞുമരിച്ച ആ മാന്‍ കുഞ്ഞിന്‍െറ കരച്ചില്‍ ഇന്നും ഹൃദയം പിടക്കുന്ന ഓര്‍മയാണ്. ഈ കൊടുംക്രൂരതക്കു ശേഷം നായാട്ടിനു പോവുന്നത് നിര്‍ത്തിയെന്നു മാത്രമല്ല, ഇത്തരം മിണ്ടാപ്രാണികളെ സംരക്ഷിക്കണം എന്ന ആശയത്തിനുവേണ്ടി നിലകൊള്ളാനും തീരുമാനിച്ചു. തന്‍െറ കൈയിലുള്ള കാമറ അതിനുള്ള ആയുധമാക്കി. കാടിന്‍െറ മക്കളെ സംരക്ഷിക്കാന്‍ കാമറകൊണ്ട് പ്രതിരോധം തീര്‍ക്കാനിറങ്ങിപ്പുറപ്പെട്ടു. അങ്ങനെയാണ് നിസാര്‍ കൊളക്കാടന്‍ എന്ന ശ്രദ്ധേയനായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ രൂപപ്പെട്ടത്.  ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിസാര്‍ കൊളക്കാടന്‍.

നിസാര്‍ പകര്‍ത്തിയ ചിത്രം
 

കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ കൊളക്കാടന്‍ ഗുലാം ഹുസൈന്‍െറയും റിട്ടയേര്‍ഡ് അധ്യാപിക മറിയമിന്‍െറയും മകനാണ് നിസാര്‍. പ്രീഡിഗ്രി, ഇലക്ട്രിക്കല്‍ ഡിപ്ലോമയാണ് ഒൗപചാരിക വിദ്യാഭ്യാസം. ഹൈസ്കൂള്‍ കാലത്തുതന്നെ ഫോട്ടോഗ്രഫി കമ്പം തലക്കുപിടിച്ചു. നെഗറ്റീവ് ഡെവലപ് ചെയ്യുന്ന 12 ഫിലിം അക്ഫ എന്ന ബ്ളാക് ആന്‍ഡ് വൈറ്റ് കാമറ സ്വന്തമാക്കിയാണ് ആദ്യ അരങ്ങേറ്റം. തന്‍െറ രണ്ട് സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച നിര്‍വൃതിയിലാണിപ്പോള്‍ നിസാര്‍. അതിലൊന്ന് കാനന്‍ കമ്പനിയുടെ വണ്‍ഡിഎക്സ് കാമറ സ്വന്തമാക്കിയതാണ്. മറ്റൊന്ന്, ഇതുവരെ തന്‍െറ കാമറ ക്ലിക്കിന് മുമ്പില്‍ കിട്ടിയിട്ടില്ലാത്ത റിനോ(കാണ്ടാമൃഗം)യെ കിട്ടിയ ആഹ്ലാദവും. ഇന്ത്യയില്‍ ആസാമിലെ കാസിരംഗയിലാണ് റിനോസ് ഉള്ളത്. നേപ്പാളിലെ ചിത്വാങ് നാഷനല്‍ പാര്‍ക്കില്‍വെച്ചാണ് റിനോസിനെ തന്‍െറ കാമറയില്‍ ആവോളം പകര്‍ത്തിയത്. വന്യമൃഗ ഫോട്ടോഗ്രഫിക്കായി എത്രവലിയ സാഹസികയാത്രകള്‍ ചെയ്യാനും തയാറാണ് ഈ മൃഗസ്നേഹി. മൂവായിരം കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ച് നേപ്പാളിലെ ചിത്വാങ് നാഷനല്‍ പാര്‍ക്കില്‍നിന്നാണ് റിനോയെ ഈ സാഹസിക സഞ്ചാരപ്രിയന്‍ കാമറയില്‍ ഒപ്പിയെടുത്തത്.

കാട്ടുപോത്തിന്‍ കൂട്ടം
 

ട്രക്കിങ്ങിന് പോയപ്പോള്‍ ആന, പുലി എന്നിവയുടെ മുമ്പില്‍പെട്ട് ജീവനുവേണ്ടി ഓടി രക്ഷപ്പെട്ട അനുഭവങ്ങള്‍ നെഞ്ചിടിപ്പോടെയേ നിസാറിന് ഓര്‍ക്കാനാവുന്നുള്ളൂ. കടുവ ശരിക്കും ഒരു ജെന്‍റില്‍മാനാണ്. ഒരിക്കല്‍ കടുവയുടെ തൊട്ടു മുന്നില്‍ ഒറ്റക്ക് എത്തിപ്പെട്ടിട്ടും കടുവ തന്നെ മൈന്‍ഡ് ചെയ്യാതെ തിരിഞ്ഞുപോയത് ദൈവാധീനം എന്നു വിശ്വസിക്കുകയാണ് നിസാര്‍. എട്ടു മാസത്തെ പല സ്ഥലത്തേക്കുള്ള അലച്ചിലിനൊടുവില്‍ കിട്ടിയ കടുവയുടെ ചിത്രമാണ് ഏറ്റവും അമൂല്യമായ ഫോട്ടോ ആയി നിസാര്‍ കരുതുന്നത്. നാഗര്‍ഹോള ടൈഗര്‍ റിസര്‍വിനുള്ളില്‍ സഫാരി കഴിഞ്ഞ് ഒന്നും കിട്ടാതെ നിരാശനായി മടങ്ങിപ്പോരുന്ന സമയത്താണ് റോഡിന്‍െറ തൊട്ടടുത്ത് കൊടുംകാട്ടില്‍ ഏകദേശം പതിനഞ്ചടി ദൂരെ, ഒരു മഴക്കുഴിയില്‍ കടുവയെ മുന്നില്‍ കാണുന്നത്. പത്തിരുപത് മിനിറ്റോളം കടുവ തന്‍െറ കാമറാക്ലിക്കിന് ‘പോസ്’ ചെയ്തു. അതിനെ കണ്ടുകിട്ടിയപ്പോഴുള്ള സന്തോഷം വിവരണാതീതമാണ്.

