?????????? ?????????????????? ???????????? ???????

ശബ്ദങ്ങളില്ലാത്ത ലോകത്തേക്കാണ് പ്രവേശിച്ചതെന്നു തോന്നാന്‍ കുറച്ചുനേരം വേണ്ടിവന്നു. കാരണം, അവിടെ ശബ്ദം തങ്ങിനില്‍ക്കുന്നപോലെ തോന്നിച്ചു. നിറഞ്ഞ വര്‍ത്തമാനത്തിന്‍െറ നടുവിലാണെന്നും അനുഭവപ്പെട്ടു. പക്ഷേ, അവരെല്ലാം ബധിരരും മൂകരുമായ ചെറുപ്പക്കാരായിരുന്നു. എങ്കിലും, മൗനത്തെ മറികടക്കുന്ന ഭാവങ്ങളായിരുന്നു അവരുടെ മുഖങ്ങളില്‍. തിളങ്ങുന്ന കണ്ണുകളും പ്രസരിപ്പുള്ള മുഖങ്ങളുമായി അവര്‍ സൗഹൃദത്തിന്‍െറ ആഘോഷങ്ങളിലായിരുന്നു. അവര്‍ നിശ്ശബ്ദതയില്‍ വര്‍ത്തമാനം പറയുന്നത്, നര്‍മം ആസ്വദിക്കുന്നത്, വിമര്‍ശിക്കുന്നത് ഒക്കെ അടുത്തൊരിടത്ത് ഇരുന്ന് അദ്ഭുതത്തോടെ കണ്ടിരുന്നു. കാരണം, സംസാരശേഷിയില്ലാത്തവരുടെ ലോകം നമുക്കന്യമാണ്. സംസാരിക്കാനോ കേള്‍ക്കാനോ ഉള്ള കഴിവ് ഇല്ലാതെവന്നാല്‍ എങ്ങനെയായിരിക്കും അതിനെ തരണം ചെയ്യാന്‍ കഴിയുക എന്നത് കൃത്യമായി പറയാന്‍ ആര്‍ക്കും കഴിയില്ല. അപ്പോഴാണ് ഇത്തരം വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കും ഒരു ലോകമുണ്ടെന്ന ചിന്തയുടെയും കാഴ്ചകളുടെയും പ്രസക്തി. വിധിയുടെയോ ഭാഗ്യക്കേടിന്‍െറയോ ഇരകളാണ് തങ്ങളെന്ന ചിന്തകളില്ലാതെ ഇതാ ഇവിടെ ജീവിതം സാധാരണപോലെ നോക്കിക്കാണുന്ന ഒരുകൂട്ടം മനുഷ്യരെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. സംസാരശേഷിയില്ലാത്ത വിവിധ രാജ്യക്കാരായ ചെറുപ്പക്കാരുടെ കൂട്ടായ്മയെക്കുറിച്ച്... 
.......................................
ദോഹയിലെ അബൂഹമൂറിലെ  സെന്‍ട്രല്‍ മാര്‍ക്കറ്റിനോടു ചേര്‍ന്ന് മലയാളി നടത്തുന്ന ഷാര്‍വ ഹോട്ടലില്‍ എല്ലാ ദിവസവും വൈകുന്നേരം ആ സംഘമെത്തും. ഖത്തറില്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന പലരാജ്യക്കാരായ സംസാരശേഷിയില്ലാത്തവര്‍. 125ഓളം പേരുള്ള ഒരു കൂട്ടായ്മയാണത്. അതില്‍ പത്തുമുപ്പത് പേര്‍ അടങ്ങുന്ന സൗഹൃദ കൂട്ടായ്മകള്‍ വൈകുന്നേരം ഇടവിട്ടുള്ള സമയങ്ങളില്‍ വരുകയും തങ്ങുകയും മടങ്ങുകയും ചെയ്തുകൊണ്ടിരിക്കും. അവിടെ വൈകുന്നേരങ്ങളില്‍ എപ്പോഴൊക്കെ ചെന്നാലും ഇവരില്‍പ്പെട്ടവരുടെ സാന്നിധ്യമുണ്ടാകും. ലോകത്തെ നിരവധി ഭാഷകള്‍ അറിയുകയും അത് അനുദിനം ആശയ വിനിമയത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന സമൂഹത്തിലാണ് ഒരു ഭാഷയും ഉപയോഗിക്കാതെ ജീവിക്കുന്ന ഈ മനുഷ്യരുടെ കൂട്ടായ്മയും എന്നതും വിവരണങ്ങള്‍ക്കതീതമാണ്. എന്നാല്‍, ഇവരെ അടുത്തറിയുമ്പോള്‍ അവരുടെ അതിശയകരമായ സംവേദനക്ഷമത നമ്മെ ചിന്തിപ്പിക്കുകയും ചെയ്യും. പക്ഷേ, അവര്‍ കൃത്യമായി ലോകവിവരങ്ങള്‍ അറിയുന്നു, ചര്‍ച്ചചെയ്യുന്നു. നിലപാടുകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയവും സാഹിത്യവും ശാസ്ത്രവും ഗണിതവും മുതല്‍ നാട്ടുവര്‍ത്തമാനങ്ങള്‍ വരെ കൈമാറുന്നു. ‘ഖത്തരി സെന്‍റര്‍ ഓഫ് സോഷ്യല്‍ കള്‍ചറല്‍ ഫോര്‍ ദ ഡഫ്’ എന്ന സംഘടനയിലെ അംഗങ്ങള്‍ കൂടിയാണിവര്‍. ഖത്തറില്‍ 700ഓളം അംഗങ്ങളുള്ള ഈ സംഘടനയിലെ അംഗങ്ങളാണ് ഷാര്‍വ ഹോട്ടലിലെ പതിവ് അതിഥികള്‍. ഇതില്‍ ഖത്തരികളും മറ്റ് രാജ്യക്കാരും മലയാളികളുമൊക്കെയുണ്ട്. മലയാളികളുടെ എണ്ണം 30 ആണ്. ഖത്തര്‍ പൊലീസില്‍ ജീവനക്കാരനായ ത്വാഹിറാണ് സംഘത്തെ നയിക്കുന്നത്.

