'ഭായി കാ ദുബൈ'യിൽ ആശയുണ്ട്, ആശങ്കയും

പെരുമ്പാവൂരിലെ പെണ്ണുങ്ങൾ ബസുകളിൽ കയറാൻ മടിക്കുന്നുണ്ട് ചില നേരങ്ങളിൽ. പ്രത്യേകിച്ചും രാവിലെയും വൈകുന്നേരങ്ങളിലും. പെരുമ്പാവൂർ-ആലുവ കെ.എസ്​.ആർ.ടി.സി റൂട്ടിലും ൈപ്രവറ്റ് ബസ്​ റൂട്ടിലും പെരുമ്പാവൂർ-കോലഞ്ചേരി, പെരുമ്പാവൂർ-കാലടി, പെരുമ്പാവൂർ-കോതമംഗലം തുടങ്ങിയ സർവീസ്​ ബസുകളിലുമെല്ലാം ഈ പ്രത്യേകത കാണാം. കാരണം മറ്റൊന്നുമല്ല, അന്യസംസ്​ഥാന തൊഴിലാളികൾ നിറഞ്ഞുകുത്തി ഈ നേരങ്ങളിൽ ബസുകളിൽ കയറുന്നു എന്നത് തന്നെ. തടി വ്യവസായ കമ്പനികളിലേക്ക് നൂറുകണക്കിന് ‘ഭായി’മാർ ജോലിക്ക് പോകുന്നതും വരുന്നതുമായ സമയമാണ് രാവിലെ ഏഴുമുതൽ എട്ടുവരെയും വൈകുന്നേരം അഞ്ചുമുതൽ ആറുവരെയും.

അന്യസംസ്​ഥാന തൊഴിലാളികൾ ബസുകളിലോ മറ്റോ മലയാളി സ്​ത്രീകളോട് മോശമായി പെരുമാറിയ സംഭവങ്ങൾ കുറവാണ്. എന്നാൽ, അവർ തിങ്ങിനിറയുന്ന ബസുകളിൽ ഉത്തരേന്ത്യൻ ചൂരും ഗന്ധവും നിറയുന്നത് മലയാളികൾക്ക് സഹിക്കാൻ കഴിയില്ല. ഭായിമാർ പോയിട്ട് പോകാം എന്നുകരുതി ബസ്​സ്​റ്റാൻഡുകളിൽ അവർ കാത്തിരിക്കാനും തയാർ. മലയാളത്തിനൊപ്പം ഹിന്ദി ബോർഡുകളും വെച്ചോടുന്ന സ്വകാര്യ ബസുകൾ ഒട്ടും അൽഭുതമല്ല പെരുമ്പാവൂരിൽ. ഇനി മലയാളികൾ കയറിയില്ലെങ്കിലും ഇവിടുത്തെ ബസുകൾക്ക് നഷ്​ടമില്ല എന്ന് പറഞ്ഞാലും അതിശയം വേണ്ട. 

ഇവിടുത്തെ നാട്ടിടവഴികളിലും കവലകളിലും കരുവാളിച്ച ഉത്തരേന്ത്യൻ മുഖങ്ങൾ പരിചിതമായിട്ട് 15 വർഷം പിന്നിടുന്നു. അതിന് മുമ്പ് തമിഴരും മംഗലാപുരം സ്വദേശികളും മലയാളികളും പണിയെടുത്തിരുന്നതാണ് പെരുമ്പാവൂരിന് പെരുമ നൽകിയ തടിമില്ലുകളിൽ. രാവിലെയും വൈകുന്നേരവും മലയാളി പെണ്ണുങ്ങൾ തടി മില്ലുകളിൽ പോകുന്നതും ഇറങ്ങിവരുന്നതുമായ കാഴ്ച ഇവിടുത്തുകാരുടെ മനസിൽനിന്ന് ഇപ്പോഴും മാഞ്ഞിട്ടുണ്ടാകില്ല. കുടുംബം പുലർത്താൻ മറ്റ് ജില്ലകളിൽനിന്ന് ഇവിടെയെത്തി കുടുംബവുമായി താമസിച്ചിരുന്നു മലയാളികൾ. കുറഞ്ഞ കൂലിക്ക് കൂടുതൽ നേരം പണിയെടുക്കാൻ ബംഗാൾ, അസം, യു.പി, ഒഡിഷ സ്വദേശികൾ എത്തിത്തുടങ്ങിയതോടെ തമിഴരും മലയാളികളും മംഗലാപുരം സ്വദേശികളും പെട്ടെന്ന് തന്നെ പുറത്തായി.