നിസാര്‍ കൊളക്കാടന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
 

ടൈംസ് ഓഫ് ഇന്ത്യയുള്‍പ്പടെയുള്ള നിരവധി പത്രങ്ങളില്‍ നിസാര്‍ കൊളക്കാടന്‍െറ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര്‍ണാടക ഫോറസ്റ്റിന്‍െറ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് ഉള്‍പ്പടെ ഒരുപാട് അംഗീകാരങ്ങള്‍ നിസാറിനെ തേടിയത്തെി. രണ്ടര ലക്ഷം അംഗങ്ങളുള്ള സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ് സംഘടിപ്പിച്ച ‘ഭൗമനോവ്’ എന്ന പരിസ്ഥിതി സംരക്ഷണ ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. വിനോദസഞ്ചാരം മൂലമുണ്ടാകുന്ന പ്രകൃതിനാശം ആയിരുന്നു മത്സര വിഷയം. വിനോദസഞ്ചാരികള്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവര്‍ തിന്നുന്ന മാനിന്‍െറ ഫോട്ടോയായിരുന്നു നിസാര്‍ കൊളക്കാടനെ ഒന്നാം സമ്മാനാര്‍ഹനാക്കിയത്. മാസത്തില്‍ നാലു തവണയെങ്കിലും കാട് കയറും.

നിസാര്‍ കൊളക്കാടന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
 

ഏക്കറു കണക്കിന് വിസ്താരമുള്ള കൊടും കാട്ടില്‍ കടുവ, പുള്ളിപ്പുലി ഉള്‍പ്പടെയുള്ള വന്യജീവികളെ കാമറക്കുമുന്നില്‍ കിട്ടുകയെന്നത് ഭാഗ്യമാണ്. ഒരുപാട് ക്ഷമവേണം. ബുദ്ധസന്യാസിമാര്‍ കടുവകളെ വളര്‍ത്തി കൂടെക്കൊണ്ടുനടക്കുന്ന ഒരു ടൈഗര്‍ടെംബിള്‍ തായ്ലന്‍ഡില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍, സുഹൃത്തിനേയും കൂട്ടി ബാങ്കോക്കില്‍ പോയി. ടൈഗറിനെ പിടിച്ചു നടക്കാനുള്ള ഭാഗ്യം ലഭിച്ചു. മൃഗങ്ങളുടെ ഫോട്ടോയെടുക്കാന്‍ ഇന്തോനേഷ്യയിലെ സുമാത്ര, ഹോങ്കോങ്, മലേഷ്യ, സിംഗപ്പൂര്‍, ഈജിപ്ത്, തുര്‍ക്കി, ഹോളണ്ട് എന്നിവിടങ്ങളിലും പോയിട്ടുണ്ട്. ഇന്ത്യയില്‍ വൈല്‍ഡ് ലൈഫ് ഉള്ള എല്ലാ സംസ്ഥാനങ്ങളിലും കാമറയുമേന്തി നിസാര്‍ ചെന്നിട്ടുണ്ട്.

നിസാര്‍ കൊളക്കാടന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
 

വന്യജീവി സംരക്ഷണത്തിന് സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും കര്‍ണാടകയില്‍ മാത്രമാണ് അതിന്‍െറ പ്രതിഫലനങ്ങള്‍ കാണാന്‍ സാധിക്കുന്നതെന്ന് നിസാര്‍ പറയുന്നു. കര്‍ണാടകയില്‍ ഓരോ 500 മീറ്ററിലും ഫോറസ്റ്റ് ഗാര്‍ഡുകളെ കാണാം. ഇതര സംസ്ഥാനങ്ങളില്‍ കാട് മലിനീകരണത്തിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ല. നാലുവര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോയുടെ ആയിരക്കണക്കിന് അമൂല്യമായ കലക്ഷന്‍ കൈയിലുണ്ട്. ഒരു ബിസിനസുകാരന്‍ എന്ന നിലക്ക് തിരക്കുപിടിച്ച ജീവിതത്തിനിടയിലും ഇടക്കിടെ സഞ്ചാരത്തിനായി സമയം കണ്ടെത്തുന്നു. അധികം വൈകാതെ ഒരു പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് നിസാര്‍. കഠിനാധ്വാനത്തിലൂടെയാണ് ഫോട്ടോഗ്രഫി നിസാര്‍ സ്വയം പഠിച്ചെടുത്തത്. വൈല്‍ഡ് ലൈഫ് സംരക്ഷണത്തിനായുള്ള ഒരു എന്‍.ജി.ഒ രൂപവത്കരിക്കണമെന്നും ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നുമാണ് നിസാറിന്‍െറ സ്വപ്നം.

Tags:    
News Summary - wildlife photographer nisar kolakkadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.