ഖത്തരി പൗരന്‍ ത്വാഹിറിനൊപ്പം അബ്ദുറഹ്മാനും സഹോദരന്മാരായ കുഞ്ഞബ്ദുല്ലയും അബ്ദുറസാഖും
 


വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരാണ് ഇവരില്‍ പലരും. ഒപ്പം ഖത്തറില്‍ വിവിധ തൊഴിലെടുത്ത് കുടുംബം പോറ്റുന്നവരും. സംസാരിക്കാന്‍ ശേഷിയില്ലാത്ത ഇവര്‍ ഷാര്‍വ ഹോട്ടലില്‍ വരാനും സൗഹൃദത്തിന്‍െറ പരസ്പര തണലുകള്‍ ആയിത്തീരാനും ഒരു കാരണമുണ്ട്. ഈ ഹോട്ടലിനെ അവരിലേക്ക് അടുപ്പിക്കുന്ന ഘടകം. അത് ഹോട്ടലിലെ മലയാളിയായ ജീവനക്കാരന്‍ വിപിന്‍ ആണ്. നാട്ടിലെ അറിയപ്പെടുന്ന മജീഷ്യനായിരുന്ന വിപിന്‍ തന്‍െറ പ്രഫഷനായിരുന്ന ബിസിനസ് തകര്‍ന്നപ്പോഴാണ് അടുത്തകാലത്ത് പ്രവാസത്തെക്കുറിച്ച് ചിന്തിച്ചത്. പക്ഷേ, മാജിക് വേദിയില്‍ കാണിക്കാന്‍ പറ്റില്ലല്ലോ എന്ന സങ്കടമായിരുന്നു അയാളെ കടല്‍ കടക്കുമ്പോഴും നീറ്റിയിരുന്നത്. എന്നാല്‍, ഹോട്ടലിലത്തെി ചായയുണ്ടാക്കുക എന്ന ജോലി ഏറ്റെടുത്ത അദ്ദേഹം ചായയിലും മായാജാലം സൃഷ്ടിക്കാം എന്ന് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുത്തു. നാട്ടിലെ ചായക്കടയിലെ അസ്സല്‍ കടുപ്പത്തിലുള്ള ചായ ഗള്‍ഫിലും സമോവര്‍വെച്ച് ഉണ്ടാക്കി കോപ്പകളില്‍ നീട്ടിയടിച്ച് ചില്ലുഗ്ലാസില്‍ പകര്‍ന്നു കൊടുത്തപ്പോള്‍ ആ ചായക്ക് ഏറെ ആവശ്യക്കാരുണ്ടായി. മലയാളികള്‍ അടക്കമുള്ളവര്‍ ഹോട്ടലിലെ പതിവുകാരായി. ഇതിനിടയിലാണ് ഒരിക്കല്‍ ആ സംഭവമുണ്ടായത്. ഹോട്ടലില്‍ വന്ന കുടുംബത്തിലെ നാലു വയസ്സുകാരിയുടെ കരച്ചില്‍ നിര്‍ത്താന്‍ വിപിന്‍ ഒരു കേക്കുമായി വന്ന് പൂവാക്കിമാറ്റി കുട്ടിയെ ചിരിപ്പിച്ചു. അതിന് ദൃക്സാക്ഷികളായവര്‍ വിപിനെക്കൊണ്ട് വീണ്ടും മായാജാലം കാണിപ്പിച്ചു. അങ്ങനെ വിപിന് ആരാധകര്‍ കൂടിവന്നു. 