തൊഴിൽ വൈദഗ്ധ്യം കുറവാണെങ്കിലും വാച്ചും സൈറണും നോക്കാതെ പണിയെടുക്കുന്ന അന്യസംസ്​ഥാന തൊഴിലാളികളെ പ്ലൈവുഡ്, തടി കമ്പനി ഉടമകൾക്ക് കാര്യമായി. എറണാകുളം ജില്ലയിൽ എട്ടുലക്ഷം അന്യസംസ്​ഥാന തൊളിലാളികൾ ഉള്ളതിൽ രണ്ടുലക്ഷം പേരെങ്കിലും പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലുമായി കഴിയുന്നുണ്ടാകും. 18-35 പ്രായക്കാരാണ് അവരിൽ മഹാഭൂരിപക്ഷവും. 400 രൂപ മുതൽ 800 രൂപ വരെയാണ് പന്ത്രണ്ടു മണിക്കൂർ വരെയെങ്കിലും നീളുന്ന ഒരുദിവസത്തിൽ ഇവരുടെ കൂലി. തടി വ്യവസായം സാമ്പത്തിക മാന്ദ്യത്തി​​​െൻറ അടിസ്​ഥാനത്തിൽ കയറ്റിറക്കങ്ങൾ നേരിട്ടപ്പോൾ നിർമാണം, കൃഷി, റോഡുപണി, കച്ചവടസ്​ഥാപനങ്ങൾ എന്നിവിടങ്ങളിൽ അന്യസംസ്​ഥാനക്കാർ ചേക്കേറി തുടങ്ങി.

‘ഭായി കാ ദുബായ്’ എന്ന വിളിപ്പേര് അക്ഷരാർഥത്തിൽ തന്നെ പെരുമ്പാവൂരിന് ചേരും. അവരുടെ നാട്ടിൽ 100 ^-150 രൂപ കൂലി കിട്ടിയിരുന്നപ്പോൾ അതി​​​െൻറ നാലിരട്ടി കിട്ടി ഇവിടെ. വെള്ളവും സിനിമാ തീയറ്ററുകളും മൊബൈൽ കടകളും നിറഞ്ഞ നാട്. കച്ചവടക്കണ്ണോടെ ആണെങ്കിലും സൗഹൃദം കാണിക്കുന്ന നാട്ടുകാർ. കൗമാരം പിന്നിട്ട് പകച്ച കണ്ണുകളോടെ ആലുവ റെയിൽവേ സ്​റ്റേഷനിൽ ഷാലിമാർ, വിവേക്, ദിബ്രുഗഡ് എക്സ്​പ്രസുകളിൽ വന്നിറങ്ങിയവർ വിലകുറഞ്ഞതെങ്കിലും മോഡേൺ ജീൻസും ടീഷർട്ടും മൊബൈൽ ഫോണും ഒക്കെയായാണ് നാട്ടിലേക്ക് തിരിച്ചുവണ്ടി കയറുന്നത്.

യു.പി ^ഡൽഹി അതിർത്തിയിലെ ഗാസിയാബാദ് ജില്ലക്കാരായ ‘ബാർബർ ഭായി’മാർ പെരുമ്പാവൂർ മാറമ്പിള്ളിയിലെ ബാർബർ ഷോപ്പിൽ പണിയെടുക്കുന്നുണ്ട്. ‘നോട്ട് ബന്ധി’ നാടാകെ ദുരിതം വിതച്ചൊരുനാൾ ബാർബർ ഷോപ്പിന് സമീപത്തെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലേക്ക് വിരൽ ചൂണ്ടി അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘കേരളത്തിൽ ഇത്രയടുത്ത് ബാങ്കുണ്ട്. അതിനാൽ ‘നോട്ട് ബന്ധി’ ബാധിച്ചിട്ടില്ല. ഞങ്ങളുടെ ഗ്രാമത്തിൽ ബാങ്കുകൾ ഇല്ല. ഉള്ളിടത്ത് കമ്പ്യൂട്ടർ, നെറ്റ് ഒക്കെ കുറവ്. അവിടെയെല്ലാം വലിയ പ്രശ്നങ്ങളാണ്’’.
 തങ്ങളുടെ നാടുകളെക്കാൾ നവീന സൗകര്യങ്ങളും മുടങ്ങാതെ പണിയും കിട്ടുമെന്നത് പെരുമ്പാവൂർ എന്ന ദുബൈയിലേക്ക് ഓരോ ദിനവും അന്യസംസ്​ഥാനക്കാരെ കൂട്ടിക്കൊണ്ടു വരികയായിരുന്നു...

