??????

ഒമാന്‍ ക്രിക്കറ്റിലെ മലയാളിത്തിളക്കം

പാട്ടുകാരനാകാന്‍ മോഹിച്ചു നടന്ന് ഒടുവില്‍ ക്രിക്കറ്ററായി മാറിയ കഥയാണ് ഒമാന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം ഷഹീറിന്‍റേത്. വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ ഗ്രാമത്തോട് ചേര്‍ന്നു കിടക്കുന്ന കായല്‍പ്പുറത്ത് ജനിച്ചു വളര്‍ന്ന ഷഹീറിന് തന്‍െറ നാടിന്‍െറ പ്രോത്സാഹനത്തെകുറിച്ച് പറയാന്‍ ഏറെയാണ്.

പഠനത്തിന്‍െറ ഇടവേളകളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കളത്തിലും മാപ്പിളപ്പാട്ടിലുമൊക്കെയായിരുന്നു ഷഹീര്‍. കായല്‍പ്പുറത്തെ കൊച്ചു കൊച്ചു കളിയിടങ്ങള്‍. സ്കൂള്‍ ഗ്രൗണ്ടുകള്‍. പിന്നെ കായിക സംഘടനകളുടെ മത്സരങ്ങള്‍ എന്നിവയിലും പതിയെ സജീവ സാന്നിധ്യമായി മാറി. ഡിഗ്രി അക്കൗണ്ടന്‍സി കഴിഞ്ഞ് ഒമാനില്‍ പ്രവാസിയായി പിതാവിനരികിലേക്ക് പറന്നു. അവിടെ ചെറിയ ജോലി തരപ്പെടുത്തുകയും ഒപ്പം എം.ബി.എ പഠനത്തിനും ശ്രമിച്ചു.

2014-2015ലെ 20:20 ലീഗ് മാച്ചില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഷഹീര്‍ നജീബിന് മാന്‍ ഒഫ് ദി മാച്ച് ട്രോഫി ഒമാന്‍ കായിക മന്ത്രി ഷേഖ് സാദ്ബിന്‍ മുഹമ്മദ് അല്‍മര്‍ദൂഫ് അല്‍സാദി സമ്മാനിക്കുന്നു
 


എം.ബി.എ കഴിഞ്ഞ് അല്‍ ഹാജിരി ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിവിഷനില്‍ സെയില്‍സ് കോഓഡിനേറ്ററായി സ്ഥിരം ജോലിയില്‍ പ്രവേശിച്ചു. അപ്പോഴും തന്നിലെ കളിക്കമ്പക്കാരന്‍െറ ആവേശം കളയാന്‍ ഷഹീര്‍ തയാറായിരുന്നില്ല. ഒഴിവുവേളകളില്‍ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടിലിറങ്ങുന്ന ശീലവും പതിവായുണ്ടായിരുന്നു. ചെറുതും വലുതുമായ നിരവധി മത്സരങ്ങളില്‍ മിക്കവയിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

മസ്കത്തില്‍ തന്നെയുള്ള ജ്യേഷ്ഠന്‍ ഷഫീഖിന്‍െറ സുഹൃത്ത് വൈശാഖിലൂടെയാണ് ക്രിക്കറ്റിന്‍െറ പുതിയ മേഖലയിലൂടെയുള്ള സഞ്ചാരം ആരംഭിക്കുന്നത്. 2012ല്‍ ഒമാന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ പ്രവേശം ലഭിച്ചു. അല്‍ ഹാഷിം പ്രോജക്ട് എന്ന കമ്പനിക്കു വേണ്ടി ലിജോയുടെ നേതൃത്വത്തിലായിരുന്നു തുടക്കം. ആ വര്‍ഷം ഒ.സി.സി.യുടെ 20 ലീഗില്‍ ചാമ്പ്യന്‍സും നോക്കൗട്ടില്‍ റണ്ണേഴ്സ് അപ്പുമായി ഷഹീറിന്‍െറ ടീം. 2013ല്‍ ടൈല്‍ മറൈന്‍ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ഓള്‍റൗണ്ടറായി. മൂന്ന് ഫിഫ്റ്റികള്‍ ഉള്‍പ്പെടെ 350 റണ്‍സ് അടിച്ചെടുത്തു.

ഒമാന്‍ ക്രിക്കറ്റ് ടീം
 


2014ല്‍ ഗ്ലോബല്‍ മണി എക്സ്ചേഞ്ചിന്‍െറ സ്പോണ്‍സര്‍ഷിപ്പില്‍ ട്വന്‍റി20 ലീഗിലും നോക്കൗട്ടിലും ടീം ജേതാവായി. നോക്കൗട്ട് ഫൈനലില്‍ സെഞ്ച്വറി നേടി മാന്‍ ഓഫ് ദ മാച്ചായി. ആ കളി  മറക്കാനാകാത്ത അനുഭവമാണെന്ന് ഷഹീര്‍ പറയുന്നു. ആ കളിയിലെ മികച്ച ഇന്നിങ്സിന് മാന്‍ ഓഫ് ദ മാച്ചും ലഭിച്ചു. ഒമാന്‍ സ്പോര്‍ട്സ് മന്ത്രിയില്‍നിന്ന് ട്രോഫി വാങ്ങാനായതും ജീവിതത്തില്‍ എന്നും ഊര്‍ജവും ആഹ്ളാദവും പകരുന്ന അനുഭവമായി. ക്രിക്കറ്റ് കരിയറിലെ മികച്ച നേട്ടങ്ങളുടെ തുടക്കവും അതായിരുന്നുവെന്ന് ഷഹീര്‍ ഓര്‍ക്കുന്നു. പിന്നീടും ഒ.സി.സിയിലൂടെ ധാരാളം അവസരങ്ങള്‍ ലഭിച്ചു.

ഒ.സി.സിയുടെ ജൂനിയര്‍ ടീമില്‍ ഇത് അഞ്ചാം വര്‍ഷമാണ് കളിക്കുന്നത്. നോക്കൗട്ട് സെമിഫൈനലിലും മികച്ച കളി പുറത്തെടുക്കാനായി. സെമി ഫൈനലില്‍ ഷഹീറിന്‍െറ ടീം വിജയിക്കുന്നത് കേവലം എട്ടു റണ്‍സിനായിരുന്നു. ഈ വര്‍ഷവും ഒ.സി.സിയുടെ വിവിധ മത്സരങ്ങളില്‍ കളിച്ചു വരുന്ന ഷഹീര്‍ ഒമാന്‍ ക്രിക്കറ്റിന്‍െറ മെയിന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്ക ുമെന്ന പ്രതീക്ഷയിലാണ്.

Tags:    
News Summary - oman cricket player Shaheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.