അക്കാലത്താണ് ഒരാള്‍ വന്ന് ആംഗ്യഭാഷയില്‍ വിപിനോട് ഭക്ഷണത്തെക്കുറിച്ച് അന്വേഷിച്ചത്. ആദ്യമായായിരുന്നു വിപിനും ആംഗ്യഭാഷയില്‍ മറുപടി പറയുന്നത്. എങ്കിലും അന്നുള്ള പെരുമാറ്റവും ആതിഥ്യവും വന്നയാള്‍ക്ക് ഇഷ്ടമായി. പിന്നീട് അയാള്‍ വന്നത് തന്‍െറ സംസാരിക്കാന്‍ കഴിയാത്ത ഒന്നുരണ്ട് സുഹൃത്തുക്കളുമായായിരുന്നു. അവരും വിപിനുമായി സുഹൃത്തുക്കളായി. പിന്നീട് അംഗസംഖ്യ കൂടിവന്നു. വന്നവര്‍ക്കെല്ലാം ഹോട്ടലില്‍ മാന്യമായ പെരുമാറ്റവും സൗഹൃദവും ലഭിച്ചു. ഒപ്പം തിരക്കോടുതിരക്കുള്ള നേരത്തും വിപിനും ഹോട്ടലിലെ മറ്റു ജീവനക്കാരും അവരുടെ മുന്നിലെത്തി ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് അവരുടെ മുന്നില്‍ വിപിന്‍ തന്‍െറ  ജാലവിദ്യകള്‍ കാണിച്ചുകൊടുത്തു. അതുകണ്ട് അദ്ഭുതവും ആദരവും നിഴലിക്കുന്ന മുഖങ്ങളുമായി അവരെല്ലാം വിപിനെ ചേര്‍ത്തുപിടിച്ചു. അവര്‍ വീണ്ടും വീണ്ടും വന്നു. അങ്ങനെ വിപിന്‍ അവരുടെ സുഹൃത്തായി. അങ്ങനെ എത്രയോ മാസങ്ങളായി ഇവരെല്ലാം എല്ലാ ദിവസവും കൃത്യമായി വൈകുന്നേരങ്ങളില്‍ ഈ ഹോട്ടലില്‍ എത്തുന്നു. മാജിക് കാണുന്നതിലല്ല പിന്നീട് അവര്‍ വിപിനുമായി സംസാരിക്കുന്നതിലായി കൂടുതല്‍ താല്‍പര്യം എടുത്തത്. ഹോട്ടല്‍ ഉടമകളില്‍ ഒരാളായ ജൗഹറുമായും ഇവരുടെ സൗഹൃദം വളര്‍ന്നപ്പോള്‍ ഹോട്ടലിന്‍െറ മുകള്‍നില പൂര്‍ണമായും ഇവര്‍ക്കായി ഒഴിച്ചിടുകയും ചെയ്തു. സൗഹൃദം വളര്‍ന്നപ്പോള്‍ ഹോട്ടലുടമ ഇവര്‍ക്കായി ബധിരനായ ഒരു ജീവനക്കാരനെയും നല്‍കി. ഇനി ബധിരര്‍ക്ക് മാത്രമായി ഒരു ഹോട്ടല്‍ നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകളും നടന്നു. ഉസ്താദ് ഹോട്ടലെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 

ഷാര്‍വ റസ്റ്റാറന്‍റിന് മുന്നില്‍ മുഹമ്മദ് ഷിഹാബ്, അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍
 