ഭായിബസാർ
പതിനായിരക്കണക്കിന് വരുന്ന ഈ ഭായിമാരെ കേന്ദ്രീകരിച്ചാണ് പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളായ കണ്ടന്തറ, മുടിക്കൽ, വല്ലം, അല്ലപ്ര, കുറുപ്പുംപടി, പുല്ലവഴി, മഞ്ഞപ്പെട്ടി എന്നിവിടങ്ങളിലെയും ചെറുകിട കച്ചവടക്കാരുടെ നിലനിൽപ്പ്. ഇവർക്കായി തുറന്ന​ൂവെച്ച പറ്റുപടി ബുക്കുകൾ ഈ കടകളിൽ കാണാം. പെരുമ്പാവൂർ-പുത്തൻകുരിശ് റോഡി​​​െൻറ തുടക്കം മുതൽ രണ്ടുകിലോമീറ്ററോളം ഞായറാഴ്ചകളിൽ ഉത്തരേന്ത്യൻ തെരുവായി മാറും. ‘ഭായി ബാസാർ’ എന്ന വിളിപ്പേര് വീണ ഇവിടെ പലചരക്ക്, മൊബൈൽ ഫോൺ, ഹോട്ടൽ, പാൻമസാല, വസ്​ത്രം എന്നിങ്ങനെ നീളും ചെറുകിട സ്​ഥാപനങ്ങൾ. വഴിയോര കച്ചവടവും പൊടിപൊടിക്കും. ഒരു ആപ്പേ ഓട്ടോയിൽ മലയാളികൾ നാലുപേർ കയറുമ്പോൾ ഭായിമാർ പത്തുപേർ എങ്കിലും യാത്ര ചെയ്യും. മൂന്ന് കിലോമീറ്റർ ദൂരത്തിൽ അവരിൽ ഒരാളിൽനിന്ന് പത്തുരൂപ വീതം വാങ്ങിച്ചാൽ ഓട്ടോക്കാരന് വൻലാഭം. ഇതേ സ്​ഥിതിയാണ് ഭായിമാർക്ക് താമസസ്​ഥലം വാടകക്ക് നൽകുന്നതിലും. വലിച്ചുകുത്തിയുണ്ടാക്കുന്ന കെട്ടിടങ്ങളിൽ ഒരു മുറിയിൽ ആറുമുതൽ പത്തുപേർ വരെ കഴിയും. ഓരോരുത്തരും വാടക നൽകുമ്പോൾ കെട്ടിടമുടമക്ക് കൊള്ള ലാഭം. പാലക്കാട്ടുതാഴത്തും കണ്ടന്തറയിലും ഒറ്റപ്പെട്ട ചിലയിടത്ത് ചേരികൾ പോലെ രൂപപ്പെട്ട കോളനികളിൽ ഇവർക്കായി മദ്യവും മയക്കുമരുന്നും എത്തിച്ച് പണംതട്ടുന്ന മലയാളികളും ഏറെയുണ്ട്​.