ഖത്തരി പൗരനായ ത്വാഹിര്‍, മുഹമ്മദ് ഷിഹാബ്, മലയാളികളായ മുഹ് യിദ്ദീന്‍ റിസ, അബ്ദുറസാഖ്, മുനീര്‍, ഷമീല്‍, ഷഫീഖ്, ഉബൈദുല്ല, വാജിദ് അങ്ങനെ ഈ കൂട്ടായ്മയുടെ നിര നീളുന്നു. ഖത്തറില്‍ ബധിരര്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ ഗവണ്‍മെന്‍റ് നല്‍കുന്നുണ്ട്. പലരും ഇവിടെ വാഹനമോടിക്കുന്നവരാണ്. ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റ് നിരക്ക് 50 ശതമാനമേ ബധിരരില്‍നിന്ന് ഈടാക്കുന്നുള്ളൂ. എന്നാല്‍, കൂട്ടായ്മയിലുള്ള മലയാളികള്‍ പറയുന്നതില്‍ ചില സങ്കടങ്ങളുണ്ട്. അത് കേരളത്തിലെ ഗവണ്‍മെന്‍റിന്‍െറ തങ്ങളോടുള്ള അവഗണനയെക്കുറിച്ചാണ്. നാട്ടില്‍ ഡ്രൈവിങ് ലൈസന്‍സ് പോയിട്ട് അത്യാവശ്യം വേണ്ട പലകാര്യങ്ങളും നല്‍കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഇവരെല്ലാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുമാണ്. സംസാരിക്കാനും കേള്‍ക്കാനും കഴിവില്ലാത്തവര്‍ ഫോണ്‍ എന്തിന് ഉപയോഗിക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍, സമൂഹമാധ്യമങ്ങള്‍ കൃത്യമായി ഉപയോഗിക്കാനും വിവിധ മൊബൈല്‍ ആപ്ളിക്കേഷന്‍സുകളിലൂടെ ആശയവിനിമയം നടത്താനുമാണ് ഇവര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. ഐ.എം.ഒ വഴിയും വാട്സ്ആപ് വഴിയും അവര്‍ സൗഹൃദത്തിന്‍െറ ലോകത്ത് ശബ്ദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കൂട്ടത്തിലൊരാള്‍ നാട്ടിലേക്ക് പോയാലും അവര്‍ ഇത്തരം നെറ്റ് വര്‍ക്കുകള്‍ വഴി ബന്ധം പുതുക്കിക്കൊണ്ടിരിക്കുന്നു. ഒരിക്കല്‍ കണ്ട് പരിചയപ്പെട്ടാല്‍ പെട്ടെന്ന് മറന്നുപോകുന്നവരല്ല ഇവരാരും. കാരണം, വെറും സൗഹൃദത്തിന്‍െറ പേരിലായാല്‍പോലും വെറും വാക്കുകള്‍ പറയാനുള്ള കഴിവ് ഇവര്‍ക്കില്ലല്ലോ. 

കൂട്ടത്തില്‍ ഒരു അബ്ദുറഹ്മാന്‍ കൂടി
സംസാരിക്കാന്‍ കഴിവുള്ള, കോഴിക്കോട് മേപ്പയൂര്‍ സ്വദേശി അബ്ദുറഹ്മാന്‍ ഇവരുടെ കൂട്ടത്തില്‍ ഒരംഗത്തെ പോലെയുണ്ട്. അതിന്‍െറ കാരണം അദ്ദേഹത്തിന്‍െറ അനുജന്മാരായ കുഞ്ഞബ്ദുല്ലയും അബ്ദുറസാഖും ബധിരരും ഇക്കൂട്ടത്തിലെ സജീവ അംഗങ്ങളുമാണ് എന്നതാണ്. രണ്ടു പേരും മിടുമിടുക്കന്മാരാണ്. കുഞ്ഞബ്ദുല്ല 10 വര്‍ഷമായും അബ്ദുറസാഖ് എട്ടു വര്‍ഷമായും ഖത്തറിലുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയ മിടുക്കനാണ് അബ്ദുറസാഖ്. ഡല്‍ഹിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ആളാണ് കുഞ്ഞബ്ദുല്ല. ഈ കൂട്ടായ്മയുടെ ലീഡര്‍ എന്ന് പറയാവുന്ന ഖത്തറി പൗരന്‍ ത്വാഹിര്‍ കേരളത്തില്‍ അബ്ദുറഹ്മാന്‍, കുഞ്ഞബ്ദുല്ല, അബ്ദുറസാഖ് സഹോദരന്മാരുടെ വീടുകളില്‍ സൗഹൃദ സന്ദര്‍ശനവും നടത്തിയിട്ടുണ്ട്.

Tags:    
News Summary - sharva hotel doha deaf and mute person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.