നോട്ടുപ്രതിസന്ധി തീർത്ത സാമ്പത്തിക അനിശ്ചിതാവസ്​ഥയിൽനിന്ന് കരകയറുകയാണ് പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായം. നിറയെ ഓർഡറുകൾ ലഭിച്ചു തുടങ്ങി. ചെന്നൈ, ഡൽഹി, ഹൈദരാബാദ് മേഖലകളിലേക്കാണ് പ്ലൈവുഡുകൾ പ്രധാനമായും കയറ്റിയയക്കുന്നത്. പേയ്മ​​​െൻറ് വൈകുന്നതിലെ പ്രതിസന്ധി വലക്കുമ്പോഴും വ്യവസായം കാര്യമായി ക്ഷീണം നേരിടുന്നില്ല. ഇത് അന്യസംസ്​ഥാന തൊഴിലാളികൾക്കും ഗുണകരമായി. ഒപ്പം നിർമാണ മേഖലയിൽ പ്രതിസന്ധി കുറഞ്ഞുവരുന്നതും അവർക്ക് പ്രതീക്ഷയാണ്. പി.പി റോഡിലെ എസ്​.ബി.ഐ ശാഖയിൽ കാഷ് ഡെപ്പോസിറ്റ് യന്ത്രങ്ങൾ രണ്ടെണ്ണം വെച്ചിട്ടും നാട്ടിലേക്ക് പണം അയക്കാൻ എത്തുന്ന ഭായിമാരുടെ ക്യൂ നീളുന്നത് അതിന് തെളിവു തന്നെ.

ജിഷ വധക്കേസിൽ അസം സ്വദേശി അമീറുൾ ഇസ്​ലാം അറസ്​റ്റ് ചെയ്യപ്പെട്ടതോടെ വ്യാപകമായി ഭീതി പരന്നിട്ടുണ്ട് പ്രദേശവാസികളിൽ. അന്യസംസ്​ഥാന തൊഴിലാളികൾ ഉൾപ്പെട്ട ക്രിമിനൽ കുറ്റങ്ങൾ പെരുകുന്നതിൽ ആശങ്ക കൂടുന്നു. ഭായിമാർ കൂട്ടത്തോടെ താമസിക്കുന്നയിടങ്ങളിൽ മലയാളികൾ വാടകക്ക് പോലും കഴിയില്ല. അവർ സ്​ഥിരമായി എത്തുന്ന ഹോട്ടലുകൾ ഒഴിവാക്കും. 

മോടി കൂട്ടിയാൽ ഭായി വരില്ല
ഇതി​​​െൻറ മറുവശമായി കടകൾ മോടി കൂട്ടിയാൽ അന്യസംസ്​ഥാനക്കാർ കയറില്ലെന്ന ചൊല്ലുണ്ട് പെരുമ്പാവൂരിൽ. വലിയ വസ്​ത്രശാലകളിലും ഹോട്ടലുകളിലും മറ്റ് സ്​ഥാപനങ്ങളിലും അവരെ കാണില്ല. ഹിന്ദിയിൽ ജുമുഅ ഖുതുബയും പെരുന്നാൾ പ്രസംഗവും നടക്കുന്ന പള്ളികൾ പെരുമ്പാവൂരിൽ കാണാം. ഒപ്പം അങ്കണവാടികളിൽ ഭായിമാരുടെ കുട്ടികൾ പഠിക്കുന്നതും. 

അതേസമയം, ഈ അന്യസംസ്​ഥാന തൊഴിലാളികൾ എണ്ണത്തിൽ കൂടിയ​തോടെ അവർ തന്നെ തൊഴിൽക്ഷാമം നേരിടുകയാണ്​. രാവിലെ ആറരയോടെ പെരുമ്പാവൂർ എ.എം റോഡിൽ ചെന്നാൽ കിലോമീറ്റർ ദൂരത്തിൽ അന്യസംസ്​ഥാന തൊഴിലാളികൾ റോഡി​​​െൻറ ഇരുവശങ്ങളിലുമായി നിൽക്കുന്നത് കാണാം. മനുഷ്യച്ചന്തപോലെ. കരാറുകാർ ഇവിടെയെത്തി ആവശ്യമുള്ളവരെ ജോലിക്ക് വിളിച്ചുകൊണ്ടു പോകും. അവർ കൂലി പറയും. അതിൽ ഏറ്റവും കുറഞ്ഞത് പറയുന്നയാൾക്ക് പണി കിട്ടും. പണിയെന്നത് ഏതും. മേസൺ മുതൽ സെപ്റ്റിക്ടാങ്ക് ക്ലീനിങ് വരെ. ഒമ്പതുമണി വരെ കാത്തിരുന്നിട്ടും ആരും പണിക്ക് വിളിക്കാത്തവർ താമസയിടങ്ങളിലേക്ക് മടങ്ങും. നാളെ പുലർച്ചെ പണി കിട്ടുമെന്ന പ്രതീക്ഷയിൽ...


 

Tags:    
News Summary - perumbavoor other state labours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.